scorecardresearch
Latest News

ദിവസവും മൂന്നോ നാലോ പച്ച വെളുത്തുള്ളി കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

ലൈംഗികാരോഗ്യം വർധിപ്പിക്കാൻ വെളുത്തുള്ളിക്ക് കഴിയും

garlic, food, ie malayalam

നമ്മുടെയൊക്കെ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന വെളുത്തുള്ളിക്ക് ഔഷധ ഗുണങ്ങൾ നിരവധിയാണ്. ആയുർവേദത്തിൽ ചികിത്സയുടെ ഭാഗമായും വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്. ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നത് വളരെ ഗുണകരമാണ്. പ്രതിരോധശേഷി കൂട്ടാനും കൊളസ്ട്രോൾ കുറയ്ക്കാനും വെളുത്തുള്ളി സഹായിക്കും.

വെളുത്തുള്ളിയിൽ അടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. ദിവസവും മൂന്നോ നാലോ പച്ച വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. വെളുത്തുള്ളി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം.

ഹൃദയാരോഗ്യത്തിന് മികച്ചത്

ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. അവരിൽ ഭൂരിഭാഗം പേർക്കും ഉയർന്ന രക്തസമ്മർദ്ദവും കൊളസ്ട്രോൾ പ്രശ്നങ്ങളുമുണ്ട്. അലിസിന് ആൻറി-ഇൻഫ്ലമേറ്ററിയും ആന്റിഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. വെളുത്തുള്ളി കൂടുതൽ കഴിച്ചാൽ ഹൃദയാരോഗ്യം മെച്ചപ്പെടണമെന്നില്ല. ശരിയായ അളവിൽ ശരിയായ രീതിയിൽ കഴിച്ചാൽ വ്യത്യാസങ്ങൾ കാണാം.

കൊളസ്ട്രോൾ കുറയ്ക്കുന്നു

കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ആരോഗ്യകരമായ മാർഗമാണ് വെളുത്തുള്ളി. കൊളസ്ട്രോളിന്റെ ഉത്പാദനം കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിയും. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു കഴിക്കുന്നതാണ് നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു.

രക്തസമ്മർദം കുറയ്ക്കുന്നു

രക്തസമ്മർദം കുറയ്ക്കുന്നതിന് വെളുത്തുള്ളി സഹായിക്കും. ഉയർന്ന രക്തസമ്മർദമുള്ളവരും ഇതിനകം ബിപി മരുന്നുകൾ കഴിക്കുന്നവരുമാണെങ്കിൽ, വെളുത്തുള്ളി അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. രക്തസമ്മർദം നിരീക്ഷിച്ച് നിയന്ത്രിത അളവിൽ കഴിക്കാം. വെളുത്തുള്ളി മാത്രം കഴിക്കുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കില്ല. സ്ട്രെസ് ലെവലുകൾ നിയന്ത്രിക്കുക, മറ്റ് ജീവിതശൈലി മാറ്റങ്ങൾക്കൊപ്പം വ്യായാമവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക

പ്രമേഹത്തിന് മികച്ചത്

പ്രമേഹരോഗിയാണെങ്കിൽ വെളുത്തുള്ളി നിങ്ങൾക്ക് അത്യുത്തമമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനു മുമ്പ് ഡോക്ടറുമായി സംസാരിക്കുക.

ലൈംഗിക ആരോഗ്യം വർധിപ്പിക്കുന്നു

ജനനേന്ദ്രിയങ്ങളിലേക്കുള്ള രക്തയോട്ടം ഉത്തേജിപ്പിച്ച് ലൈംഗികാരോഗ്യം വർധിപ്പിക്കാൻ വെളുത്തുള്ളിക്ക് കഴിയും. ആരോഗ്യകരമായ ബീജങ്ങളുടെ എണ്ണം (പുരുഷന്മാരിൽ) നിലനിർത്താനും പുരുഷന്മാരിലും സ്ത്രീകളിൽ ലിബിഡോ വർധിപ്പിക്കാനും സഹായിക്കും.

വെളുത്തുള്ളിക്ക് ആരോഗ്യ ഗുണങ്ങൾ ഏറെയാണെങ്കിലും എപ്പോഴും നിങ്ങളുടെ ആരോഗ്യ വിദഗ്ധരുമായി കൂടിയാലോചിച്ചശേഷം മിതമായ അളവിൽ മാത്രം കഴിക്കുക.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Five reasons to start eating raw garlic today