രാത്രിയിൽ മതിയായ ഉറക്കം ലഭിക്കാത്തത് ഗുരുതരമായ രോഗാവസ്ഥകൾക്ക് കാരണമാകുമെന്ന് പുതിയ പഠനം. അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് വിട്ടുമാറാത്ത രണ്ടു രോഗങ്ങളെങ്കിലും ഉണ്ടാകാനുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് യുസിഎൽ ഗവേഷകരുടെ നേതൃത്വത്തിലുള്ള ഒരു പുതിയ പഠനം പറയുന്നു. പിഎൽഒഎസ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
50, 60, 70 വയസ്സിലുള്ള ഏഴായിരത്തിലധികം പുരുഷന്മാരിലും സ്ത്രീകളിലുമാണ് പഠനം നടത്തിയത്. ഇവരുടെ ആരോഗ്യത്തിൽ ഉറക്ക സമയം എങ്ങനെ ബാധിക്കുമെന്നാണ് പഠനം ലക്ഷ്യമിട്ടത്. ഓരോരുത്തരും എത്ര നേരം ഉറങ്ങുന്നു, മരണനിരക്ക്, 25 വർഷത്തിനിടയിൽ ഹൃദ്രോഗം, കാൻസർ, പ്രമേഹം എന്നിങ്ങനെ രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങൾ അവർക്ക് കണ്ടെത്തിയിട്ടുണ്ടോ എന്നതും തമ്മിലുള്ള ബന്ധം ഗവേഷകർ പരിശോധിച്ചു.
അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്ന 50 വയസിനു താഴെയുള്ളവരിൽ വിട്ടുമാറാത്ത രോഗം ഉണ്ടാകാനുള്ള സാധ്യത 20% കൂടുതലാണ്. ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഇവർക്ക് 25 വർഷത്തിനുള്ളിൽ രണ്ടോ അതിലധികമോ വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 40% കൂടുതലാണെന്ന് പഠനത്തിൽ കണ്ടെത്തി.
50, 60 70 വയസുള്ളവരിൽ അഞ്ചു മണിക്കൂറോ അതിൽ താഴെയോ ആണ് ഉറക്ക സമയമെങ്കിൽ, ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ മൾട്ടിമോർബിഡിറ്റി സാധ്യത 30% മുതൽ 40% വരെ വർധിപ്പിക്കും. 50 വയസ്സിൽ അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നത് 25 വർഷത്തിനുള്ളിൽ 25% മരണ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി.
ആളുകൾ പ്രായമാകുമ്പോൾ, അവരുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു. എങ്കിലും, രാത്രിയിൽ 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക. ഇതിന് മുകളിലോ താഴെയോയുള്ള ഉറക്കത്തിന്റെ ദൈർഘ്യം വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ.സെവെറിൻ സാബിയ (UCL ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് ഹെൽത്ത്, ആൻഡ് ഇൻസെം, യൂണിവെർസൈറ്റ് പാരീസ് സൈറ്റ്) പറഞ്ഞു. ഉറക്ക ദൈർഘ്യം മൾട്ടിമോർബിഡിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഞങ്ങളുടെ കണ്ടെത്തലുകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.