രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണ് പ്രമേഹം. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന്, ഭക്ഷണ കാര്യത്തിൽ കർശന നിയന്ത്രണം ഉണ്ടായിരിക്കണം. കൂടാതെ, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. പ്രമേഹമുള്ളവർക്ക് വേണ്ടി പ്രത്യേക ഡയറ്റൊന്നും ഇല്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് വേണ്ടത്.
പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ആരോഗ്യകരമായ 5 ഭക്ഷണങ്ങളെക്കുറിച്ച് പറയുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത്. ”പ്രമേഹമുള്ളപ്പോൾ കഴിക്കാൻ ഏറ്റവും നല്ല ഭക്ഷണങ്ങൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. നിങ്ങളുടെ പ്രധാന ലക്ഷ്യം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായിരിക്കണം,” ലവ്‌നീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
- നെല്ലിക്ക
ഇൻസുലിൻ ഉൽപ്പാദിപ്പിക്കപ്പെടുന്ന പാൻക്രിയാസിൽ സ്വാധീനം ചെലുത്തുന്ന ക്രോമിയം നെല്ലിക്കയിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു.
- വേപ്പ്
ഫ്ലേവനോയ്ഡുകൾ, ട്രൈറ്റെർപെനോയിഡുകൾ, ആൻറിവൈറൽ സംയുക്തങ്ങൾ, ഗ്ലൈക്കോസൈഡുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന വേപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കും. പ്രമേഹമുള്ളവർക്ക് ഇതേറെ ഗുണം ചെയ്യും.
- ഞാവൽ പഴം
ഈ പഴത്തിന് പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ട്. ഞാവൽ പഴത്തിൽ ജാംബോളിൻ എന്ന പ്രധാന ഗ്ലൈക്കോസൈഡ് ഉണ്ട്. ഇത് അന്നജത്തെ പഞ്ചസാരയായി മാറ്റുന്നത് തടയുന്നു, അതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ പ്രമേഹമുള്ളവർ നിർബന്ധമായും ഭക്ഷണത്തിൽ ഞാവൽ പഴം ഉൾപ്പെടുത്തണം.
- കറുവാപ്പട്ട
കറുവാപ്പട്ട പ്രമേഹത്തെ ചെറുക്കാൻ സഹായിക്കും. ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിച്ച്, കോശങ്ങളിലേക്ക് കൂടുതൽ ഗ്ലൂക്കോസ് മാറ്റി രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും.
- പാവയ്ക്ക
പാവയ്ക്ക ഇഷ്ടമില്ലെന്നു കരുതി കഴിക്കാതിരുന്നാൽ, നിങ്ങൾ നഷ്ടപ്പെടുത്തുന്നത് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളാണ്. ഇതിൽ ചരാന്റിൻ, വിസിൻ, ഗ്ലൈക്കോസൈഡുകൾ, അരബിനോസൈഡുകൾ തുടങ്ങിയ കയ്പേറിയ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.