ശരീരഭാരം കുറയ്ക്കുമ്പോൾ, ആളുകൾ കൂടുതലും ശ്രദ്ധ വയ്ക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിലാണ്. ഫ്ലാറ്റായ വയർ പലരുടെയും ഫിറ്റ്നസ് ലക്ഷ്യമാണ്, പക്ഷേ അത് നേടുന്നതിന് ഏത് വഴിയാണ് സ്വീകരിക്കേണ്ടതെന്ന് അവർക്ക് പലപ്പോഴും അറിയില്ല.
ഫ്ലാറ്റായ വയർ നിലനിർത്തുക എന്നതിനർത്ഥം മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുക എന്നാണെന്നാണ് ഡയറ്റീഷ്യൻ നടാഷ മോഹന്റെ അഭിപ്രായം. “ഡയറ്റിങ് ചെയ്യുമ്പോൾ വയറിലെ കൊഴുപ്പ് മാത്രം ലക്ഷ്യമിടുന്നത് എളുപ്പമല്ല. എന്നാൽ മൊത്തത്തിൽ ശരീരഭാരം കുറയ്ക്കുന്നത് വയറിലെ കൊഴുപ്പ് അടക്കമുള്ളവ കുറയ്ക്കാൻ സഹായിക്കും,” അവർ പറഞ്ഞു.
പഞ്ചസാര, മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക
പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ നല്ലതല്ല. അവ കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുക. മധുരമുള്ള പാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. എന്നാൽ നാരുകളുള്ളതും ആരോഗ്യകരവുമായ പഴങ്ങൾക്ക് ഇത് ബാധകമല്ല.
കാർബോഹൈഡ്രേറ്റ് കുറയ്ക്കുക
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോൾ വിശപ്പ് കുറയുമെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് ആരോഗ്യത്തോടെ നിലനിർത്തുകയും ടൈപ്പ് II പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പഞ്ചസാര, മിഠായികൾ, വൈറ്റ് ബ്രെഡ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുക.
നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക
ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള സസ്യഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും നല്ല മാർഗം. ഓട്‌സും പയർവർഗ്ഗങ്ങളും നാരുകളുടെ മികച്ച ഉറവിടങ്ങളാണ്.
പതിവായി വ്യായാമം ചെയ്യുക
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീര ഭാരവും വയറിലെ കൊഴുപ്പും കുറയ്ക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വ്യായാമം. നടത്തം, ഓട്ടം, നീന്തൽ തുടങ്ങിയ വ്യായാമങ്ങൾ വയറിലെ കൊഴുപ്പ് കുറയ്ക്കും.
ട്രാക്ക് ചെയ്യുക
ഉയർന്ന പ്രോട്ടീനും, കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണം കഴിച്ചാലും, ഭക്ഷണത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്നില്ലെങ്കിൽ കാര്യമില്ല. പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുക അല്ലെങ്കിൽ കാർബോഹൈഡ്രേറ്റ് കുറയ്ക്കുക തുടങ്ങിയവ ശ്രദ്ധിക്കാൻ ട്രാക്കിങ് സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ആരോഗ്യകരമായ രീതിയിൽ ശരീര ഭാരം കുറയ്ക്കാം; ചില ടിപ്‌സുകൾ