പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഫലമില്ലാതെ വായ്നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ചിലരുണ്ട്. വായിൽ ബാക്ടീരിയ അടിഞ്ഞുകൂടുന്നത് മൂലമാണ് വായ്നാറ്റം ഉണ്ടാകുന്നത്. വെള്ളം കുടിക്കുന്നത് കുറയുക, ഇടയ്ക്കിടെയുള്ള ഭക്ഷണം, കുടലിന്റെ മോശം ആരോഗ്യം, വിട്ടുമാറാത്ത മലബന്ധം, ഹൈപ്പർ അസിഡിറ്റി, ഉറങ്ങുമ്പോൾ വായിലൂടെ ശ്വസിക്കുക തുടങ്ങിയ കാരണങ്ങളെല്ലാം വായ്നാറ്റത്തിന് കാരണമാകുമെന്ന് ആയുർവേദ ഡോ.ദിക്സ ഭാവ്സർ പറഞ്ഞു.
വായ്നാറ്റത്തിന്റെ കാരണം കണ്ടെത്തി അത് മാറ്റുന്നതാണ് ഏറ്റവും നല്ല ചികിത്സ. അതുവരെ, വായ്നാറ്റം തടയാൻ ഈ 5 ടിപ്സുകൾ സഹായിക്കുമെന്ന് അവർ പറഞ്ഞു.
ദിവസത്തിൽ രണ്ടുതവണ പല്ലു തേയ്ക്കുക (രാവിലെയും വൈകീട്ടും)
രാവിലെ പല്ലു തേയ്ക്കുന്നതിലൂടെയും നാവ് വൃത്തിയാക്കുന്നതിലൂടെയും ഒറ്റരാത്രികൊണ്ട് വായിൽ അടിഞ്ഞുകൂടിയ എല്ലാ വിഷവസ്തുക്കളെയും ഇല്ലാതാക്കാൻ സഹായിക്കുന്നു. രാത്രിയിൽ ഇത് ചെയ്യുന്നത് ദന്താരോഗ്യം ഉറപ്പാക്കുന്നു, ഇത് കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്.
ഭക്ഷണശേഷം പെരുംജീരകം കഴിക്കുക
പെരുംജീരകം ദഹിപ്പിക്കുന്ന സ്വഭാവമുള്ളതും ഫ്ലേവനോയ്ഡുകൾ അടങ്ങിയതുമാണ്. പെരുംജീരകത്തിന് ഒരു സുഗന്ധമുണ്ട്, ഇത് പലപ്പോഴും വായ്നാറ്റത്തെ ചെറുക്കാൻ സഹായിക്കുന്നു.
ഭക്ഷണത്തിനു ശേഷം ഗാർഗ്ലിങ് ചെയ്യുക
ഉപാപചയപ്രവർത്തനത്തെ മന്ദഗതിയിലാക്കുമെന്നതിനാൽ ഭക്ഷണത്തിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കാൻ ആയുർവേദം ശുപാർശ ചെയ്യുന്നില്ല. എന്നാൽ ഭക്ഷണത്തിന് ശേഷം വെള്ളം ഉപയോഗിച്ച് വായ് വൃത്തിയാക്കേണ്ടത് നിർബന്ധമാണ്. അതിനാൽ കുറച്ച് വെള്ളം വായിൽ നിറച്ച് 2-3 മിനിറ്റ് നേരം കഴുകുക. ഭക്ഷണ അവശിഷ്ടങ്ങൾ വായിൽ അവശേഷിക്കുന്നില്ലെന്നും കുടുങ്ങിയിട്ടില്ലെന്നും ഉറപ്പാക്കുക.
ഭക്ഷണം ശരിയായി കഴിക്കുക
ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കുന്നതുമൂലം ഭക്ഷണം വായിൽ കുടുങ്ങി കിടക്കാനുള്ള സാധ്യത കൂടുതലാണ്. എന്തെങ്കിലും കഴിച്ചതിനുശേഷം എപ്പോഴും ബ്രഷ് ചെയ്യുന്നത് അപ്രായോഗികമാണ്. അതിനാൽ വായയുടെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും, മൂന്ന് തവണ ശരിയായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും ലഘുഭക്ഷണം കഴിക്കുന്നത് നിർത്തുക. ഭക്ഷണം കഴിക്കുന്നതിനിടയിൽ കുറഞ്ഞത് മൂന്ന് മണിക്കൂർ ഇടവേള നിലനിർത്തുന്നത് നല്ലതാണ്.
ആവശ്യത്തിന് വെള്ളം കുടിക്കുക
ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും, പ്രത്യേകിച്ച് വായുടെ ആരോഗ്യത്തിനും വെള്ളം നിർബന്ധമാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പല്ല് തേക്കാൻ വേപ്പിൻ തണ്ട് അല്ലെങ്കിൽ പേസ്റ്റ് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ