പാമ്പു കടിയേറ്റാൽ ഉടൻ ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണ്. വിഷവൈദ്യം, പച്ചമരുന്ന് തുടങ്ങിയവ ചെയ്ത് സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്താണ്. പലപ്പോഴും വിഷമില്ലാത്ത പാമ്പുകളാണ് കടിക്കാറുളളത്. വിഷമുളള പാമ്പ് കടിച്ചാലും മരണം ഉടനടി സംഭവിക്കില്ല. അതിനാൽ തന്നെ പാമ്പു കടിയേറ്റയാൾക്ക് ധൈര്യം നൽകുക.

പാമ്പു കടിയേറ്റാൽ ഉടനടി ചെയ്യേണ്ടതെന്താണെന്ന് ലോകാരോഗ്യ സംഘടന പറയുന്ന കാര്യങ്ങൾ

  • പാമ്പ് കടിയേറ്റ ആളെ സമാധാനിപ്പിക്കുക. പേടിക്കുന്നത് രക്തസമ്മർദം ഉയർന്ന് വിഷം വേഗം രക്തത്തില്‍ കലരാന്‍ കാരണമാകും.
  • കടിയേറ്റ വ്യക്തിയെ കിടത്തുക. കടിയേറ്റ കൈ/കാല്‍ ഇളകാതിരിക്കാന്‍ സ്‌പ്ലിൻറ്റ് ഉപയോഗിച്ച് കെട്ടിവയ്ക്കാം. തുണി/ബാൻഡേജ് പോലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൈ കഴുത്തില്‍ തൂക്കിയിടുന്നതും സ്കെയില്‍/പലക പോലുള്ള ഉറപ്പുള്ള സാധനം വച്ച് പാമ്പു കടിയേറ്റ കൈയ്യോ കാലോ ചേര്‍ത്ത് വച്ച് വീതി ഉള്ള തുണി കൊണ്ട് ചുറ്റി കെട്ടുന്നതും വിഷം പടരാതിരിക്കാൻ സഹായകരമാണ്.
  • മുറിവിൽ അമര്‍ത്തുകയോ/തടവുകയോ/മുറിവ് വലുതാക്കുകയോ ചെയ്യരുത്.
  • രോഗിയെ നടത്തിക്കാതെ ഉറപ്പുള്ള ഒരു പ്രതലത്തില്‍ (പലക, സ്ട്രെച്ചര്‍, മുതലായവ) കിടത്തി ഉടനെ ആശുപത്രിയില്‍ എത്തിക്കുക.
  • വിഷവൈദ്യം, പച്ച മരുന്ന് തുടങ്ങിയവ ചെയ്തു സമയം കളയുന്നത് രോഗിയുടെ ജീവന് ആപത്താണ്. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. കടിച്ച പാമ്പ് വിഷം ഉള്ളതാണോ എന്നറിയാനുള്ള പരിശോധനകള്‍ ആശുപത്രിയില്‍ ലഭ്യമാണ്.
  • കടിച്ച പാമ്പിനെ തിരഞ്ഞു സമയം കളയേണ്ടതില്ല. പാമ്പിനെ കിട്ടുന്നത് ചികിത്സയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കില്ല.
  • ശരീരത്തിന്റെ കടിയേറ്റ ഭാഗത്ത് നിന്ന് ഇറുകിയ എന്തും നീക്കംചെയ്യുക (മോതിരം, വളകൾ, വാച്ച് പോലുളളവ). ഇവ നീക്കം ചെയ്തില്ലെങ്കിൽ നീരു വരികയും അതുമൂലം ജീവൻ അപകടത്തിലാവുകയും ചെയ്യും.
  • പ്രഷർ പാഡ് ഉപയോഗിച്ച് കടിയേറ്റ സ്ഥലത്ത് മർദം പ്രയോഗിക്കുന്നത് ചില സന്ദർഭങ്ങളിൽ ഉചിതമായിരിക്കും.
  • എത്രയും വേഗം വ്യക്തിയെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുക.
  • രോഗിയുടെ ശ്വാസോച്ഛാസം ശ്രദ്ധിക്കുക. ശ്വാസതടസമുണ്ടെങ്കിൽ കൃത്രിമ ശ്വാസോച്ഛാസം നൽകണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook