ആഘോഷങ്ങളിൽ മധുരം ഒഴിവാക്കാനാവാത്തതാണ്. വീട്ടിൽ തയ്യാറാക്കിയ രുചികരമായ മധുപലഹാരങ്ങൾ ആസ്വദിക്കാതിരിക്കാൻ ആർക്കുമാകില്ല. ഇത് ചിലപ്പോൾ ശരീര ഭാരം കുറച്ച് കൂട്ടിയേക്കാം. എന്നാൽ, ഇഷ്ടമുള്ളതെന്തും കഴിച്ചും ശരീര ഭാരം നിയന്ത്രിക്കാവുന്നതാണ്. ഇതിനായ് സിംപിൾ ഒരു ട്രിക്ക് പ്രയോഗിച്ചാൽ മതി. ആ സൂത്രവിദ്യ എന്താണ്?. ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗർവാൾ ഇതിനുള്ള ഉത്തരം നൽകും.
ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണ് ആ സൂത്രവിദ്യ. ഡയറ്റും, കലോറി നിയന്ത്രണവും, ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചേക്കും. എന്നാൽ അനാവശ്യ ശരീര ഭാരം ഒഴിവാക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക എന്നതാണെന്ന് നമാമി പറയുന്നു. ഓരോ തവണ ഭക്ഷണം കഴിക്കുമ്പോഴും അളവ് കൂടുന്നില്ലെന്ന് ഉറപ്പാക്കുക, പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ. അളവ് നിയന്ത്രണം ഒരാളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ടിപ്സുകളും അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
* ഭക്ഷണം കഴിക്കുന്നതിനു മുൻപ് ലഘുഭക്ഷണം എന്തെങ്കിലും കഴിക്കുക; ഒരു പാത്രം സാലഡ്, മുളപ്പിച്ച പയർവർഗങ്ങൾ, പഴങ്ങൾ. ഇത് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി കഴിക്കുന്നത് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
* ഉച്ചഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. അങ്ങനെ ചെയ്താൽ വിശപ്പ് വർധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാൻ ഇടയാക്കുകയും ചെയ്യും.
* പാത്രത്തിന്റെ പകുതിയോളം പച്ചക്കറികൾ ഉൾപ്പെടുത്തുക
* ചെറിയ പാത്രത്തിൽ കഴിക്കുക. ഭക്ഷണം വിളമ്പാനും ചെറിയ സ്പൂണുകൾ ഉപയോഗിക്കുക. ഇതിലൂടെ ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കാനാകും.
* പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ എപ്പോഴും ഏതെങ്കിലും വിഭവത്തിന്റെ ഹാഫ് പ്ലേറ്റ് മാത്രം ഓർഡർ ചെയ്യുക.
* ഇഷ്ടമുള്ള വിഭവങ്ങളെല്ലാം ഒരുമിച്ച് കഴിക്കരുത്. ഓരോന്നായി കഴിക്കുക. ഇത് അമിതാസക്തി തടയും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.