രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാണ് പ്രമേഹ രോഗികൾ ഏറെ ശ്രമിക്കുന്നത്. ഇതിനായ് ഭക്ഷണത്തിൽ പല നിയന്ത്രണങ്ങളും വരുത്താറുണ്ട്. എന്നാൽ ഏതാനും തുള്ളി നാരങ്ങ നീര് ഉപയോഗിച്ച് പ്രമേഹ രോഗികൾക്ക് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സാധിക്കും. നാരങ്ങ നീര് എങ്ങനെ പീക്ക് ബ്ലഡ് ഗ്ലൂക്കോസിനെ ഗണ്യമായി കുറയ്ക്കുകയും ആ പീക്ക് 35 മിനിറ്റിലധികം വൈകിപ്പിക്കുകയും ചെയ്യുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം തെളിയിച്ചിട്ടുണ്ട്.
അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പോലും പ്രമേഹത്തിനുള്ള സൂപ്പർഫുഡായി നാരങ്ങയെ പണ്ടേ കണക്കാക്കിയിട്ടുണ്ട്. ഇത് കുറഞ്ഞ ജിഐ (ഗ്ലൈസീമിക് ഇൻഡക്സ്) ഭക്ഷണമാണ്. ശരിയായ രീതിയിൽ ഭക്ഷണത്തിൽ നാരങ്ങ ചേർക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
വിറ്റാമിൻ സി, നാരുകൾ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ ഒരു ശക്തികേന്ദ്രമാണ് നാരങ്ങയെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ.സ്മിത ഭോയർ പാട്ടീൽ പറഞ്ഞു.
“രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കുന്നതിന് അതിന്റെ കുറഞ്ഞ ഗ്ലൈസീമിക് സൂചിക സഹായിക്കുന്നു. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മെച്ചപ്പെട്ട ഉപാപചയ പ്രവർത്തനത്തിന് സഹായിക്കുന്നു. നാരങ്ങ നീരിൽ കലോറിയുടെ എണ്ണം വളരെ കുറവാണ്, ഇത് പ്രമേഹ രോഗികൾക്ക് കഴിക്കാൻ അനുയോജ്യമാണ്. നാരങ്ങ നീരിലെ വൈറ്റമിൻ സി ഇൻസുലിന്റെ അളവും നിയന്ത്രിക്കുന്നു. ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്ന നാരുകൾ നാരങ്ങയിൽ നിറഞ്ഞിരിക്കുന്നു,” ഡോ. പാട്ടീൽ പറഞ്ഞു.
ഭക്ഷണത്തിൽ നാരങ്ങ നീര് ചേർക്കുന്നതിനുള്ള 5 വഴികൾ
- ഭക്ഷണത്തിൽ കുറച്ച് തുള്ളി നാരങ്ങ നീര് പിഴിഞ്ഞ് ചേർക്കുക. ചോറോ, കറിയോ, പാസ്തയോ, ഏത് ഭക്ഷണത്തിലും കുറച്ച് തുള്ളി നാരങ്ങ നീര് ചേർക്കാം. ഇത് ഭക്ഷണത്തിന് നല്ല സ്വാദും മണവും നൽകും. സലാഡുകൾ കൂടുതൽ രുചികരമാക്കാൻ നാരങ്ങ നീര് ചേർക്കാം.
- ഒഴിഞ്ഞ വയറ്റിൽ ഒരു ഗ്ലാസ് നാരങ്ങ നീര് ചേർത്ത വെള്ളം കുടിക്കുന്നത് ഏറ്റവും മികച്ച ഔഷധമാണ്. നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോൾ ചൂടുവെള്ളം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നാരങ്ങയുടെ പരമാവധി ഗുണങ്ങൾ കിട്ടാൻ പഞ്ചസാരയോ മറ്റ് മധുരമോ ചേർക്കരുത്.
- നാരങ്ങ കഷ്ണങ്ങൾ ഉപയോഗിച്ച് വെള്ളം ഉണ്ടാക്കുക. ദിവസം മുഴുവൻ ഈ വെള്ളം കുടിക്കുന്നത് തുടരുക. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നു.
- സാലഡിൽ നാരങ്ങ നീര് ചേർക്കുന്നത് മറ്റൊരു ആരോഗ്യകരമായ മാർഗമാണ്. ഇത് സാലഡിന്റെ രുചി കൂട്ടുകയും ശരീരഭാരം കുറയ്ക്കാനുള്ള ശക്തമായ ഘടകമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അസിഡിറ്റി ഉള്ളതിനാൽ നാരങ്ങ നീര മിതമായ അളവിൽ സാലഡിൽ ചേർത്ത് കഴിക്കുക.
- ചോറ്, ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, ചോളം തുടങ്ങിയ അന്നജം അടങ്ങിയ ഭക്ഷണങ്ങളിൽ നാരങ്ങ നീര് ചേർക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവ് കുറയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യും. ചില പച്ചക്കറികൾ നാരങ്ങ നീര് ചേർത്ത് വഴറ്റിയെടുക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.