കുങ്കുമപ്പൂവിന്റെ മണവും രുചിയും ആരും ഇഷ്ടപ്പെട്ടു പോകും. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ഈ സുഗന്ധവ്യജ്ഞനം. ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂ ചേർക്കുന്നതിലൂടെ നിറയെ ഗുണങ്ങൾ ലഭിക്കും. കുങ്കുമപ്പൂവിന്റെ ചില ഗുണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് ലവ്നീത് ബത്ര.
1. ആർത്തവത്തിനു മുൻപായി സ്ത്രീകളിലുണ്ടാവുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം ലക്ഷണങ്ങളായ ദേഷ്യം, തലവേദന, വേദന, ഉത്കണ്ഠ തുടങ്ങിയവ അകറ്റാൻ കുങ്കുമപ്പൂ കഴിക്കുന്നത് സഹായിക്കുന്നു.
2. ഫെർട്ടിലിറ്റി മെച്ചപ്പെടുത്തുന്നു. കുങ്കുമപ്പൂവ് പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക ശേഷിയും ലൈംഗിക സംതൃപ്തിയും വർദ്ധിപ്പിക്കും.
3. കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
4. കുങ്കുമപ്പൂവിന്റെ ഔഷധഗുണം കാരണം ഗർഭിണികൾക്ക് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. കുങ്കുമപ്പൂവിന്റെ ആന്റീഡിപ്രസന്റ് പ്രവർത്തനം ഗർഭകാലത്ത് ഉണ്ടാകുന്ന മൂഡ് സ്വിങ്സിനെ കുറയ്ക്കാൻ സഹായിക്കുന്നു. കുങ്കുമപ്പൂവ് ദഹനത്തിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
5. ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ കുങ്കുമപ്പൂവ് ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകും.
കുങ്കുമപ്പൂ എങ്ങനെയൊക്കെ ഉപയോഗിക്കാം
- കുങ്കുപ്പൂ ഉപയോഗിച്ച് ചായ ഉണ്ടാക്കാം
- ചൂട് പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്
- ചില വിഭവങ്ങൾക്കൊപ്പം കുങ്കുമപ്പൂ ചേർക്കാം
ദിവസവും 1.5 ഗ്രാം കുങ്കുമപ്പൂ ഉപയോഗിക്കാം. എന്നാൽ അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് പറഞ്ഞു.
Read More: കട്ടൻ ചായയുടെ 7 ഗുണങ്ങൾ