ക്ഷീണം തോന്നുമ്പോഴൊക്കെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നതിലേക്കാണ് നമ്മളിൽ പലരുടെയും ചിന്ത പോകുന്നത്. അവ കുടിച്ചതിനുശേഷം നമുക്ക് ഊർജസ്വലത അനുഭവപ്പെടുമെങ്കിലും ദീർഘനേരം നീണ്ടുനിൽക്കില്ല, കുറച്ചു കഴിയുമ്പോൾ വീണ്ടും ക്ഷീണം തോന്നും. നിരന്തരമായ ക്ഷീണം ചിലപ്പോൾ മറ്റ് രോഗാവസ്ഥകളുടെ ലക്ഷണമോ പോഷകങ്ങളുടെ കുറവോ ആകാം.
ചില സമയങ്ങളിൽ തെറ്റായ ഭക്ഷണ തിരഞ്ഞെടുപ്പുകളുടെ ഫലമാകാം. ക്ഷീണം തോന്നുമ്പോൾ ഊർജം വീണ്ടെടുക്കാൻ ഏതെങ്കിലും തരത്തിലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് അളവ് താത്കാലികമായി ഉയരുന്നതിലേക്ക് മാത്രമേ അവ നയിക്കുന്നുള്ളൂ. ഇവയ്ക്കു പകരം ഉന്മേഷം നൽകുന്ന പ്രകൃതിദത്ത പാനീയങ്ങളും ജ്യൂസുകളും തിരഞ്ഞെടുക്കുക.
- ബനാന മിൽക്ക്ഷെയ്ക്ക്/സ്മൂത്തി
വാഴപ്പഴത്തിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അവയിൽ നാരുകളും ഉയർന്നതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. രാവിലെ വാഴപ്പഴം കഴിക്കുന്നത്, കാർബോഹൈഡ്രേറ്റുകളും പോഷകങ്ങളും ലഭിക്കാൻ സഹായിക്കുന്നു. തൈര്, പാൽ, ബദാം, മറ്റ് പഴങ്ങൾ/പച്ചക്കറികൾ എന്നിവയുമായി വാഴപ്പഴം യോജിപ്പിക്കാം. ദഹനസംബന്ധമായ ആരോഗ്യത്തിനും അവ മികച്ചതാണ്. വാഴപ്പഴം കഴിക്കുന്നത് സാധാരണ കുടൽ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
- വീട്ടിൽ തയ്യാറാക്കിയ ഹെർബൽ ടീ
ഹെർബൽ ടീ എപ്പോഴും വീട്ടിൽ തയ്യാറാക്കുന്നതാണ് നല്ലത്. ഹെർബൽ ടീ തയ്യാറാക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം ഗ്രീൻ ടീ ഉണ്ടാക്കിയശേഷം ഏലക്ക, ഇഞ്ചി, മഞ്ഞൾ എന്നിവ ചേർക്കുന്നതാണ്. ഈ സുഗന്ധവ്യഞ്ജനങ്ങൾ ചെറുചൂടുള്ള വെള്ളത്തിലും ചേർക്കാം. ഇവ ഉപാപചയപ്രവർത്തനവും രക്തചംക്രമണവും ഊർജ നിലയും വർധിപ്പിക്കും. ഈ ചായ രാവിലെയോ ഉറങ്ങാൻ പോകുന്നതിനു മുമ്പോ ആസ്വദിക്കാം. ക്ഷീണം മറികടക്കാനും സഹായിക്കും.
- മാതള നാരങ്ങ ജ്യൂസ്
വിറ്റാമിനുകളും (സി, കെ, ഇ) ധാതുക്കളും (മാംഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്) എന്നിവയാൽ സമ്പുഷ്ടമാണ് മാതള നാരങ്ങ. ഇത് രക്തസമ്മർദവും കൊളസ്‌ട്രോളും കുറയ്ക്കുമ്പോൾ ഊർജത്തിന്റെ അളവ് വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാതള നാരങ്ങ ജ്യൂസിൽ അൽപം ചെറുനാരങ്ങ നീരും ചേർത്ത് ആസ്വദിക്കാം.
- ചിയ വീത്തുകൾ ചേർത്ത തണ്ണിമത്തൻ ജ്യൂസ്
തണ്ണിമത്തൻ ജ്യൂസിൽ വിറ്റാമിൻ സി മാത്രമല്ല, ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഉന്മേഷദായകമായ ഈ പാനീയം ശരീരം തണുപ്പിക്കുന്നതിനും ഊർജ്ജസ്വലമായും നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്. ചിയ വിത്തുകൾ കുതിർത്തത് കുടിക്കുന്നതിന് മുമ്പായി ജ്യൂസിൽ ചേർക്കാം. ചിയ വിത്തിൽ ആരോഗ്യകരമായ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
- കരിക്കിൻ വെള്ളം
തിളങ്ങുന്ന ചർമ്മം മുതൽ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വരെ തുടങ്ങി ഈ പ്രകൃതിദത്ത പാനീയം ശരീരത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.