നിങ്ങൾക്ക് എല്ലായ്‌പ്പോഴും ക്ഷീണവും പ്രസരിപ്പില്ലായ്മയും അനുഭവപ്പെടുന്നുണ്ടോ? പലപ്പോഴും അസുഖങ്ങളുടെ പൊതുവായ ലക്ഷണമാണ് ക്ഷീണമെന്നത്. അതുകൊണ്ട് തന്നെ തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ ഗൗനിക്കാതെ വിടരുത്. ക്ഷീണം പലപ്പോഴും ശാരീരിക അവസ്ഥകളുമായി ബന്ധപ്പെട്ടാവാം വരുന്നത്. ആവശ്യമായ ഉറക്കം കിട്ടാത്തതോ, തൈറോയിഡ് പ്രശ്നങ്ങളോ,​ വിളർച്ചയോ ഒക്കെ ക്ഷീണത്തിന് കാരണമാവാറുണ്ട്.

മതിയായ ഉറക്കം കിട്ടുന്നുണ്ടോ?

ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോഴും ശരീരത്തിന് ക്ഷീണം അനുഭവപ്പെടാം. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഉറക്കസമയം ക്രമീകരിക്കുകയും വേണം. പ്രായപൂർത്തിയായ ഒരു മനുഷ്യന് രാത്രി കുറഞ്ഞത് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറക്കം അത്യാവശ്യമാണ്.

വിളർച്ച

ഭക്ഷണത്തിലൂടെ ആവശ്യമായ അയേൺ ശരീരത്തിൽ എത്താതിരിക്കുമ്പോൾ വിളർച്ചയുണ്ടാകും. അനീമിക് ആയ വ്യക്തിയ്ക്ക് എപ്പോഴും ക്ഷീണം തോന്നുന്നതും സ്വാഭാവികം. ശരീരത്തിന് വിളർച്ച വരുമ്പോൾ രക്തം ശരീരത്തിലേക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കാതെ വരും. ഇത്തരം അവസ്ഥകളിൽ സ്വയം രോഗം നിർണയിക്കാൻ പറ്റുന്നില്ലെങ്കിൽ ഡോക്ടറെ കാണുക.

തൈറോയ്ഡ് പ്രശ്നങ്ങൾ

വിളർച്ചയെ പോലെ തന്നെ തൈറോയ്ഡ് പ്രശ്നങ്ങളും ശരീരത്തിന് ക്ഷീണമുണ്ടാക്കും. ശരീരത്തിലേക്ക് ആവശ്യമായ പ്രധാനപ്പെട്ട ചില ഹോർമോണുകൾ ഉദ്പാദിപ്പിക്കുന്നത് തൈറോയിഡ് ഗ്രന്ഥികളാണ്. ഇവ പ്രവർത്തനരഹിതമാകുമ്പോൾ ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിലേക്ക് നയിക്കും. ക്ഷീണത്തിനു പുറമെ ഹൈപ്പോതൈറോയിഡിസം ഉള്ള ആളുകൾക്ക് മലബന്ധ പ്രശ്നങ്ങളും അനുഭവപ്പെടും.

ടെൻഷനും വിഷാദവും

അമിതമായ സമ്മർദ്ദവും വിഷാദവും ശാരീരിക ആരോഗ്യത്തെയും ബാധിക്കും. മാനസിക സമ്മർദ്ദമോ, വിഷാദമോ അനുഭവിക്കുന്ന ഒരാൾക്ക് ഉറക്കവും താരതമ്യേന കുറവായിരിക്കും. രാത്രി നല്ല ഉറക്കം ലഭിക്കാതെ വരികയും അതുവഴി രാവിലെ എണീക്കുമ്പോൾ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. വിഷാദമോ മാനസിക സമ്മർദ്ദമോ വല്ലാതെ ശല്യപ്പെടുത്തുന്നുവെങ്കിൽ ഉടനെ ഒരു ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടണം.

ഹൃദയസംബന്ധിയായ പ്രശ്നങ്ങൾ

ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ ഉത്തരവാദിത്വം. ചില പ്രത്യേക അവസ്ഥകളും രോഗാവസ്ഥകളും കാരണം ഹൃദയം ശരിയായി പ്രവർത്തിക്കാതിരിക്കുകയും രക്തം പേശികളിലേക്ക് ശരിയായി എത്താതിരിക്കുകയും ചെയ്യും. ഇതും ക്ഷീണത്തിനു കാരണമാകും.

മറ്റു കാരണങ്ങൾ

നിങ്ങളുടെ ക്ഷീണത്തിന് നിരവധി കാരണങ്ങൾ ഉണ്ടായേക്കാം. ദൈനംദിന ജോലികൾ എങ്ങനെ നിർവ്വഹിക്കുന്നു എന്നതു നോക്കി മാത്രമേ ഇത് നിർവ്വചിക്കാൻ ആവൂ. അതിനാൽ തന്നെ ഒരു പ്രത്യേക കാരണം ചൂണ്ടി കാണിക്കാൻ സാധിക്കില്ലെങ്കിലും ഉറക്ക പ്രശ്നങ്ങൾ, അണുബാധ, ഉദാസീനമായ ജീവിതശൈലി, ഭക്ഷണപ്രശ്നങ്ങൾ, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവയും കാരണമായി വരാം. വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുന്നുവെങ്കിൽ വിദഗ്ധോപദേശം തേടുകയാണ് ഉചിതമായ വഴി.

Read more: നാരങ്ങ വെളളം കുടിച്ചാലുളള ഗുണങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook