സ്വദിഷ്ടവും ആരോഗ്യകരവുമായ പ്രഭാത ഭക്ഷണശേഷം വയർ വീർക്കുന്നതായി അനുഭവപ്പെടാറുണ്ടോ?. അങ്ങനെയുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണ പാത്രത്തിലേക്ക് നോക്കുക. ഉപാപചയ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയുക?.
”ഏറെ ഇഷ്ടമുള്ള വിഭവങ്ങൾ അടങ്ങിയ പ്രഭാത ഭക്ഷണശേഷം കുറച്ച് നേരം വിശ്രമിക്കാനും, പിന്നീട് ദിവസം മുഴുവൻ ഊർജസ്വലരായിരിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നു. പക്ഷേ സംഭവിക്കുന്നത് മറ്റൊന്നാണ്: നിങ്ങളുടെ പാന്റ്സ് ഇറുകിയതായി തോന്നുന്നു, വയർ വീർത്തതായി അനുഭവപ്പെടുന്നു. മലബന്ധം, ഗ്യാസ്, തികട്ടൽ എന്നിവ പോലും അനുഭവപ്പെടാം. ഇതെല്ലാം വയർ വീർക്കുന്നതിന്റെ ലക്ഷണങ്ങളാണ്,” ഡയറ്റീഷ്യനും ലൈഫ്സ്റ്റൈൽ കോച്ചുമായ ജസ്മീത് കൗർ ഇൻസ്റ്റഗ്രാമിൽ എഴുതി.
പ്രഭാത ഭക്ഷണശേഷം വയർ വീർക്കുന്നതിൽനിന്നും രക്ഷ നേടാൻ ചില ടിപ്സുകളും അവർ പങ്കുവച്ചിട്ടുണ്ട്.
- ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാനും കുടൽ ശുദ്ധീകരിക്കാനും 200 മില്ലി ചെറുചൂടുള്ള വെള്ളം കുടിക്കുക. മലബന്ധമോ വയറുവേദനയോ അനുഭവപ്പെടുകയാണെങ്കിൽ ഒരു ടീസ്പൂൺ വെണ്ണ ചേർക്കുക. ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതിന് പകുതി നാരങ്ങ നീര് ചേർക്കുക. (നെഞ്ചെരിച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ നാരങ്ങ വെള്ളം ഒഴിവാക്കുക).
- ദിവസത്തിൽ ഒന്നോ രണ്ടോ തവണ അസംസ്കൃത പഴങ്ങൾ കഴിക്കുക. മലബന്ധം ഒഴിവാക്കാൻ പുഴുങ്ങിയ പഴങ്ങൾ (ആപ്പിൾ) കഴിക്കാം. പഴങ്ങൾ കൂട്ടിയോജിപ്പിക്കാതെ ഒരു സമയം ഒരെണ്ണം കഴിക്കുക. പഴങ്ങൾ ദഹിക്കാൻ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സമയം നൽകുക.
- ഒരു മണിക്കൂറിന് ശേഷം പ്രഭാതഭക്ഷണം കഴിക്കുക. ഓട്സ്, കഞ്ഞി, പാൻകേക്കുകൾ, ഇഡ്ഡലി, ദോശ മുതലായവ. പ്രഭാതഭക്ഷണത്തിനൊപ്പം പഴങ്ങൾ കഴിക്കരുത്. പ്രഭാതഭക്ഷണം നന്നായി വേവിച്ചതും അതിൽ കുറച്ച് ഉപ്പ്/മധുരവും ഉണ്ടെന്ന് ഉറപ്പാക്കുക. പ്രഭാതഭക്ഷണത്തിൽ കുതിർത്ത സീഡ്സ് ചേർക്കാം (കുതിർത്ത് കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു, വയർവീർക്കുന്നത് തടയുന്നു).
- പഴങ്ങൾക്കൊപ്പം നട്സ് കഴിക്കാം. പ്രഭാത ഭക്ഷണത്തിനൊപ്പം ഇവ കഴിക്കുന്നത് നല്ലതാണ്. എല്ലാ നട്സുകളും ഡ്രൈ ഫ്രൂട്ട്സും ഒരു രാത്രി അല്ലെങ്കിൽ അവ കഴിക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും കുതിർക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.