ആർത്തവ കാലം പല സ്ത്രീകൾക്കും വ്യത്യസ്തമായിരിക്കും. ചിലർക്ക് ഈ സമയത്ത് യാതൊരുവിധ ശാരീരിക ബുദ്ധമുട്ടുകളും ഉണ്ടാകില്ല. എന്നാൽ, മറ്റു ചിലർക്ക് ഛർദി, വയറുവേദന, അമിതമായ രക്തസ്രാവം തുടങ്ങിയ ശാരീരിക അസ്വസ്തകളുണ്ടാകാം. അതുപോലെ തന്നെ, ഹോർമോൺ വ്യതിയാനങ്ങൾ, ചില രോഗങ്ങൾ, കൂടാതെ മരുന്നുകൾ എന്നിങ്ങനെ പല കാരണങ്ങളാൽ ക്രമരഹിതമായ ആർത്തവം നേരിടുന്ന സ്ത്രീകളുണ്ട്.
ക്രമരഹിതമായ ആർത്തവം ശരിയാക്കാൻ നിരവധി മാർഗങ്ങളുണ്ട്. ഇതിന് നെല്ലിക്കയും സഹായിക്കും. ആർത്തവ ചക്രം ക്രമപ്പെടുത്താൻ നെല്ലിക്ക സഹായിക്കുമെന്ന് ഡയറ്റീഷ്യൻ സുമൻ ഗുപ്ത പറയുന്നു. ”കഴിക്കാൻ രുചികരം മാത്രമല്ല, ആർത്തവ വേദന കുറയ്ക്കാനും അവ സഹായിക്കുന്നു. ഓറഞ്ച്, നെല്ലിക്ക തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും വേദനയ്ക്കും ക്ഷീണത്തിനും എതിരെ പോരാടുന്നതിന് ശരീരത്തെ ശക്തിപ്പെടുത്താനും ഇവ സഹായിക്കുന്നു,” അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദിവസവും നെല്ലിക്ക കഴിക്കുന്നത് ആർത്തവ ചക്രം പഴയ രീതിയിലേക്ക് കൊണ്ടുവരാൻ സഹായിക്കും. ഹോർമോൺ ബാലൻസ് ഭേദമാക്കാൻ നെല്ലിക്ക ജ്യൂസ് സഹായിക്കുമെന്ന് അവർ പറഞ്ഞു. ഇതിനു പിന്നിലെ സത്യാവസ്ഥയെക്കുറിച്ച് വിദഗ്ധർ വിശദീകരിച്ചു.
സി, ബി1, ബി2, ബി5, ബി6 എന്നിങ്ങനെ ഒന്നിലധികം വിറ്റാമിനുകളും കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയ നെല്ലിക്ക ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്താൻ സഹായിക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ആരോഗ്യകരവും ക്രമാനുഗതവുമായ ആർത്തവചക്രത്തിന് കാരണമാകുന്ന ഹോർമോൺ ബാലൻസ് നിലനിർത്തുന്നതിനുള്ള മികച്ച ആയുർവേദ ഔഷധമാണ് നെല്ലിക്കയെന്ന് മുംബൈ റെജുവ എനർജി സെന്ററിലെ ഡോ.സന്തോഷ് പാണ്ഡെ സമ്മതിച്ചു.
”ഇത് ഗർഭപാത്രത്തെ ശക്തിപ്പെടുത്തുകയും സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആർത്തവ ദിവസങ്ങളിൽ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കും. ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ആർത്തവത്തിന് മുമ്പുള്ള ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ പ്രീമെൻസ്ട്രൽ സിൻഡ്രോം അനുഭവിക്കുന്ന പെൺകുട്ടികൾക്ക് ഏറെ ഗുണകരമാണ്. നെല്ലിക്ക പതിവായി കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കും,” ഡോ.പാണ്ഡെ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
ക്രമരഹിതമായ ആർത്തവത്തിനും കഠിനമായ ആർത്തവ മലബന്ധത്തിനും നെല്ലിക്ക വളരെ ഉപയോഗപ്രദമാണെന്ന് ബാംഗ്ലൂരിലെ ജിൻഡാൽ നേച്ചർക്യൂർ ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ഡയറ്റീഷ്യൻ ഡിടി സുഷമ പിഎസ് പറഞ്ഞു. ”മുടിയുടെയും ചർമ്മത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപാപചയപ്രവർത്തനത്തിനും വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ആർത്തവചക്രം നിയന്ത്രിക്കുന്നതിനും ഹോർമോൺ ബാലൻസ് പുനഃസ്ഥാപിക്കുന്നതിനും നെല്ലിക്ക സഹായിക്കുന്നു,” എൻഎച്ച് എസ്ആർസിസി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.റുജുൽ ജാവേരി അഭിപ്രായപ്പെട്ടു.
എങ്ങനെയാണ് കഴിക്കേണ്ടത്?
പതിവായി ആർത്തവ അസ്വസ്ഥതയോ ക്രമരഹിതമായ ആർത്തവമോ ഉണ്ടെങ്കിൽ നെല്ലിക്ക ജ്യൂസായി കഴിക്കാൻ സുഷമ നിർദേശിച്ചു. ഭക്ഷണത്തിൽ നെല്ലിക്ക ഉൾപ്പെടുത്താൻ വിവിധ മാർഗങ്ങളുണ്ട്. ഒരു ടീസ്പൂൺ നെല്ലിക്ക പൊടിയും തേനും ചേർത്ത് ചൂടുവെള്ളം കുടിച്ച് ദിവസം ആരംഭിക്കാം. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ നെല്ലിക്ക ജ്യൂസും നെല്ലിക്ക മിഠായിയും കഴിക്കാമെന്ന് അവർ വ്യക്തമാക്കി.