വ്യായാമത്തിലും ഭക്ഷണശീലങ്ങളിലും മലയാളികൾ കൂടുതലായി ശ്രദ്ധിക്കാറുണ്ട്. പ്രഭാതസവാരിക്കിടെ മൈതാനത്തും പാർക്കുകൾക്ക് സമീപവും ഫ്രഷ് ജ്യൂസ് കടകൾ ധാരാളം കാണാറുണ്ട്. രാവിലത്തെ വ്യായാമം കഴിഞ്ഞ്, തിരിച്ചു വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് ഒരു ജ്യൂസ് കുടിച്ചേക്കാമെന്ന് തോന്നിയാൽ തെറ്റുപറയാൻ ആകില്ല. എന്നാൽ വെറും വയറ്റിൽ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
അതുപോലെതന്നെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു കാര്യമാണ് പല പഴങ്ങളും പച്ചക്കറികളും ഒന്നിച്ച് ജ്യൂസാക്കി കുടിക്കുന്നത്. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതും ശരീരത്തിന് ഉണർവും നൽകുമെങ്കിലും ഇവ മിക്സ് ചെയ്യുന്നത് ശരീരത്തിനെ എങ്ങനെ ബാധിക്കുന്നുവെന്നറിയാം.
ശരീരഭാരം കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും പലരും ഇത്തരം മിശ്രിതങ്ങൾ ഉപയോഗിക്കുന്നതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി ഞങ്ങൾ വിദ്ഗധരുമായി ബന്ധപ്പെട്ടു. പഴങ്ങളും പച്ചക്കറി ജ്യൂസുകളും ഒരു സാധാരണ ഭക്ഷണ ഓപ്ഷനായി മാറിയെന്ന് സമ്മതിക്കുമ്പോഴും കരൾ, വൃക്ക രോഗങ്ങളുള്ളവർ പലതരം പച്ചക്കറികളും പഴങ്ങളും മിക്സ് ചെയ്യുന്നതിനെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ആരോഗ്യം നിലനിർത്താനും നമ്മളിൽ പലരും പഴങ്ങളും പച്ചക്കറികളും ജ്യൂസാക്കിയും സ്മൂത്തികളാക്കിയും പതിവായി കഴിക്കാറുണ്ട്. എന്നാൽ ഇത് ആരോഗ്യത്തിന് ദോഷകരമെന്ന് പറഞ്ഞാലോ? പഴങ്ങളുടെയും അസംസ്കൃത പച്ചക്കറികളുടെയും മിശ്രിതം കഴിക്കുന്നത്, നിലവിൽ കരൾ രോഗമുള്ളവർക്ക് ദോഷകരമാണെന്ന് ഹെപ്പറ്റോളജിസ്റ്റ് എബി ഫിലിപ്സ് അഭിപ്രായപ്പെടുന്നു. ട്വിറ്ററിൽ ദി ലിവർഡോക്(TheLiverDoc) എന്നറിയപ്പെടുന്ന എബി തന്റെ രോഗികളിലൊരാൾക്ക് വീട്ടിൽ തയാറാക്കിയ പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ജ്യൂസ് കുടിച്ചതോടെ ആഴ്ചയിൽ രണ്ടാം തവണയും വ്യക്കയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തിയെന്ന് ട്വിറ്ററിലൂടെ പറഞ്ഞു.
നിങ്ങൾക്ക് കരൾ രോഗമുണ്ടെങ്കിൽ, ദയവായി പഴങ്ങളും വേവിക്കാത്തതും പച്ച നിറമുള്ള പച്ചക്കറികളും മിക്സ് ചെയ്ത്, ഡിറ്റോക്സ് (വിഷമുക്തമായ) ജ്യൂസ് ഉണ്ടാക്കി കുടിക്കരുതെന്ന് ഡോ. ഫിലിപ്സ് ട്വീറ്റ് ചെയ്തു.
“നെല്ലിക്ക, ബീറ്റ്റൂട്ട്, സ്പിനച്, പച്ച ഇലക്കറികൾ എന്നിവയും സിട്രസ് പഴങ്ങളും മിശ്രിതമാക്കി കഴിക്കുന്നത് പുതിയ ഫാഷനായി മാറിയിരിക്കുകയാണ്. വാട്സ്ആപ്പിലും യൂട്യൂബിലും വിദഗ്ധരെന്ന് സ്വയം പ്രഖ്യാപിക്കുന്ന ആളുകൾ നൽകുന്ന നിർദേശങ്ങളിലൊന്നാണിത്. ദയവായി അത് ചെയ്യരുത്. അത് ഓക്‌സലേറ്റ് കിഡ്‌നി ഇൻജുറിക്ക് കാരണമാകുന്നു. വ്യക്കകളുടെ പ്രവർത്തനം പഴയ രീതിയിലേക്കെത്താൻ ഏറെ സമയമെടുക്കും,”എബി മുന്നറിയിപ്പ് നൽകി.
“പഴങ്ങളും പച്ചക്കറികളും ഇങ്ങനെ മിക്സ് ചെയ്തത് കുടിക്കുന്നത് ആശങ്കാജനകമാണ്. കാരണം കരൾ, വൃക്ക രോഗങ്ങൾ ഉണ്ടാകുമ്പോൾ ചില പോഷകങ്ങളുടെ മെറ്റബോളിസം നിർണായകമാകും. അതിനാൽ ഏത് തരത്തിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് നിങ്ങൾ ജ്യൂസിനായി തിരഞ്ഞെടുക്കുന്നതെന്ന് അറിയേണ്ടത് പ്രധാനമാണ്,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. ജ്യൂസ് കുടിക്കുന്നത് ശരീരത്തിൽ ഓക്‌സലേറ്റ് ഉൽപ്പാദിപ്പിക്കുന്നതിനും കാരണമാകുന്നുവെന്ന് ഗരിമ പറയുന്നു.
ഓക്സലേറ്റിന്റെ ഇത്തരം ഉൽപാദനം മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഓക്സലേറ്റ് നെഫ്രോപ്പതി (ഒഎൻ). കിഡ്നി ട്യൂബുലുകളിൽ കാൽസ്യം ഓക്സലേറ്റ് ക്രിസ്റ്റലുകൾ അടിഞ്ഞുകൂടുകയും അത് വൃക്കകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഇത് വ്യക്കകളുടെ പ്രവർത്തനത്തെ പെട്ടെന്ന് ബാധിച്ച് ദീർഘകാലം നിലനിൽക്കാൻ സാധ്യതയുണ്ടെന്ന് ശാരദ ഹോസ്പിറ്റൽ എംഡി (ഇന്റേണൽ മെഡിസിൻ), ഡോ. ശ്രേയ് ശ്രീവാസ്തവ് പറഞ്ഞു.
പച്ച ഇലക്കറികൾ (ഉദാ. സ്പിനച്), ചോക്ലേറ്റ്, ബീറ്റ്റൂട്ട്, ചായ, നട്സ്, ഗോതമ്പ് തവിട് എന്നിവയാണ് ഓക്സലേറ്റിന്റെ പ്രധാന ഭക്ഷണ സ്രോതസ്സുകളിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സി, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങൾ വിഘടിക്കുകയും വൃക്കകളിൽ ഓക്സലേറ്റ് ക്രിസ്റ്റലുകൾ രൂപപ്പെടുകയും ചെയ്യുന്നു. കൂടാതെ വേവിക്കാത്തതും പച്ചനിറമുള്ളതുമായ പച്ചക്കറികളുമായി പഴങ്ങൾ കലർത്തുന്നത് ആ പ്രക്രിയ വർധിപ്പിക്കും, ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഡോ. ശ്രീവാസ്തവ് കൂട്ടിച്ചേർത്തു.
ഇത്തരം ജ്യൂസുകൾ ദഹനസംബന്ധമായ പ്രശ്നങ്ങളായ ഹൈപ്പർ അസിഡിറ്റി, വയർ വീർക്കൽ, അതിസാരം എന്നിവയ്ക്ക് കാരണമാകുന്നതായി കാമിനേനി ഹോസ്പിറ്റലിലെ സീനിയർ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ.പരാഗ് ദശത്വാർ, പറയുന്നു. “കരൾ രോഗം പോലുള്ള സങ്കീർണ്ണമായ മെഡിക്കൽ പ്രശ്നങ്ങൾ മനസ്സിലാക്കാൻ പ്രയാസമാണ്, പലപ്പോഴും വേഗത്തിലും ലളിതവുമായ പരിഹാരങ്ങൾ ഉണ്ടാവില്ല. ഡിറ്റോക്സ് ജ്യൂസ് ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ ഫലപ്രദമായി നീക്കം ചെയ്യുമെന്ന ആശയത്തെ പിന്തുണയ്ക്കുന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല,” ഡോ ദശത്വർ പറഞ്ഞു.
ഡോ.ദശത്വറിന്റെ അഭിപ്രായത്തിൽ, ഇത് മുൻപുണ്ടായിരുന്ന കരൾ തകരാറിനെ കൂടുതൽ വഷളാക്കുകയോ കരളിന് കേടുവരുത്തുകയോ ചെയ്യും.