ആഹാരനിയന്ത്രണം, നിത്യേനയുള്ള വ്യായാമം ഇവയ്ക്കെല്ലാം ശേഷവും ശരീരഭാരം കുറയ്ക്കുന്നതിൽ പരാജയമാണോ ഫലം? ഇതിനും എന്തെങ്കിലും കാരണങ്ങൾ ഉണ്ടാവില്ലേ? ആലോചിച്ചിട്ടുണ്ടോ?.
ആയുർവേദ വിദഗ്ധയും ഗട്ട് ഹെൽത്ത് കോച്ചുമായ ഡോ.ഡിംപിൾ ജംഗ്ദ പറയുന്നതനുസരിച്ച്, ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്- പോഷകാഹാരക്കുറവുകൾ, ശരീരപ്രകൃതിക്ക് അനുയോജ്യമല്ലാത്ത ആഹാരക്രമം, ആമാശയം, കുടൽ തുടങ്ങിയവയുടെ അനാരോഗ്യം. ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഡോ.ഡിംപിൾ ജംഗ്ദ ഈ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
പോഷകാഹാരക്കുറവുകൾ
പോഷകാഹാരക്കുറവുകൾ ശരീരഭാരം വർധിപ്പിക്കാം. എങ്ങനെയെന്നല്ലേ? “ശരീരത്തിന് പോഷകങ്ങൾ, വിറ്റമിനുകൾ എന്നിവയുടെ കുറവുകളുണ്ടെങ്കിൽ ഒരു പ്രതിരോധ സംവിധാനമെന്നപോൽ ശരീരം കൊഴുപ്പ് ശേഖരിക്കാനും രോഗപ്രതിരോധത്തിനായി അവയെ ആശ്രയിക്കാനുമുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ ഈ കുറവുകൾ പരിഹരിക്കാതെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഗുണത്തിനു പകരം ദോഷമാകും ചെയ്യുക.
തെറ്റായ ആഹാരക്രമം
ശരീരപ്രകൃതിക്ക് യോജിക്കാത്ത ആഹാരക്രമമാണ് തുടരുന്നതെങ്കിലും ഇതേ ഫലമാകും ഉണ്ടാവുക. നിങ്ങൾ കഴിക്കുന്ന ഭക്ഷണക്രമം ഒരുപക്ഷേ നിങ്ങളുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായതായിരിക്കില്ല. ആയുർവേദവും ആധുനിക ശാസ്ത്രവും അനുസരിച്ച്, ഏഴ് പ്രത്യേക ശരീര തരങ്ങളുണ്ട്.
ഓരോന്നിനും ചേർന്ന രീതിയിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. “ഉദാഹരണത്തിന്, വാത പ്രകൃതിക്കാർ കൂടുതൽ മധുരവും പുളിയും ഉപ്പുമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. കൂടുതൽ മധുരവും കയ്പേറിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഒരു പിത്ത പ്രകൃതിക്കാരന്റെ ശരീരത്തിന് നല്ലത്. കഫ പ്രകൃതിയാണെങ്കിൽ കയ്പേറിയതും കുറച്ച് എരിവുള്ളതുമായ ഭക്ഷണങ്ങൾ ഉത്തമമാണ്,” അവർ പറഞ്ഞു.
ആമാശയം, കുടൽ തുടങ്ങിയവയുടെ അനാരോഗ്യം
കുടലുകൾ,ആമാശയം തുടങ്ങിയവയുടെ അനാരോഗ്യവും ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളളെ പ്രതികൂലമായി ബാധിക്കാം. “വിയർപ്പ്, മലം, മൂത്രം എന്നിവയിലൂടെയാണ് ശരീരം വിഷവസ്തുക്കളെ പുറന്തള്ളുന്നത്. എന്നാൽ കുടൽ, വൻകുടൽ അല്ലെങ്കിൽ വിയർപ്പ് സുഷിരങ്ങൾ എന്നിവ ഈ പുറന്തള്ളൽ തടഞ്ഞാൽ, ധാരാളം വിഷവസ്തുക്കൾ, ദഹിക്കാത്ത ഭക്ഷണം, ഭക്ഷണത്തിൽ അടങ്ങിയിരുന്ന രാസപദാർത്ഥങ്ങൾ, ബാക്ടീരിയകൾ തുടങ്ങിയവ ശരീരത്തിൽ അവശേഷിക്കും. അതിനാൽ തന്നെ ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യം എപ്പോഴും ഉറപ്പുവരുത്തേണ്ടത് സുപ്രധാനമാണ്.” ഡോ.ഡിംപിൾ ജംഗ്ദ വ്യക്തമാക്കി.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.