മണിക്കൂറുകൾ വ്യായാമത്തിനു വേണ്ടി ചെലവിടുകയും കർശനമായ ഡയറ്റ് പിന്തുടരുകയും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ?. അനാരോഗ്യകരമായ ഭക്ഷണം ശീലം മാത്രമല്ല വയറിലെ കൊഴുപ്പിന് കാരണമെന്ന് ആദ്യം അറിയുക. വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹോർമോൺ അസന്തുലിതാവസ്ഥ, മോശം ജീവിതശൈലി, വ്യായാമത്തിന്റെ അഭാവം അല്ലെങ്കിൽ സമ്മർദം എന്നിവയും ഇതിന് കാരണമാകാം. എങ്കിലും ഭക്ഷണക്രമത്തിൽ ചെറിയ മാറ്റം വരുത്തുന്നത് അധിക കൊഴുപ്പ് നീക്കം ചെയ്യാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കും.
വയറിൽ കൊഴുപ്പ് കൂടുതലായി അടിഞ്ഞുകൂടുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാവുകയും കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹം 2, ഹൃദയ സംബന്ധമായ അസുഖങ്ങൾ പോലുള്ളവയ്ക്ക് കാരണമാകും. അതിനാൽ അവ ഉറപ്പായും നഷ്ടപ്പെടുത്തണമെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു. വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാൻ ചില ടിപ്സുകളും ഗരിമ പങ്കുവച്ചിട്ടുണ്ട്.
പഞ്ചസാര കുറയ്ക്കുക: പഞ്ചസാരയുടെ ഉപഭോഗം വർധിക്കുന്നതാണ് വയറിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനു പിന്നിലെ പ്രധാന കുറ്റവാളി. പഞ്ചസാര അടിസ്ഥാനപരമായി ഗ്ലൂക്കോസും ഫ്രക്ടോസും ആണ്. ഫ്രക്ടോസ് ശരീരത്തിൽനിറയുമ്പോൾ കരൾ അതിനെ കൊഴുപ്പാക്കി മാറ്റാൻ നിർബന്ധിതരാകുന്നു. ഇത് വയറിലെ കൊഴുപ്പ് വർധിപ്പിക്കുന്നു. പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് കൂടുതൽ ദോഷകരമാണ്.
നല്ല ഗുണമേന്മയുള്ള പ്രോട്ടീൻ ഉൾപ്പെടുത്തുക: ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മറ്റൊരു കാര്യം ഭക്ഷണത്തിൽ മുട്ട, മത്സ്യം, പരിപ്പ്, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, പാലുൽപ്പന്നങ്ങൾ എന്നിവ പോലുള്ള പ്രോട്ടീൻ ഉൾപ്പെടുത്തുക. 25-30% പ്രോട്ടീൻ കലോറി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണക്രമം പാലിക്കുക: കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ സഹായകമാണ്.
ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക: നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ സംതൃപ്തി കൂട്ടുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.