നിപ വൈറസിനെ പ്രതിരോധിക്കാന്‍ പരീക്ഷണാടിസ്ഥാനത്തില്‍ മരുന്ന് കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. കുരങ്ങുകളിലാണ് ഈ മരുന്ന് പരീക്ഷിച്ചിരിക്കുന്നത്. എബോള വൈറസിനെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്നാണ് പഠനത്തെ അടിസ്ഥാനമാക്കി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ നിപയ്ക്കെതിരെ ഉള്ള ഏക ചികിത്സ എന്നത് വൈറസിനെ പ്രതിരോധിക്കുക എന്നതാണ്. ഇത് കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ കാലത്ത് പരീക്ഷിച്ചതുമാണ്.
പുതിയ പരീക്ഷണത്തിന്റെ ഭാഗമായി ആഫ്രിക്കയില്‍ എട്ട് കുരങ്ങുകളില്‍ മാരകമായ നിപ വൈറസ് ഡോസുകള്‍ നൽകുകയും പിന്നീട് ഇതിൽ നാലു കുരങ്ങുകളുടെ ഞരമ്പുകളിലൂടെ വൈറസിനെതിരായ മരുന്ന് കുത്തിവയ്ക്കുകയും ചെയ്തു. മരുന്ന് നല്കിയ നാലെണ്ണവും രോഗത്തെ അതിജീവിച്ചു.
നിപയ്ക്കെതിരായി ഈ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിക്കുകയാണെങ്കിൽ ഇതൊരു ബദൽ മാർഗമാകുമെന്ന് വിദഗ്ധർ പറയുന്നു.
“താരതമ്യേന വേഗത്തില്‍ ഉപയോഗിക്കാവുന്ന ഒരു അധിക ചികിത്സയാണ് ഇത്,’ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ജ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ വൈറോളജിസ്റ്റ് എമി ഡി വിറ്റ് പറയുന്നു. ഈ പഠനത്തിന് നേതൃത്വം നല്കിയവരില് ഒരാള്‍ കൂടിയാണ് എമി.
‘ആശുപത്രിയില്‍ എത്തുന്ന ഒരു ശരാശരി വ്യക്തി രണ്ടു ദിവസത്തിനുള്ളില്‍ മരിക്കുന്നു. അതിനാല്‍ അവര്‍ക്ക് വൈറസ് ബാധിച്ചു കഴിഞ്ഞാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമാണ്.”
നിപയും എബോളയും രണ്ടുതരം വൈറസുകളാണെങ്കിലും ഗിലീഡ് സയന്‍സസ് വികസിപ്പിച്ചെടുത്ത റെംഡെസിവിർ എന്ന മരുന്ന് രണ്ടിനും ഫലപ്രദമാണ്. GS-534 എന്ന പേരിലും ഈ മരുന്ന് അറിയപ്പെടുന്നുണ്ട്.
എലികളിലും ലാബുകള്‍ രൂപപ്പെടുത്തിയെടുത്ത കോശങ്ങളിലും മറ്റ് രണ്ട് വൈറസുകള്‍ക്ക് കൂടി ഈ മരുന്ന് പ്രതിവിധിയാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. ലാസ ഫീവര്‍, മെര്‍സ് കൊറോണവൈറസ് എന്നിവയാണവ. ആഗോളതലത്തില്‍ പൊതുവേ കുട്ടികളില്‍ കണ്ടുവരുന്ന ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനും ഇത് പരിഹാരമാണെന്ന് പഠനം പറയുന്നു.
മസ്തിഷ്ക വീക്കം, ന്യൂമോണിയ എന്നിവയ്ക്ക് കാരണമാകുന്ന നിപ വൈറസ് 70 ശതമാനത്തിലധികം കേസുകളിലും വളരെ മാരകമാണ്. ഇത് പകരുന്നത് മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആകാം.
എബോള പോലെ തന്നെ നിപ പടര്‍ത്തുന്നത് സാധാരണ ഗതിയില്‍ വവ്വാലുകളാണ്. രണ്ട് പതിറ്റാണ്ട് മുന്‍പ് മലേഷ്യയിലായിരുന്നു ഈ രോഗം കണ്ടെത്തുന്നത്. മലേഷ്യ കടുത്ത വരള്‍ച്ചയെ നേരിട്ട 1997 ല്‍ മൃഗങ്ങളും പക്ഷികളും വെളളം തേടി നാടുകളിലേക്ക് ചെക്കേറി. ഇതിന് പിന്നാലെ മലേഷ്യയിലെ പന്നി ഫാമുകളില്‍ അജ്ഞാതമായ രോഗം പിടികൂടി. പന്നികള്‍ കൂട്ടമായി ചത്തൊടുങ്ങിയതിന് പിന്നാലെ മനുഷ്യരെയും ഇത് വിഴുങ്ങി.
നൂറിലേറെ പേര് രോഗം ബാധിച്ച് മരിച്ചു. മറ്റ് നൂറോളം പേര് രോഗബാധിതരായി. ആദ്യം ജപ്പാന്‍ജ്വരം ആണെന്ന നിഗമനത്തിലായിരുന്നു ചികിത്സ. എന്നാല്‍ ജപ്പാന്‍ജ്വരത്തിനുളള പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരും രോഗികളായതോടെയാണ് രോഗം മറ്റെന്തോ ആണെന്ന സംശയം പിറന്നത്. രോഗം ബാധിച്ച ഒരാളുടെ തലച്ചോറിലെ നീരില്‍ നിന്ന് വൈറസിനെ വേര്‍തിരിച്ചപ്പോഴാണ് പുതിയ രോഗത്തിന്റെ സാന്നിദ്ധ്യം ലോകരാഷ്ട്രങ്ങള്‍ തിരിച്ചറിഞ്ഞത്.
മലേഷ്യയിലെ കാംപുങ് ബാറു സുംഗായ് നിപ്പാ എന്ന സ്ഥലത്ത് നിന്നാണ് വൈറസിനെ കണ്ടെത്തിയത്. ഇതാണ് നിപ്പ വൈറസ് എന്ന് പേര് വരാന്‍ കാരണവും. ഇതൊരു ആര്‍എന്‍എ വൈറസാണ്.
നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ അന്ന് മറ്റ് പ്രതിവിധികളൊന്നും ഇല്ലായിരുന്നു. പിന്നാലെ പന്നിഫാമുകളിലെ എല്ലാ പന്നികളെയും കൂട്ടത്തോടെ കൊന്നൊടുക്കി. ഇതോട് കൂടി മലേഷ്യയിലെ പന്നി വ്യാപാര മേഖല ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു.
നിപ്പ വൈറസിന്റെ ആക്രമണം പിന്നീട് ഏറ്റവും കൂടുതൽ തവണ ഉണ്ടായത് ബംഗ്ലാദേശിലാണ്. തുടർച്ചയായി എട്ട് വർഷങ്ങളിൽ ഇവിടെ നിപ്പ വൈറസിന്റെ ആക്രമണം ഉണ്ടായി. 2001 ന് ശേഷം മാത്രം ഇവിടെ 150 ലേറെ പേരാണ് ഇതുവരെ മരിച്ചത്. മിക്കപ്പോഴും രോഗം റിപ്പോർട്ട് ചെയ്ത കേസുകളിൽ മരണസംഖ്യ 50 ശതമാനത്തിന് മുകളിലേക്ക് പോയതായാണ് ചരിത്രം.