ഒരു വ്യക്തി മറ്റുള്ളവരുടെ മുൻപിൽ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും മുൻപാകെ (സാധാരണയായി അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളാവാം) ലൈംഗികാവയവം പ്രദർശിപ്പിക്കുന്ന മാനസിക വൈകല്യമാണ് എക്സിബിഷനിസം അഥവാ നഗ്നതാപ്രദർശനം എന്നു പറയപ്പെടുന്നത്. ഇതുവഴി ആ വ്യക്തിയ്ക്ക് ലൈംഗിക ഉത്തേജനവും സംതൃപ്തിയും ലഭിക്കുന്നു. എക്സിബിഷനിസമുള്ളവർ പലപ്പോഴും തുറസ്സായ സ്ഥലമോ പൊതുസ്ഥലമോ ഒക്കെയാണ് ഇതിനായി തിരഞ്ഞെടുക്കുക. അപരിചിതരായ മനുഷ്യരിൽ നിന്നും അപ്രതീക്ഷിതമായി ഉണ്ടാവുന്ന ഇത്തരം വൈകൃതങ്ങൾ പലപ്പോഴും കുട്ടികളെ ഭയപ്പെടുത്തുകയും ട്രോമയിലെത്തിക്കുകയും ചെയ്യും.
എന്താണ് എക്സിബിഷനിസം? ചികിത്സ എങ്ങനെ? ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. സന്ദീഷ്.
പാരാഫിലിക് ഡിസോർഡർ എന്ന വിഭാഗത്തിൽ വരുന്നതാണ് ഈ മനോവൈകല്യവും. സാധാരണനിലയിലുള്ള ജനനേന്ദ്രിയ ഉത്തേജനമല്ലാതെ, തീവ്രമായ ലൈംഗിക താൽപ്പര്യമുള്ള അവസ്ഥയെ ആണ് പാരാഫിലിക് ഡിസോർഡർ എന്നു പറയുന്നത്.
കാരണങ്ങൾ
മാനസിക വൈകല്യമോ, സ്വന്തം ലൈംഗികാവയവത്തിന് പോരായ്മ ഉണ്ടെന്ന തോന്നലോ, കുട്ടിക്കാലത്ത് അനുഭവിക്കേണ്ടി വന്ന വൈകാരികവും ലൈംഗികവുമായ അനുഭവങ്ങളോ, ആത്മവിശ്വാസ കുറവോ, മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനുള്ള ത്വരയോ, മാനസികവും സാമൂഹികവുമായ ചുറ്റുപാടോ, ന്യൂറോളജിക്കൽ പ്രശ്നങ്ങളോ ഒക്കെ ഇതിനു കാരണമാവാം. എക്സിബിഷനിസ്റ്റുകളിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ലൈംഗിക ഉത്തേജനത്തിനായി അപരിചിതർക്ക് ലൈംഗികാവയവങ്ങൾ തുറന്നുകാട്ടുന്നത് സ്ത്രീകൾക്കിടയിൽ അപൂർവമാണ്.
എക്സിബിഷനിസം ഒരു വ്യക്തിയുടെ കൗമാരത്തിന്റെ അവസാനത്തിലോ യൗവ്വനത്തിന്റെ തുടക്കത്തിലോ ആരംഭിക്കാം. ആധി, ഉത്കണ്ഠ, മാനസിക പിരിമുറുക്കം തുടങ്ങിയ അവസ്ഥകളിലൂടെയാണ് പലപ്പോഴും ഒരു എക്സിബിഷനിസ്റ്റ് കടന്നുപോവുന്നത്. സാമൂഹികവും തൊഴിൽപരവുമായ അയാളുടെ ജീവിതത്തെയും ഈ മനോവൈകല്യം ബാധിക്കും. ഇവർ വിവാഹിതരാവുമ്പോൾ ദാമ്പത്യജീവിതത്തിലും ഈ മനോവൈകല്യം മൂലം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.
എക്‌സിബിഷനിസ്റ്റിക് ഡിസോർഡർ ഉള്ള ആളുകൾ സാധാരണയായി സ്വന്തമായി ചികിത്സ തേടാറില്ല. പലപ്പോഴും എക്സിബിഷനുമായി ബന്ധപ്പെട്ട് കേസുകൾ വരികയും പൊലീസ് അറസ്റ്റ് ചെയ്യുകയുമൊക്കെ ചെയ്തതിനു ശേഷമാണ് പലരും ചികിത്സയ്ക്ക് ഒരുങ്ങുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഈ മനോവൈകല്യം ആവർത്തിക്കാനുള്ള സാധ്യത ഏറെയാണ്.
ചികിത്സ
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT)യാണ് പ്രധാനമായും എക്സിബിഷനിസ്റ്റുകൾക്ക് നൽകി വരുന്നത്. തെറാപ്പിയിലൂടെ രോഗിയുടെ ചിന്താഗതികളിൽ മാറ്റം വരുത്തുകയാണ് ഇവിടെ. എക്സിബിഷനിസത്തിൽ നിന്നും സംതൃപ്തി കണ്ടെത്തുന്നവർക്ക് അതു നിർത്തലാക്കികൊണ്ട്, മറ്റു പ്രൊഡക്റ്റീവായ രീതികളിലൂടെയും സാധാരണ ലൈംഗിക ബന്ധത്തിലൂടെയും സംതൃപ്തി ലഭിക്കുന്ന രീതിയിലേക്ക് അവരുടെ ചിന്താരീതികളെയും പെരുമാറ്റരീതികളെയും മാറ്റിയെടുക്കുകയാണ് കോഗ്നിറ്റീവ് തെറാപ്പിയിൽ ചെയ്യുക.
ഒപ്പം, ട്രിഗർ ഐഡന്റിഫിക്കേഷനുള്ള പരിശീലനവും നൽകും. ലൈംഗിക ഉത്തേജനത്തിന് പ്രേരണകൾക്ക് കാരണമാകുന്ന കാര്യങ്ങൾ തിരിച്ചറിയാനും ആരോഗ്യകരമായ രീതിയിൽ ആ പ്രേരണകളെ നേരിടാനുള്ള സൈക്കോതെറാപ്പിറ്റിക് ട്രെയിനിംഗും നൽകുന്നു. അതുവഴി, എക്സിബിഷനിസത്തിനുള്ള സാഹചര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനും അലർട്ട് ചെയ്യാനും അതുവഴി ഇംമ്പൽസീവ് ആയി ആ പ്രവർത്തിയിലേക്ക് പോവാതിരിക്കാനും രോഗിയ്ക്ക് കഴിയും. ചില കേസുകളിൽ മരുന്നുചികിത്സകളും നൽകേണ്ടി വരാറുണ്ട്.