scorecardresearch
Latest News

കോവിഡിനെത്തുടര്‍ന്നുള്ള പ്രമേഹവും വിഷാദവും അകറ്റാന്‍ വ്യായാമം സഹായിക്കുമെന്ന് പഠനം

യുഎസിലെ പെന്നിങ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് പുറത്തുവന്നിരിക്കുന്നത്

Covid, diabetes, depression, exercise

വാഷിങ്ടണ്‍: കോവിഡ്-19നു കാരണമാകുന്ന സാര്‍സ്-കോവ്-2 വൈറസില്‍നിന്നു സുഖം പ്രാപിച്ച് മാസങ്ങള്‍ക്കുശേഷം പ്രമേഹത്തിലേക്കും വിഷാദത്തിലേക്കും നയിച്ചേക്കാവുന്ന സാധ്യത കുറയ്ക്കാന്‍ വ്യായാമം സഹായിക്കുമെന്ന് പഠനം.

സാര്‍സ്-കോവ്-2 വൈറസ് ബാധിച്ച എത്ര പേര്‍ക്ക് ലോങ് കോവിഡ് (കോവിഡ് ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്ന അവസ്ഥ) ബാധിച്ചുവെന്നും രോഗത്തില്‍നിന്ന് കരകയറി വളരെക്കാലത്തിനുശേഷവും വിട്ടുമാറാത്ത ദുര്‍ബലാവസ്ഥയുടെ ലക്ഷണങ്ങളുണ്ടെന്നും വ്യക്തമല്ലെന്നു യുഎസിലെ പെന്നിങ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. എങ്കിലും വൈറസ് ബാധിച്ചവരില്‍ 15 മുതല്‍ 80 ശതമാനം വരെ ആളുകള്‍ ഈ അവസ്ഥയില്‍ കഷ്ടപ്പെടുന്നതായി അവര്‍ പറയുന്നു.

”ലോങ് കോവിഡ് വിഷാദത്തിനു കാരണമാകുമെന്ന് ഞങ്ങള്‍ക്കറിയാം. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ സാധാരണമായ ജീവന് അപകടകരമായ അവസ്ഥയായ ഡയബറ്റിക് കെറ്റോഅസിഡോസിസ് വികസിപ്പിക്കുന്ന ഘട്ടത്തിലേക്ക് ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുമെന്നും ഞങ്ങള്‍ മനസിലാക്കുന്നു,” പെന്നിംഗ്ടണ്‍ ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷണ ശാസ്ത്രജ്ഞയായ കാന്‍ഡിഡ റെബെല്ലോ പറഞ്ഞു. ‘വ്യായാമം സഹായിക്കും. രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ്, പ്രമേഹത്തിന്റെ വികാസവും വളര്‍ച്ചയും, ക്ലിനിക്കല്‍ വിഷാദം എന്നിവയ്ക്കു കാരണമാകുന്ന ശരീരത്തിലെ ചുവന്ന തടിപ്പ് തടയാന്‍ വ്യായാമം സഹായിക്കുന്നു,” അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രെയിന്‍ ഫോഗ്, പേശി വേദന, ക്ഷീണം എന്നിവയുള്‍പ്പെടെയുള്ള ശാരീരികാവശതയുടെ ലക്ഷണങ്ങളുടെ ഒരു കൂട്ടമായ ലോങ് കോവിഡ്, ഒരാള്‍ അണുബാധയില്‍നിന്ന് കരകയറി മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്നു യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ചൂണ്ടിക്കാട്ടുന്നു. ”ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് കോവിഡ്-19 കാര്യമായ പ്രശ്‌നമുണ്ടാക്കുന്നില്ല. പക്ഷേ ആറ് മാസത്തിനു ശേഷം, ചുമയോ പനിയോ മാറിയശേഷം പ്രമേഹമുണ്ടാകുന്നു,” റെബെല്ലോ പറഞ്ഞു.

Also Read: 12-14 വയസ്സിനിടയിലുള്ളവർക്കും വാക്‌സിൻ; 60 കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ്

ഈ പ്രശ്‌നത്തിനു വ്യായാമമാണ് പരിഹാരമെന്ന് കണ്ടെത്തിയതായി എക്‌സര്‍സൈസ് ആന്‍ഡ് സ്‌പോര്‍ട് സയന്‍സസ് റിവ്യൂസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ആന്റി-ഇന്‍ഫ്‌ളമേറ്ററി പ്രതികരണത്തിന് ഇടനില വഹിക്കുന്ന രക്തചംക്രമണ ഘടകങ്ങള്‍ സ്വതന്ത്രമാക്കാന്‍ വ്യായാമത്തിനു കഴിയുമെന്ന് ഗവേഷകര്‍ പറഞ്ഞു.

”നിങ്ങള്‍ ഒരു മൈല്‍ ഓടുകയോ വേഗതയില്‍ ഒരു മൈല്‍ നടക്കുകയോ ചെയ്യേണ്ടതില്ല. സാവധാനം നടക്കുന്നതും വ്യായാമമാണ്. സാധാരണഗതിയില്‍ നിങ്ങള്‍ 30 മിനിറ്റ് വ്യായാമം ചെയ്യും. എന്നാല്‍ നിങ്ങള്‍ക്ക് ഒരു സമയം 15 മിനിറ്റ് മാത്രമേ ചെയ്യാന്‍ കഴിയൂവെങ്കില്‍, അത്തരം സെഷനുകള്‍ ചെയ്യാന്‍ ശ്രമിക്കുക,” റെബല്ലോ പറഞ്ഞു.

തുടക്കത്തില്‍ ദിവസത്തിലൊരിക്കല്‍ 15 മിനിറ്റ് നടന്നാല്‍ മതിയെന്നും നിര്‍ദേശിക്കപ്പെട്ട വ്യായാമ സമയക്രമത്തിലേക്കു ക്രമേണ മാറാന്‍ കഴിയുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ”ആരോഗ്യകരമായ ജീവിതത്തിനു ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒരു പ്രധാന ഘടകമാണെന്ന് നമുക്കറിയാം,” ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവായ പെന്നിങടണ്‍ ബയോമെഡിക്കല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍ കിര്‍വാന്‍ പറഞ്ഞു.

”രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവിലേക്ക് നയിക്കുന്ന ചുവന്നു തടിക്കുന്നതിന്റെ ശൃംഖലാ പ്രതിപ്രവര്‍ത്തനവും ടൈപ്പ് 2 പ്രമേഹത്തിന്റെ വികാസമോ വളര്‍ച്ചയോ തടയാനും വ്യായാമം ഉപയോഗിക്കാമെന്ന് ഗവേഷണം വ്യക്താക്കുന്നു,” കിര്‍വാന്‍ കൂട്ടിച്ചേര്‍ത്തു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Exercise may help treat long covid induced diabetes depression study