സ്വപ്നങ്ങൾ മനുഷ്യബോധത്തിന്റെ കൗതുകകരവും നിഗൂഢവുമായ ഒരു വശമാണ്. ഒരാൾ ഒരേ സ്വപ്‌നം ആവർത്തിച്ച് കാണുമ്പോൾ, അത് അവരെ അസ്വസ്ഥരാക്കുകയും അതിൽ എന്തെങ്കിലും മറഞ്ഞിരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഒരേ സ്വപ്നം കാണുന്നത് എന്ന് മനസിലാക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, സ്വപ്നങ്ങൾ ഡീകോഡ് ചെയ്യാനുതെങ്ങനെ എന്നറിയാം.
സ്വപ്നങ്ങൾക്കുള്ളിൽ മറഞ്ഞിരിക്കുന്ന ആശയങ്ങൾ ഉണ്ടെന്ന് ഫ്രോയിഡിയൻ സ്വപ്ന സിദ്ധാന്തം ഒരു ജനപ്രിയ ഘടകമാണെന്ന് സ്ലീപ്പ് ഫൗണ്ടേഷന്റെ അഭിപ്രായപ്പെടുന്നു. ആവർത്തിച്ച് ഓരേ സ്വപ്നങ്ങൾ കാണുന്നത് അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് സൂചിപ്പിക്കുന്നതാക്കാം എന്ന് അവർ പറയുന്നു.
അവ കാലക്രമേണ സ്ഥിരമായി സംഭവിക്കുന്ന സ്വപ്നങ്ങളാണ്. “ഈ സ്വപ്നങ്ങളിൽ പലപ്പോഴും ഒരേ വ്യക്തികളെയും രംഗങ്ങളെയും സംഭവങ്ങളെയും അവതരിപ്പിക്കുന്നു, എന്നിരുന്നാലും പരസ്പരം അൽപ്പം വ്യത്യാസപ്പെട്ടേക്കാം. ആവർത്തിച്ചുള്ള സ്വപ്നങ്ങൾ എല്ലായ്പ്പോഴും ഒരു പ്രശ്നത്തിന്റെ ലക്ഷണമല്ല. പക്ഷേ അവ പരിഹരിക്കപ്പെടാത്ത ബുദ്ധിമുട്ടുകളുടെയോ ഉത്കണ്ഠയുടെയോ അടയാളമായിരിക്കാം. ആരെങ്കിലും ഒരു പ്രത്യേക പെരുമാറ്റരീതിയിലോ ചിന്തയിലോ തന്നെ കഴിയുകയാണെന്നും ഇത് സൂചിപ്പിക്കുന്നു,” ഡൽഹി-എൻസിആറിൽ പ്രാക്ടീസ് ചെയ്യുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഐശ്വര്യ രാജ് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
മുതിർന്നവർ ആവർത്തിച്ചു ഒരേ സ്വപ്നം കാണുന്നത് മാനസിക ക്ഷേമവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. “സ്വപ്‌നങ്ങൾ ഒരിക്കലും സൈക്യാട്രിക്, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എന്നിവയുടെ ക്ലിനിക്കൽ സവിശേഷതകളായി കണക്കാക്കില്ല. ഒരു വ്യക്തി തന്റെ ജീവിതത്തിൽ കടന്നുപോകുന്നതിന്റെ പ്രകടനങ്ങൾ മാത്രമാണ് ഇതിൽ പ്രതിഫലിക്കുന്നത്,” മണിപ്പാൽ ഹോസ്പിറ്റൽ, ക്ലിനിക്കൽ സൈക്കോളജി, കൺസൾട്ടന്റ് ഡോ. സി. ആർ. സതീഷ് കുമാർ പറഞ്ഞു.
“ഒരു വ്യക്തി ബോധമനസ്സിൽ നടക്കുന്നതെന്തും, സ്വപ്നങ്ങളിൽ കാണപ്പെടും. എന്നാൽ അതിന്റെ ബാക്കിയായി സംഭവിക്കുന്ന കാര്യങ്ങൾ അത് ബോധത്തിലല്ല, മറിച്ച് ഉപബോധമനസ്സിലാണ് സംഭവിക്കുന്നത്. ഇത് ആവർത്തിച്ചുള്ള സ്വപ്നങ്ങളായി പ്രകടമാകും. അവയെ പരിഹരിക്കപ്പെടാത്ത വൈകാരിക സംഘർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു,” ഡോ. സതീഷ് വിശദീകരിച്ചു.
ആർക്കാണ് ഇത്തരത്തിൽ സ്വപ്നങ്ങൾ ഉണ്ടാകുന്നത്? ഒരു സാഹചര്യം ഉണ്ടാകുമ്പോൾ അവ പരിഹരിച്ചുകൊണ്ട് പ്രവർത്തിക്കാനാണ് നമ്മളിൽ ഭൂരിഭാഗവും ശ്രമിക്കുന്നതെന്ന് ഡോ. സതീഷ് പറഞ്ഞു. എന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുകയും എന്നാൽ അതിന് പരിഹാരം കാണാൻ ഒന്നും ചെയ്യാതിരിക്കുകയും എല്ലാം സമയമെടുത്ത് ശരിയാകും എന്ന് കാത്തിരിക്കുകയും ചെയ്യുന്നവരിൽ അത് പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്നങ്ങൾ വികസിപ്പിക്കുന്നതിന് കാരണമായേക്കാം.
“അതിനാൽ ആളുകൾ അവരുടെ പ്രശ്‌നങ്ങളെ പരിഗണിക്കാതെ അവയ്ക്ക് പരിഹാരം കാണാതെ നിഷ്‌ക്രിയരാകുമ്പോൾ അവർക്ക് ആവർത്തിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്,” ഡോ. സതീഷ് പറഞ്ഞു. ജീവിതത്തിൽ ഉയർന്ന സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നവർ സ്വപ്നങ്ങൾ ആവർത്തിച്ച് കാണാനുള്ള സാധ്യത കൂടുതലാണെന്ന് ഐശ്വര്യ പറഞ്ഞു.
“സാധാരണയായി നമ്മൾ കാണുന്ന സ്വപ്നങ്ങൾ എല്ലാം എപ്പോഴും ഓർത്തിരിക്കാറില്ല. സ്ഥിരമായി സ്വപ്നം കാണുന്നതിൽ തെറ്റില്ല. എന്നാൽ മോശം സ്വപ്‌നങ്ങൾ കാരണം വൈകാരിക അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ, ഒരു മനശാസ്ത്രജ്ഞനെ സമീപിക്കേണ്ടതുണ്ട്, ”ഡോ. സതീഷ് പറഞ്ഞു. സ്വപ്നങ്ങൾ ഓർമ്മിക്കുന്നതിന് ആദ്യം ഒരു ഡയറിയിൽ എഴുതി വയ്ക്കാം. പിന്നീട് ഇതിന്റെ വ്യാഖ്യാനം മനഃശാസ്ത്രജ്ഞനോട് ചോദിച്ച്, ജീവിതത്തിന്റെ വ്യത്യസ്ത വീക്ഷണം കണ്ടെത്താം.