ഇന്ത്യയിൽ രണ്ട് കോടിയിലേറെ ആളുകളെ ബാധിക്കുന്ന മസ്തിഷ്ക രോഗങ്ങളിലൊന്നാണ് അപസ്മാരം. ജനിതകമായ കാരണങ്ങൾ, തലച്ചോറിന് ക്ഷതം സംഭവിക്കുകയോ അണുബാധയുണ്ടാവുകയോ ചെയ്യുക, ഹൃദയാഘാതം, ബ്രെയിൻ ട്യൂമർ എന്നിങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് അപസ്മാരം ഉണ്ടാവാറുണ്ട്. 100 പേരിൽ നാലു പേർക്കെന്ന രീതിയിൽ അപസ്മാരരോഗം കണ്ടുവരുന്നുണ്ടെന്ന് സൗത്ത് ബോംബെയിലെ വോക്ഹാർട്ട് ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റായ ഡോ. പ്രശാന്ത് മഖിജ പറയുന്നു.

അപസ്മാരരോഗത്തെ കുറിച്ച് ഇപ്പോഴും സമൂഹത്തിൽ നിരവധി തെറ്റിദ്ധാരണകളും സംശയവുമുണ്ട്. ഫിറ്റ്സും അപസ്മാരവും ഒന്നാണെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ഒരു തവണ ഫിറ്റ്സ് വന്നാൽ അത് അപസ്മാരം ആകണമെന്നില്ല. അപസ്മാര രോഗത്തെ കുറിച്ചുള്ള പൊതുവായ സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ഡോ. പ്രശാന്ത് മഖിജ.

എന്താണ് ഫിറ്റ്സ്?

തലച്ചോറിലെ നാഡീകോശങ്ങളിൽ നിന്ന് അസാധാരണമോ അമിതമോ ആയ വൈദ്യുത പ്രവാഹം ഉണ്ടാകുമ്പോഴാണ് ഫിറ്റ്സ് സംഭവിക്കുന്നത്. ഈ അസാധാരണമായ വൈദ്യുതപ്രവാഹം തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ച് ഫിറ്റ്സിനെ രണ്ടായി തരം തിരിക്കാറുണ്ട്. തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തു മാത്രമായി ഉണ്ടാവുന്ന ഫിറ്റ്സും തലച്ചോറിന്റെ വശങ്ങളിലേക്ക് വ്യാപകമായി പടരുന്ന രീതിയിലുള്ള ഫിറ്റ്സും.

ലക്ഷണങ്ങൾ

തലച്ചോറിനെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന് അനുസരിച്ച് രോഗലക്ഷണങ്ങളിലും വ്യത്യാസം വരും. ഫിറ്റ്സ് വരുമ്പോൾ രോഗി, ഒരാക്രോശത്തോടെ ബോധമില്ലാതെ മറിഞ്ഞുവീഴാറുണ്ട്. ദൃഷ്‌ടികള്‍ മേലോട്ടുപോവുകയും അസാധാരണമായ രീതിയിൽ തുറിച്ചുനോക്കുകയും പെരുമാറുകയും ചെയ്യും. കൈകാലുകള്‍ ഒരേ ക്രമത്തില്‍ വേഗത്തില്‍ മടങ്ങുകയും നിവരുകയും ചെയ്യുക, ശരീരം മുഴുവന്‍ ഇളകുക, തലയും കണ്ണും ഒരു വശത്തേക്ക് ചലിപ്പിക്കുക, മുഖഭാവത്തിലെ വ്യത്യാസം, കാലുകൾ നിർത്താതെ വിറയ്ക്കുന്നത്, അസാധാരണമായ ശബ്ദം, നാവ് കടിച്ചുമുറിക്കുക തുടങ്ങിയവയൊക്കെ സാധാരണരീതിയിൽ ലക്ഷണങ്ങളായി കാണാറുണ്ട്. ചിലപ്പോള്‍ അറിയാതെ മലമൂത്രവിസര്‍ജനം നടത്തും. ഈ ലക്ഷണങ്ങൾ രണ്ടുമൂന്ന്‌ മിനിറ്റ്‌ നീണ്ടുനിൽക്കുകയും പിന്നീട് ചലനം സാവധാനം നിലച്ച് രോഗി ഉറങ്ങുകയും ചെയ്യും.

ഫിറ്റ്സും അപസ്മാരവും തമ്മിലുള്ള വ്യത്യാസം

ഒറ്റത്തവണ ഫിറ്റ്സ് സംഭവിച്ചു എന്നു കരുതി ഒരു വ്യക്തി അപസ്മാരരോഗിയാവണം എന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുക (ഹൈപ്പോഗ്ലൈസീമിയ), സോഡിയത്തിന്റെ അളവ് കുറയുക, മദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ ഉപയോഗം, പനി മൂർച്ഛിക്കുക ഇക്കാരണങ്ങൾ കൊണ്ടും ചിലപ്പോൾ ഫിറ്റ്സ് സംഭവിക്കാറുണ്ട്. ഇത്തരം അവസ്ഥകളിൽ ജ്വരസന്നിയെ പ്രതിരോധിക്കാനുള്ള മരുന്നുകൾ നൽകേണ്ട ആവശ്യം വരുന്നില്ല. ആവശ്യമായ ചികിത്സ നൽകിയാൽ പിന്നീട് ഫിറ്റ്സ് വരാതെ പ്രതിരോധിക്കാവുന്നതേയുള്ളൂ. പത്തിൽ ഒരാൾക്ക് എന്ന രീതിയിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ഫിറ്റ്സ് വരുന്നത് സ്വാഭാവികമാണ്.

എന്നാൽ, അപസ്മാരം നാഡീസംബന്ധമായ തകരാറുകളാൽ ഉണ്ടാവുന്നതാണ്. അപസ്മാരരോഗികളിൽ ഇടയ്ക്കിടെ ഫിറ്റ്സ് വരാനുള്ള സാധ്യതകളുണ്ട്. ജനിതക കാരണങ്ങൾ കൊണ്ടും തലച്ചോറിന് ക്ഷതം സംഭവിക്കുക, മസ്‌തിഷ്‌കത്തിലെ വീക്കം, അണുബാധ, ഹൃദയാഘാതം, ബ്രെയിൻ ട്യൂമർ എന്നീ കാരണങ്ങൾ കൊണ്ടാണ് സാധാരണ അപസ്മാരം സംഭവിക്കുന്നത്

രോഗ നിർണയം

ശരിയായ രോഗനിർണയത്തിനായി, രോഗി ഒരു ന്യൂറോളജിസ്റ്റിൽ നിന്നും വിദഗ്ധോപദേശം തേടേണ്ടതുണ്ട്. രോഗലക്ഷണങ്ങൾ പരിശോധിച്ചും ഇസിജി, എം ആർ ഐ സ്കാനിംഗ് എന്നിവ നടത്തിയും ന്യൂറോളജിസ്റ്റിനു രോഗം നിർണയിക്കാൻ സാധിക്കും.

ഫിറ്റ്സ് വന്നാൽ ഉടനെ ചെയ്യേണ്ടത് എന്ത്?

ഒരു വ്യക്തിയെ വായിൽ നിന്നും നുരയും പതയും വരുന്ന രീതിയിൽ ഫിറ്റ്സ്സിന്റെ ലക്ഷണങ്ങളോടെ കണ്ടാൽ ആദ്യം ആ വ്യക്തിയ്ക്ക് നിലത്തു കിടക്കാവുന്ന രീതിയിൽ സൗകര്യം ഒരുക്കുക. വേണ്ടത്ര വായുസഞ്ചാരം ഉറപ്പുവരുത്തണം. ആളുകള്‍ ചുറ്റുംകൂടി നിൽക്കരുത്‌. അബോധാവസ്‌ഥയില്‍, വായിലെ നുരയും പതയും ശ്വാസകോശങ്ങളില്‍ കടന്ന്‌ ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ രോഗിയെ ഒരു വശം ചെരിച്ചു കിടത്തുക.

രോഗിക്ക് വെള്ളമോ മറ്റു പദാർത്ഥങ്ങളോ ഒന്നും വായിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ദോഷം വരുത്തും. കൈയില്‍ താക്കോല്‍ പിടിപ്പിക്കുന്നതുകൊണ്ട്‌ യാതൊരു ഫലവുമില്ല.

മൃദുവായ തലയിണ കഴുത്തിന് താഴെ വയ്ക്കാം. രോഗി ഇറുകിയ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നതെങ്കിൽ, കഴിയുമെങ്കിൽ അവ ലൂസാക്കി കൊടുക്കുക.

കൈകാലുകൾ നിലത്തിട്ട്​ അടിക്കുന്നുണ്ടെങ്കിൽ അവയെ ബലം പ്രയോഗിച്ച് തടയാൻ ശ്രമിക്കരുത്. ശാരീരിക ക്ഷതങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. സ്വയം കൈക്കാലുകൾ അടുത്തുള്ള വസ്തുക്കളിൽ തട്ടി രോഗിയ്ക്ക് ക്ഷതമേൽക്കാനുള്ള സാധ്യതയും ഏറെയാണ് എന്നതിനാൽ മൂര്‍ച്ചയുള്ളതോ അപകടകരമായതോ ആയ വസ്‌തുക്കള്‍ സമീപത്തുണ്ടെങ്കില്‍ എടുത്തു മാറ്റണം.

സാധാരണ രീതിയിൽ ഫിറ്റ്സ് രണ്ടു മൂന്നു മിനിറ്റ് കൊണ്ട് നിൽക്കുകയും പതിയെ രോഗി ഉറക്കത്തിലേക്ക് വഴുതിവീഴുകയും ചെയ്യും. എന്നാൽ ലക്ഷണങ്ങൾ അഞ്ചു മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്നുവെങ്കിൽ രോഗിയെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക.

ചികിത്സ

അപസ്മാര രോഗം ഇന്ന് ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. ഒപ്പം വരാതെയിരിക്കാൻ പ്രതിരോധ ചികിത്സകളും സാധ്യമാണ്. 70 ശതമാനം അപസ്മാര രോഗങ്ങളും മരുന്നുകളിലൂടെ ഭേദമാക്കാം. മരുന്നുകൾ ഫലവത്താവാകാത്ത കേസുകളിൽ ശസ്ത്രക്രിയയുംനടത്താറുണ്ട്. ന്യൂറോമോഡുലേഷൻ ചികിത്സ പോലുള്ള നൂതന ചികിത്സാരീതികളും ഇന്ന് ഈ രംഗത്ത് ലഭ്യമാണ്.

Read more: പെട്ടെന്നുള്ള ഹൃദയസ്തംഭനം; അറിഞ്ഞിരിക്കാം ഈ ലക്ഷണങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook