ശൈത്യകാലം പലവിധ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഈ സീസണിലെ ഉദാസീനമായ ജീവിതശൈലിയും ഉയർന്ന കലോറിയുള്ള ഭക്ഷണം കൂടുതൽ കഴിക്കുന്നതുമാണ് ഇതിനു കാരണമാകുന്നത്. ചായയ്ക്കൊപ്പം പതിവായി എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ പോലുള്ളവ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിന്റെ അളവ് (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) വർധിപ്പിക്കും.
ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നു. കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രണാതീതമാണെങ്കിൽ വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിങ്ങനെയുള്ള മറ്റു പല രോഗാവസ്ഥകളിലേക്കും നയിച്ചേക്കാം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
ശൈത്യകാലത്ത് കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകരമായ ചില ടിപ്സുകൾ പങ്കുവച്ചിരിക്കുകയാണ് ഡോ.സുമൻ ബണ്ടാരി.
- വീട്ടിൽ പതിവായി വ്യായാമം ചെയ്യുക. പുറത്ത് വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കട്ടിയുള്ള വസ്ത്രങ്ങൾ, കമ്പിളി തൊപ്പി/മഫ്‌ളർ എന്നിവ കൊണ്ട് ശരീരം നന്നായി പൊതിഞ്ഞ് നടക്കാനും വ്യായാമം ചെയ്യാനും കഴിയും.
- അമിതമായി വറുത്ത/ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ഇവയ്ക്കു പകരം പഴങ്ങളും പച്ചക്കറികളും (കുറഞ്ഞത് 4-5 സെർവിങ്) പ്രതിദിനം കഴിക്കുക. റാഡിഷ്, കാരറ്റ് തുടങ്ങിയവ ലഘുഭക്ഷണമായി കഴിക്കുക. ഇലക്കറികൾ, ഓട്സ്, ബാർലി പോലുള്ള ധാന്യങ്ങൾ, മുഴുവൻ പയർവർഗങ്ങൾ എന്നിവയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
- ഐസ്ക്രീം, മധുരപലഹാരങ്ങൾ, കേക്ക്, കുക്കികൾ തുടങ്ങിയവയും മധുരമുള്ള പാനീയങ്ങളും ഒഴിവാക്കുക.
- ആട്ടിറച്ചി, പന്നിയിറച്ചി, ആട്ടിന കുട്ടിയുടെ ഇറച്ചി തുടങ്ങിയ റെഡ് മീറ്റ് ഒഴിവാക്കുക, പകരം മത്സ്യവും കോഴിയിറച്ചിയും കഴിക്കുക.
- പക്കോഡകൾ, ഉരുളക്കിഴങ്ങ് ചിപ്‌സ്, എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, കൂടുതൽ മുട്ടകൾ കഴിക്കുക എന്നിവ ഒഴിവാക്കുക.
- അമിതമായ മദ്യപാനമോ പുകവലിയോ ഒഴിവാക്കുക.
- സോയ മിൽക്ക് (രണ്ടര കപ്പ്) അല്ലെങ്കിൽ ടോഫു 25 ഗ്രാം കഴിക്കുന്നത് എൽഡിഎൽ 5-6% കുറയ്ക്കും.
- ബദാം, വാൽനട്ട്, നിലക്കടല എന്നിവ പോലുള്ള നട്സ് പ്രതിദിനം 2 ഔൺസ് കഴിക്കുന്നത് എൽഡിഎൽ 5% വരെ കുറയ്ക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.