scorecardresearch

ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഫലപ്രദമായ ചില ആയുർവേദ ടിപ്‌സുകൾ

ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ രണ്ട് ടേബിൾസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തത് (വെള്ളത്തോടൊപ്പം) എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക

ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ ഫലപ്രദമായ ചില ആയുർവേദ ടിപ്‌സുകൾ

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം 2024-25 ആകുമ്പോഴേക്കും 40 മില്യനിൽനിന്നും 70 മില്യനാകുമെന്നാണ് രാജ്യാന്തര ഡയബറ്റിസ് ഫെഡറേഷൻ പറയുന്നത്. “ഈ രോഗം പതുക്കെ പതുക്കെ വികസിക്കുന്നതിനാൽ, പ്രാരംഭ ഘട്ടത്തിലെ സൂചനകൾ പലപ്പോഴും ആളുകൾ അവഗണിക്കും. ഇത് രോഗനിർണയം വൈകുന്നതിന് കാരണമാകുന്നു,” ആയുശക്തിയുടെ സഹസ്ഥാപക ഡോ.സ്മിത നരം പറഞ്ഞു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രകൃതിദത്ത വഴികൾ തേടുകയാണെങ്കിൽ, നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ചില ആയുർവേദ പ്രതിവിധികൾ ഡോക്ടർ നരം പങ്കുവച്ചിട്ടുണ്ട്.

  • ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ രണ്ട് ടേബിൾസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തത് (വെള്ളത്തോടൊപ്പം) എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കുക. ഉലുവ പൊടി ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ പാലിലോ ചേർത്ത് ദിവസവും കഴിക്കാം.
  • രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും ഒരു ടീസ്പൂൺ നെല്ലിക്കയും (എംബ്ലിക് മൈറോബാലൻ പൊടി) വെള്ളവും ചേർത്ത് കഴിക്കുക. മഞ്ഞൾ ഒരു മികച്ച ഔഷധമാണ്, ഇത് സാധാരണ ജലദോഷത്തിനും ചുമയ്ക്കും മാത്രമല്ല, ടൈപ്പ് 2 പ്രമേഹത്തെ തടയുന്നതിനും ഫലപ്രദമാണ്.
  • പ്രമേഹമുള്ള ആളുകൾക്ക് നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൃക്കകൾ അധിക ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളാൻ ശ്രമിക്കുന്നു, പക്ഷേ അതിന് വെള്ളം ആവശ്യമാണ്. അതിനാൽ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്തോറും കൂടുതൽ വെള്ളം കുടിക്കണം. ദാഹം പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് പറയുന്നത് അതിനാലാണെന്ന് ഡോ.സ്മിത പറഞ്ഞു.
  • ദൈനംദിന ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുക. കറുവാപ്പട്ടയിലെ ബയോ ആക്റ്റീവ് സംയുക്തം പ്രമേഹത്തെ തടയാനും ചെറുക്കാനും സഹായിക്കും. ഇൻസുലിൻ പ്രവർത്തനത്തെ ഉത്തേജിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കറുവാപ്പട്ടയ്ക്ക് കഴിയും. അര ടീസ്പൂൺ കറുവാപ്പട്ട ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ദിവസവും ഒരു തവണ കഴിക്കുക.
  • ആപ്പിൾ, പേരക്ക, ചെറി തുടങ്ങിയ ഫ്രഷ് പഴങ്ങൾ കഴിക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുന്നു. ആപ്പിളിൽ വിറ്റാമിൻ സി, ലയിക്കുന്ന നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ കാണപ്പെടുന്ന പെക്റ്റിൻ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ദോഷകരമായ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നതിനും ഇൻസുലിൻ കുറയ്ക്കുന്നതിനും ഗുണം ചെയ്യും. മാത്രമല്ല, ചില കാൻസർ, ഹൃദ്രോഗം, നേത്രരോഗങ്ങൾ, പ്രമേഹത്തിന്റെ സങ്കീർണതകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ആപ്പിളിന് കഴിയും.

ഇതൊക്കെ കൂടാതെ, സമീകൃതാഹാരം പിന്തുടരുക, കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങുക, പുകവലി, മദ്യപാനം, ജങ്ക്, മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക തുടങ്ങി ജീവിതശൈലിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തണമെന്നും ഡോ.സ്മിത ആവശ്യപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Effective ayurvedic tips to control blood sugar levels