scorecardresearch

തൈറോയ്ഡ് നിയന്ത്രിക്കാം, ഉറങ്ങുന്നതിനുമുമ്പ് ഈ 4 ഭക്ഷണങ്ങൾ കഴിക്കുക

തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം

nuts, food, ie malayalam

ഇന്നു നിരവധി സ്ത്രീകൾ നേരിടുന്നൊരു ആരോഗ്യപ്രശ്നമാണ് തൈറോയ്ഡ്. കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ്, ആവശ്യത്തിനു ഹോർമോണുകൾ ഉൽപാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം.

തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്രയുടെ അഭിപ്രായത്തിൽ ഉറങ്ങുന്നതിനു മുമ്പ് ശരിയായ ഭക്ഷണങ്ങൾ കഴിക്കുന്നത് തൈറോയ്ഡ് ആരോഗ്യത്തെ മെച്ചപ്പെടുത്തും. തൈറോയ്ഡിന്റെ അളവ് നിയന്ത്രിക്കാൻ ഉറങ്ങുന്നതിനു മുൻപ് കഴിക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ച് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

കുതിർത്ത കശുവണ്ടി

തൈറോയ്ഡുള്ളവർക്ക് രാത്രിയിൽ നാലോ അഞ്ചോ കശുവണ്ടി കുതിർത്തത് കഴിക്കാം. ഈ നട്‌സിൽ സെലിനിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ തൈറോയ്ഡ് അളവ് നിയന്ത്രിക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. ഇത് ഓക്സിഡേറ്റീവ് സമ്മർദത്തിൽനിന്ന് തൈറോയ്ഡ് ടിഷ്യൂകളെ സംരക്ഷിക്കുകയും തൈറോയ്ഡ് ഗ്രന്ഥി സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

തേങ്ങ

തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് ഒന്നോ രണ്ടോ കഷ്ണം തേങ്ങ കഴിക്കാം. തേങ്ങയിൽ ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയ പ്രവർത്തനം വർധിപ്പിക്കുകയും ഊർജ നില വർധിപ്പിക്കുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തേങ്ങ സഹായിക്കും.

കുതിർത്ത ചിയ വിത്തുകൾ

രാത്രിയിൽ ഉൾപ്പെടുത്തേണ്ട മറ്റു ഭക്ഷണങ്ങളിൽ ഒന്നാണ് ചിയ വിത്തുകൾ. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി ഒരു ടീസ്പൂൺ കുതിർത്ത ചിയ വിത്തുകൾ കഴിക്കുക. അവയിൽ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉയർന്ന ഉള്ളടക്കമുണ്ട്. അവയ്ക്ക് തൈറോയ്ഡ് ഗ്രന്ഥിയിലെ വീക്കം കുറയ്ക്കാൻ കഴിയും.

വറുത്ത മത്തങ്ങ വിത്തുകൾ

തൈറോയ്ഡ് ആരോഗ്യം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെങ്കിൽ, നിങ്ങളുടെ കിടക്കയ്ക്ക് അടുത്തുള്ള ടേബിളിൽ വറുത്ത മത്തങ്ങ വിത്തുകൾ ഒരു ചെറിയ പാത്രത്തിൽ വയ്ക്കുക. ഉറങ്ങുന്നതിനു മുൻപായി ദിവസവും ഈ വിത്തുകൾ ഒരു ടേബിൾസ്പൂൺ കഴിക്കുന്നത് തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിന് ആവശ്യമായ സിങ്ക് നൽകും. മത്തങ്ങയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം നൽകുന്നു. മത്തങ്ങ വിത്തുകളിലെ സെലിനിയം, കോപ്പർ, സിങ്ക് തുടങ്ങിയ ധാതുക്കളും നല്ല ഉറക്കത്തിന് സഹായിക്കും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Eating these foods before bed may help manage thyroid