scorecardresearch
Latest News

ദിവസവും അണ്ടിപ്പരിപ്പ് കഴിച്ചോളൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ

അണ്ടിപ്പരിപ്പ് ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും

ദിവസവും അണ്ടിപ്പരിപ്പ് കഴിച്ചോളൂ, പലതുണ്ട് ആരോഗ്യ ഗുണങ്ങൾ

അണ്ടിപ്പരിപ്പ് ആരോഗ്യദായകമാണ്, കൂടാതെ രുചികരവുമാണ്. ഇതിന് വളരെയധികം ആരോഗ്യ ഗുണങ്ങളുമുണ്ട്. അണ്ടിപ്പരിപ്പ് ശരീരത്തിലെ പ്രധാന അവയവങ്ങൾക്കും ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും ധാരാളം ഗുണങ്ങൾ നൽകുന്നു. എന്നാൽ ഈ ആരോഗ്യ ഗുണങ്ങൾ നേടാൻ ദിവസവും ഇവ കഴിക്കണം.

അണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മൃദുലവും തിളക്കമുള്ളതുമായ ചർമ്മം നിലനിർത്തുകയും പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അണ്ടിപ്പരിപ്പിന് നിലക്കടല, ബദാം എന്നിവയോട് വളരെ സാമ്യമുണ്ട്. പക്ഷേ കലോറിയിൽ വളരെ ഉയർന്നതാണ്.

ഉയർന്ന കലോറി ഉള്ളടക്കത്തിന് പുറമേ, കശുവണ്ടിയിൽ അവശ്യ ഫാറ്റി ആസിഡുകൾ, വിറ്റാമിൻ എ, ഇ, കെ, കോപ്പർ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവയും സമ്പുഷ്ടമാണ്. ദിവസവും അണ്ടിപ്പരിപ്പ് കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും: അണ്ടിപ്പരിപ്പ് ഹൃദയാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമായതിനാൽ അണ്ടിപ്പരിപ്പ് രക്തക്കുഴലുകളെ ശക്തിപ്പെടുത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കാനും സഹായിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം മെച്ചപ്പെടുത്താനും പരിപ്പ് സഹായിക്കുന്നു. ഇതിലെ ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങൾ ഹൃദയത്തെ ഏതെങ്കിലും അസുഖങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും: അണ്ടിപ്പരിപ്പിൽ ആരോഗ്യകരമായ അപൂരിത കൊഴുപ്പുകളും മഗ്നീഷ്യം, പൊട്ടാസ്യം, അർജിനൈൻ തുടങ്ങിയ ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും, അണ്ടിപ്പരിപ്പിൽ ഉയർന്ന കലോറി ഉള്ളതിനാൽ, പ്രമേഹ രോഗികൾ ഇവയുടെ ഉപയോഗം പ്രതിദിനം 3-4 ആയി പരിമിതപ്പെടുത്താൻ ശുപാർശ ചെയ്യുന്നു.

പ്രതിരോധശേഷി വർധിപ്പിക്കും: അണ്ടിപ്പരിപ്പിൽ ആന്റിഓക്‌സിഡന്റുകളും അവശ്യ ധാതുക്കളായ സിങ്കും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകൾ, വീക്കം എന്നിവയിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

എല്ലുകളെ ശക്തിപ്പെടുത്തുന്നു: പേശികൾക്ക് കൊളാജനും വഴക്കവും നൽകുന്ന അവശ്യ പോഷകങ്ങളുടെ ഒരു പവർഹൗസാണ് ഈ നട്‌സ്. ഇത് എല്ലുകളെ ബലപ്പെടുത്തുന്നു.

തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കും: അണ്ടിപ്പരിപ്പ് കഴിക്കുന്നതിലൂടെ ഫാറ്റി ആസിഡുകൾ ക്രമമായി വിതരണം ചെയ്യുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്നു.

പുരുഷന്മാരുടെ പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നു: അണ്ടിപ്പരിപ്പിൽ സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് പുരുഷന്മാരിലെ ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രത്യുത്പാദനശേഷി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. അണ്ടിപ്പരിപ്പ് പതിവായി കഴിക്കുന്നത് ശരീര ഭാരവും പ്രമേഹവും നിയന്ത്രിക്കാൻ സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Eating cashews every day bring immense health benefits