ഭക്ഷണത്തിന് മുമ്പ് ബദാം കഴിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. പ്രീ ഡയബറ്റിസും പൊണ്ണത്തടിയുമുള്ള ഇന്ത്യക്കാർക്ക് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് ഗുണം ചെയ്യുമെന്ന് രണ്ട് പുതിയ ഗവേഷണ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മൂന്നു മാസം നീണ്ടു നിന്നതും മൂന്നു ദിവസം നീണ്ടുനിന്നതുമായ രണ്ടു പഠനങ്ങളിലും പങ്കെടുത്തവർക്ക് ബദാം കഴിക്കാൻ നൽകിയിരുന്നു.
പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും 30 മിനിറ്റ് മുമ്പായി ഒരു പിടി ബദാം (20 ഗ്രാം) കഴിക്കാൻ നൽകി. പഠനത്തിൽ പങ്കാളിയായവർ പഠന കാലയളവിൽ മറ്റെല്ലാ നട്സുകളും ഒഴിവാക്കി. ഡോ.അനൂപ് മിശ്രയും ഡോ.സീമ ഗുലാത്തിയും ചേർന്ന് നടത്തിയ പഠനങ്ങൾക്ക് കാലിഫോർണിയയിലെ ആൽമണ്ട് ബോർഡാണ് ധനസഹായം നൽകിയത്.
”രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കുന്നുവെന്ന് ഞങ്ങളുടെ പഠനങ്ങളിൽ നിന്നുള്ള ഫലങ്ങൾ സൂചിപ്പിക്കുന്നു. ഓരോ ഭക്ഷണത്തിനുമുമ്പും ഒരു ചെറിയ അളവിൽ ബദാം കഴിക്കുന്നത് വെറും മൂന്ന് ദിവസത്തിനുള്ളിൽ പ്രീ ഡയബറ്റിസ് ഉള്ള ഇന്ത്യക്കാരുടെ ഗ്ലൈസെമിക് നിയന്ത്രണം വേഗത്തിലും സമൂലമായും മെച്ചപ്പെടുത്തുമെന്നാണ് ഈ ഫലങ്ങൾ കാണിക്കുന്നത്,” ന്യൂഡൽഹിയിലെ മെറ്റബോളിക് ഡിസീസസ് ആൻ എൻഡോക്രൈനോളജി, ഫോർട്ടിസ്-സി- ഡോക് സെന്റർ ഓഫ് എക്സലൻസ് ഫോർ ഡയബറ്റിസ് പ്രൊഫസർ ആൻഡ് ചെയർമാൻ ഡോ.അനൂപ് മിശ്ര പറഞ്ഞു.
ഭക്ഷണത്തിനു 30 മിനിറ്റ് മുമ്പ് 20 ഗ്രാം ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയിലും ഹോർമോണുകളിലും ഗണ്യമായ കുറവുണ്ടാകുമെന്ന് ഡോ. മിശ്ര അഭിപ്രായപ്പെട്ടു. ഫൈബർ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയ ബദാം മികച്ച ഗ്ലൈസെമിക് നിയന്ത്രണം നൽകാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.
ദീർഘകാല പഠനത്തിൽ, ഫാസ്റ്റിങ് ഗ്ലൂക്കോസ്, ഭക്ഷണത്തിനു ശേഷമുള്ള ഇൻസുലിൻ, ഹീമോഗ്ലോബിൻ എ1സി, പ്രോയിൻസുലിൻ, ടോട്ടൽ കൊളസ്ട്രോൾ, എൽഡിഎൽ-കൊളസ്ട്രോൾ, വളരെ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ എന്നിവയിൽ കുറവ് കാണപ്പെട്ടു. ബദാം വിശപ്പ് അനുഭവപ്പെടുന്നത് വൈകിപ്പിക്കാം. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഡോ. മിശ്ര പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.