ജീവിതകാലം മുഴുവൻ വേട്ടയാടുന്ന ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിലെ ഉയർന്ന പഞ്ചസാര കാലക്രമേണ ആരോഗ്യത്തെ ബാധിക്കുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യും. ജീവിതശൈലിയിലെയും ഭക്ഷണ രീതിയിലെയും മാറ്റം പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹ രോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ ഉയർന്ന ഫൈബർ ഭക്ഷണങ്ങൾ, സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീനുകൾ എന്നിവ കഴിക്കണം.
വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന പച്ചക്കറിയായ ബീൻസ് പ്രമേഹ രോഗികൾക്ക് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്. പ്രമേഹരോഗികൾക്കുള്ള മികച്ച ഭക്ഷണമാണിത്. ബീൻസിന്റെ ഗ്ലൈസമിക് ഇൻഡക്സ് കുറവാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ പറയുന്നു. ബീൻസിൽ പ്രോട്ടീനുകളും നാരുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ഏഷ്യൻ, മധ്യ കിഴക്കൻ, മെഡിറ്ററേനിയൻ, ലാറ്റിൻ അമേരിക്കൻ ഭക്ഷണങ്ങളിലെല്ലാം ബീൻസ് ഉൾപ്പെടുത്താറുണ്ട്. അതിനാൽതന്നെ പ്രമേഹരോഗികൾ ബീൻസ് കഴിക്കുന്നത് രോഗം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.
ജേണൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ടൈപ്പ്-2 പ്രമേഹമുള്ള മുതിർന്നവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ബീൻസ് കഴിക്കുന്നതിലൂടെ വർധനവ് ഉണ്ടാകുന്നില്ല. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലുള്ളവരുടെ ഭക്ഷണത്തിൽ ബീൻസ് ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. അവയ്ക്ക് പൂരിത കൊഴുപ്പ് ഇല്ല, ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, അതിനാൽതന്നെ കഴിക്കാൻ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ്.
ബീൻസിൽ ഉരുളക്കിഴങ്ങിനേക്കാളും അരിയേക്കാളും പ്രോട്ടീൻ വളരെ കൂടുതലാണ്. കൂടാതെ, ലയിക്കുന്ന നാരുകളുമുണ്ട്. ആരോഗ്യകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്കും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുകയും ചെയ്യുന്നു.
പല കാരണങ്ങളാൽ പ്രമേഹം ഉണ്ടാകാമെന്ന് തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ് ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ.എൻ.എസ്.ജയശ്രീ നേരത്തെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞിരുന്നു. ”കുടുംബ പാരമ്പര്യമായി പ്രമേഹം വരാം. അതായത് അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കിൽ മക്കൾക്ക് പ്രമേഹം വരാനുള്ള സാധ്യത 90 ശതമാനത്തിന് മുകളിലുണ്ടെന്നാണ് പറയുന്നത്. ഇവരിൽ ആരെങ്കിലും ഒരാൾക്ക്, അതായത് അച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിലും മക്കൾക്കു വരാം. ശരീരം ഭാരം കൂടുതലുള്ളവർക്കും, ബിപി, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്കും പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒബിസിറ്റി ഉള്ളവർക്ക് പെട്ടെന്നു ഷുഗർ വരാം.”
”പതിവായുള്ള വ്യായാമം, ശരീരം ഭാരം നിയന്ത്രിക്കുക ഇവയെല്ലാം പ്രമേഹത്തിനുള്ള കാലതാമസം കൂട്ടും. 25 വയസിൽ പ്രമേഹത്തിനുള്ള സാധ്യതയുണ്ടെങ്കിൽ ഒരു 50 അല്ലെങ്കിൽ 60 വയസിലേക്ക് കാലതാമസം വരുത്താൻ ഇതിലൂടെ കഴിയും. ചിലർക്ക് ഫാസ്റ്റിങ് ഷുഗർ കൂടുതലായിരിക്കും, പക്ഷേ ഭക്ഷണത്തിനുശേഷമുള്ള ഷുഗർ നിയന്ത്രണത്തിലായിരിക്കും. ഇവർക്ക് ഡയറ്റിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹം വരുന്നത് വൈകിപ്പിക്കാനാകും. വ്യായാമം ചെയ്യുന്നതും, ഭക്ഷണശേഷം ചെറിയ നടത്തം പോലുള്ള ശാരീരിക ചലനങ്ങളും ഇൻസുലിൽ ഉത്പാദനം കൂട്ടും. ഇത് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും,” ഡോ.ജയശ്രീ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.