നല്ല ഭക്ഷണ ശീലങ്ങൾ പല ആരോഗ്യപ്രശ്നങ്ങളും അകറ്റും. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ ബാഹ്യവും ആന്തരികവുമായ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. ഭക്ഷണ ശീലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യപ്രശ്നമാണ് കൊളസ്ട്രോൾ. അതിനാൽ, കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമായ ഹൃദയം നേടാനുള്ള ഏറ്റവും നല്ല മാർഗമാണ്.
ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദ്രോഗ സാധ്യത വർധിപ്പിക്കും. കാരണം ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത വർധിപ്പിക്കുന്നു. കൊഴുപ്പ് കൂടുന്നത് ധമനികളിലൂടെ രക്തം ഒഴുകുന്നത് ബുദ്ധിമുട്ടിലാക്കും. ഒടുവിൽ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകുന്നു.
ശരീരത്തിലെ കൊളസ്‌ട്രോളിന്റെ ഭൂരിഭാഗവും കരളിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്, ബാക്കിയുള്ളത് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. ഉയർന്ന കൊളസ്ട്രോൾ പാരമ്പര്യമായി ഉണ്ടാകാം, പക്ഷേ ഇത് പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലിയുടെ ഫലമാണ്. ഇത് തടയാനും ചികിത്സിക്കാനും കഴിയും. ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മരുന്നുകൾ എന്നിവ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
കൊളസ്ട്രോൾ കുറയ്ക്കാൻ പഴങ്ങൾ സഹായിക്കുന്നത് എങ്ങനെ?
കൊളസ്ട്രോൾ കുറയ്ക്കാൻ പഴങ്ങൾ പല രീതിയിൽ സഹായിക്കുന്നുണ്ട്. ചില പഴങ്ങൾ പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ നൽകുന്നു, ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു. ചിലതിൽ പ്ലാന്റ് സ്റ്റിറോളുകളും സ്റ്റാനോളുകളും അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു. മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പഴങ്ങൾ ഇവയാണ്.
ആപ്പിൾ
ഒരു തരം ലയിക്കുന്ന ഫൈബർ ആയ പെക്റ്റിൻ ആപ്പിളിലുണ്ട്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണിത്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകളും കൊളസ്‌ട്രോളിന്റെ അളവ് വലിയ തോതിൽ കുറയ്ക്കാൻ സഹായിക്കുന്നു.
ബെറി
സ്ട്രോബെറി, ക്രാൻബെറി, ബ്ലൂബെറി മുതലായവ സീസണൽ പഴങ്ങളിൽ നാരുകളുടെ അംശം കൂടുതലാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ ഓക്സിഡൈസേഷൻ തടയുന്നു. കൊളസ്‌ട്രോളിന്റെ ഓക്‌സിഡൈസേഷൻ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും. ഹൃദ്രോഗങ്ങളും മറ്റ് വിട്ടുമാറാത്ത രോഗങ്ങളും തടയാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളും ബെറികളിൽ അടങ്ങിയിട്ടുണ്ട്.
ഓറഞ്ച്
ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടം മാത്രമല്ല, ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കുകയും നല്ല കൊളസ്‌ട്രോളിനെ സഹായിക്കുകയും ചെയ്യുന്നു.
അവാക്കഡോ
രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിനെ തടയാൻ സഹായിക്കുന്ന ഒലിക് ആസിഡിന്റെ ശക്തികേന്ദ്രമാണ് അവാക്കഡോ. അവയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം
വാഴപ്പഴത്തിൽ നാരുകളും ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും സുക്രോസ്, ഫ്രക്ടോസ്, ഗ്ലൂക്കോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാരകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും നാരുകളുടെയും നല്ല ഉറവിടമായതിനാൽ കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.