ശൈത്യകാലത്ത് ചുമ, ജലദോഷം പോലുള്ള രോഗങ്ങൾ സാധാരണമാണ്. ഈ സമയത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾക്ക് മുൻഗണന നൽകണം. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ശൈത്യകാല രോഗങ്ങളിൽനിന്നും രക്ഷ നേടുന്നതിനുള്ള ഒരു പാചക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.
നമ്മുടെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ മൂന്നു ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു സാലഡിനെക്കുറിച്ചാണ് അവർ പറഞ്ഞിരിക്കുന്നത്. മഞ്ഞൾ, ഇഞ്ചി, നാരങ്ങ എന്നിവയാണ് സാലഡ് തയ്യാറാക്കാൻ വേണ്ടത്.
തയ്യാറാക്കുന്ന വിധം
മഞ്ഞളും ഇഞ്ചിയും തുല്യമായ അളവിൽ മുറിച്ചെടുക്കുക. ഇതിലേക്ക് സ്വാദിനായി നാരങ്ങ നീര് ചേർക്കുക. സാലഡ് തയ്യാർ. തണുപ്പുകാലത്ത് ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒപ്പം ഈ സാലഡ് കഴിക്കാം.
കഴിക്കുന്നതിനുള്ള മികച്ച സമയം: ഉച്ചഭക്ഷത്തിനും അത്താഴത്തിനുമൊപ്പം.
അളവ്: 5-7-10 കഷ്ണങ്ങൾ മതി. കൂടുതലാകരുത്.
കരളിന്റെ പ്രവർത്തനം, പ്രമേഹം, കൊളസ്ട്രോൾ, തൈറോയ്ഡ്, ശരീരവണ്ണം, പ്രതിരോധശേഷി, ശ്വാസകോശ സംബന്ധമായ തകരാറുകൾ, കണ്ണുകൾ, വിരകൾ നീക്കാൻ, സന്ധികളിലും ശരീരത്തിലുമുള്ള വീക്കം, മുഖക്കുരു തുടങ്ങിയവയ്ക്ക് മഞ്ഞൾ ഉത്തമമാണ്.
സന്ധി വേദന, ദഹനക്കേട്, ചുമ, ജലദോഷം എന്നിവ ഒഴിവാക്കാൻ ഇഞ്ചി സഹായിക്കുന്നു. മുറിവ് വേഗത്തിൽ ഉണക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
വിറ്റാമിൻ സി നിറഞ്ഞതാണ് നാരങ്ങ. വിശപ്പ്, പ്രതിരോധശേഷി, ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുക, വായ്നാറ്റം, വയറുവേദന, അമിത ദാഹം എന്നിവ ഒഴിവാക്കുകയും ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
ഈ മിശ്രിതം പ്രതിരോധശേഷി വർധിപ്പിച്ച് ശൈത്യകാല രോഗങ്ങളെ തടയാൻ സഹായിക്കുക മാത്രമല്ല, ശരീര ഭാരം നിലനിർത്താനും സഹായിക്കുന്നു. അതിനാൽ ഭക്ഷണത്തോടൊപ്പം എല്ലാ ദിവസവും കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.