കൗമാരത്തില്‍ ആരംഭിക്കുന്ന ആര്‍ത്തവ പ്രകിയ വാര്‍ദ്ധക്യത്തിലേക്ക് എത്തുമ്പോള്‍ സ്ഥിരമായി ഇല്ലാതാകുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം. സാധാരണയായി സ്ത്രീകളിൽ 40-50 വയസ്സിനിടയിലാണ് ഇതു സംഭവിക്കാറുളളത്. എന്നാൽ, പുതിയ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയാൽ ചിലരിൽ ആര്‍ത്തവ വിരാമം നേരത്തെ കണ്ടുവരുന്നുണ്ട്. ചില സ്ത്രീകളിൽ മുപ്പതുകളിൽ തന്നെ ആർത്തവവിരാമം സംഭവിച്ച കേസുകളുണ്ട്. നേരത്തെയുള്ള ആർത്തവിരാമം പലപ്പോഴും അതനുഭവിക്കുന്ന സ്ത്രീകളടക്കം പലരും മനസ്സിലാക്കാതെ പോവുകയാണ് പതിവ്. ഏറെ ശ്രദ്ധ നൽകേണ്ടതും ബോധവത്കരണം ആവശ്യമുള്ളതുമായ വിഷയമാണിത്.
നേരത്തെയുളള ആര്‍ത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകള്‍ വിവരിക്കുന്ന ഒരു സിനിമ അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയിരുന്നു. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്ത ‘ സ്റ്റാര്‍’ എന്ന ചിത്രം ‘ഏര്‍ളി മെനോപോസ് ‘ മൂലം വളരെ വ്യത്യസ്തമായി പെരുമാറുന്ന നായികയെ കുറിച്ചാണ് സംസാരിച്ചത്. അൽപ്പം നാടകീയമായാണ് ചിത്രം വിഷയത്തെ സമീപിച്ചതെങ്കിലും സമൂഹം സംസാരിക്കേണ്ട വിഷയം തന്നെയാണത്.
നേരത്തെയുളള ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വിവരിക്കുകയാണ് പോഷകാഹാരവിദഗ്ധയും കോച്ചുമായ സിംറുന്‍ ചോപ്ര.
“സ്ഥിരതയില്ലാത്ത ആര്‍ത്തവം, ശരീരത്തിൽ അമിതമായി ചൂട് അനുഭവപ്പെടുക, രാത്രിയില്‍ പതിവില്ലാത്ത വിധം വിയര്‍ക്കുക, വരണ്ട യോനിചര്‍മ്മം, അമിത ഉത്കണ്ഠ, ഉറക്കമില്ലായ്മ, ഓര്‍മ്മ കുറവ്, ശ്രദ്ധ ഇല്ലായ്മ, മടുപ്പ്, വിരക്തി തുടങ്ങിയവയാണ് നേരത്തെയുളള ആര്‍ത്തവ വിരാമത്തിന്റെ പ്രധാന ലക്ഷണങ്ങൾ,” സിംറുന്‍ പറയുന്നു.
ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു വിദഗ്ധ ഗൈനക്കോളജിസ്റ്റിനെ കാണുന്നതാകും നല്ലതെന്നും സിംറുന്‍ ഓര്‍മിപ്പിക്കുന്നു. ഒപ്പം, ഹോര്‍മോൺ മാറ്റത്തെ നിയന്ത്രണത്തിലാക്കാന്‍ കൃത്യമായ ഭക്ഷണരീതി പിന്തുടരേണ്ടതുണ്ട്.
പ്രോട്ടീന്‍
ഭക്ഷണത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. മസിലിന്റെ വലുപ്പം കുറയാന്‍ സാധ്യതയുളളതിനാല്‍ പ്രോട്ടീന്‍ അധികമായ ഭക്ഷണം കഴിക്കുക. കൂടെ വ്യായാമം ചെയ്യുന്നതും ഫലം ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡ്
ശരീരത്തിലെ താപനില കുറയ്ക്കാന്‍ ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും. അയല, മത്തി പോലുള്ള മീനുകൾ, ഫ്ളാക്സ് സീഡ്, സോയബീൻ, വാൾനട്സ്, ചീര പോലുള്ള ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
കാല്‍സ്യം
ആർത്തവ വിരാമ സമയത്ത് ഒസ്റ്റിയോപൊരോസിസ് (എല്ലിന് ബലം കുറയുന്ന അവസ്ഥ) ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് കാല്‍സ്യം ശരീരത്തിന് അത്യന്താപേക്ഷികമാണ്. വൈറ്റമിന്‍ ഡിയും ഇതിന് ആവശ്യമാണ്.
സ്ത്രീശരീരത്തിൽ പ്രൊലാക്ടിന്‍ ഹോർമോണിൽ വരുന്ന ഏറ്റകുറച്ചിലുകൾ കൊണ്ടും മേല്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണാൻ സാധ്യതയുണ്ട്. സ്ത്രീകളിലും പുരുഷന്‍മാരിലും ഒരുപോലെ കാണപ്പെടുന്ന പ്രൊലാക്ടിന്‍ ഹോർമോൺ ആണ് സ്തനങ്ങള്‍ക്ക് വലിപ്പം വര്‍ദ്ധിപ്പിക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതുമൊക്കെ. എന്നാല്‍ ഇതിന്റെ അളവ് കൂടുമ്പോൾ സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍, ഗര്‍ഭധാരണം എന്നിവയെ ബാധിക്കും. അതിനാൽ ഒരു വിദഗ്ധനെ കണ്ട് മെനോപ്പോസ് തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടതാണ്.