വേനൽക്കാലത്തെ ചൂടിനെ തോൽപ്പിക്കാനും നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങൾ തടയാനുമുള്ള ഏറ്റവും നല്ല മാർഗം ജലാംശം നിലനിർത്തുക എന്നതാണ്. അതിനായി ധാരാളം വെള്ളം കുടിക്കണമെന്നും ആളുകൾ പറയാറുണ്ട്.
എന്നാൽ,വെറും വെള്ളം കുടിച്ചത് കൊണ്ട് ജലാംശം നിലനിർത്താനാകില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അപ്പോൾ പിന്നെ എന്താണ് കുടിക്കേണ്ടത്. ജലാംശം നിലനിർത്താനുള്ള മാർഗങ്ങൾ എന്താണ്?
ക്ഷീണം, തലകറക്കം, തലവേദന, ചർമ്മത്തിലെയും വായയിലെയും വരൾച്ച, പേശീവലിവ്, ഇരുണ്ട മഞ്ഞനിറത്തിലുള്ള മൂത്രം എന്നിവ നിർജ്ജലീകരണിന്റെ ചില ലക്ഷണങ്ങളാണെന്ന് ഡയറ്റീഷ്യൻ നിഹാരിക്ക ബുധ്വാനി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നു.
“ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നതിന്റെയും ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റുകളുടെയും അഭാവത്തിന്റെയും അടയാളങ്ങളാണിവ. അതിനാൽ, ദ്രാവകം ശരീരത്തിൽ കൂടുന്നതിനൊപ്പം, ഇലക്ട്രോലൈറ്റുകളും പുനഃസ്ഥാപിക്കേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം, ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് തുടരും,” നിഹാരിക്ക ചൂണ്ടിക്കാട്ടി.
ഉയർന്ന ഊഷ്മാവ് ശരീരത്തിലെ ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നത് ശ്രദ്ധേയമാണ്. അതുപോലെ, നന്നായി ജലാംശം ഉള്ള ശരീരത്തിന് ഇലക്ട്രോലൈറ്റുകളും ആവശ്യമാണ്. അത് വെള്ളം പൂർണ്ണമായി ആഗിരണം ചെയ്യാൻ ആവശ്യമാണ്. കൂടാതെ, ഇലക്‌ട്രോലൈറ്റുകളുടെ സഹായത്തോടെ ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യപ്പെടുന്നു, ഡയറ്റീഷ്യൻ ഗരിമ ഗോയൽ ചൂണ്ടിക്കാട്ടി.
“അടിസ്ഥാനപരമായി, ഇലക്ട്രോലൈറ്റുകൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാണ്. അവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നാരങ്ങാവെള്ളം, കരിക്കിൻവെള്ളം, ഫ്രഷ് ഫ്രൂട്ട് ജ്യൂസ്, മോര് തുടങ്ങിയവ കഴിക്കുക. ഈ പാനീയങ്ങളിലെ ധാതുക്കൾ ശരീരകോശങ്ങളിലെ ഓസ്‌മോട്ടിക് മർദ്ദം നിയന്ത്രിക്കുന്നു,” ഗരിമ പറഞ്ഞു.
വേനൽച്ചൂടിനെ മറികടക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ആയുർവേദ പ്രാക്ടീഷണറായ ഡോ. രേഖ രാധാമണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്നു.
ബാർലി വെള്ളം: 2 കപ്പ് വെള്ളത്തിൽ 1 കപ്പ് ബാർലി ചേർക്കുക. 10 മിനിറ്റ് മൂടിവച്ച് നന്നായി വേവിക്കുക. ഈ വെള്ളം അരിച്ചെടുത്ത് കുടിക്കുക. ജലാംശം നിലനിർത്തുകയും മൂത്രനാളിയിലെ അണുബാധകളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യുന്നു. ഇവ കരളിനും കിഡ്‌നിക്കും മികച്ചതാണെന്ന്, ഡോ. രേഖ പറഞ്ഞു.
കരിമ്പ് ജ്യൂസ്: ഒരു ദിവസം 50 മില്ലിയിൽ കൂടരുത്. ശരീരത്തിലെ ചൂടും പിത്തവും കുറയ്ക്കുന്നു
മല്ലിയിലയുടെ വെള്ളം: മല്ലിയില ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തശേഷം കുടിക്കുക. പിത്തം കുറയ്ക്കാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണിതെന്ന് വിദഗ്ധ സൂചിപ്പിക്കുന്നു.
കരിക്കിൻവെള്ളം: പോഷകഗുണമുള്ളതും ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടവും, റീഹൈഡ്രേഷൻ സഹായിക്കുന്നു.