വെള്ളം കുടിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ച് നമ്മൾ ഒരുപാട് കേൾക്കാറുണ്ട്. ശരീരത്തിൽ ജലാശം നിലനിർത്തുന്നത് മുതൽ ചർമ്മം തിളങ്ങുന്നതിനു വരെയുള്ള ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. എന്നാൽ അങ്ങനെ ഏതെങ്കിലും വെള്ളം കുടിച്ചാൽ നിർജ്ജലീകരണം തടയാൻ പറ്റുമോ? ഇല്ല എന്നാണ് ആരോഗ്യ വിദഗ്ധനായ കോറി റോഡ്രിഗസ് ഒരു വീഡിയോയിൽ പറയുന്നത്.
“പ്ലെയിൻ വെള്ളം കുടിച്ച് നിർജ്ജലീകരണം തടയാൻ കഴിയില്ല. പ്രതിദിനം മൂന്നു – നാല് ലിറ്ററോളം വെള്ളം ഞാൻ കുടിക്കുമായിരുന്നു. എന്നാൽ അതിൽ ഇലക്ട്രോലൈറ്റുകൾ ഉണ്ടായിരുന്നില്ല. അതിനാൽ ഇവ വെറുതെ മൂത്രമൊഴിച്ച് പോവുകയാണ് ചെയ്തിരുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് ഇലക്ട്രോലൈറ്റുകൾ?
പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളാണ് പ്രധാന ഇലക്ട്രോലൈറ്റുകൾ. അത് വെള്ളത്തിൽ ലയിക്കുമ്പോൾ ഇലക്ട്രിക്കൽ ചാർജ് വഹിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കുടിക്കുന്ന ദ്രാവകത്തിൽ നിന്നുമാണ് നമ്മുടെ ശരീരത്തിന് ഈ ഇലക്ട്രോലൈറ്റുകൾ ലഭിക്കുന്നത്.
കോശങ്ങളിലേക്ക് പോഷകങ്ങൾ നീക്കുക, കോശങ്ങളിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുക, കേടായ ടിഷ്യൂകൾ പുനർനിർമ്മിക്കുക, ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുക, ഞരമ്പുകൾ, പേശികൾ, ഹൃദയം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ശാരീരിക പ്രവർത്തനങ്ങൾ നിർവഹിക്കാൻ അവ സഹായിക്കുന്നു.
വെള്ളത്തിൽ ഇവ ഉണ്ടാകാമെങ്കിലും ശുദ്ധീകരണ പ്രക്രിയയിൽ ഇവ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. കൂടാതെ, വ്യായാമം പോലുള്ള തീവ്രമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വിയർപ്പിലൂടെ ഇലക്ട്രോലൈറ്റുകൾ നഷ്ടപ്പെടുന്നു. അതോടൊപ്പം വയറിളക്കമോ ഛർദ്ദിയോ ഉണ്ടാകുമ്പോഴും ഇവ നഷ്ടപ്പെട്ട് നിർജ്ജലീകരണം സംഭവിക്കുന്നു.
ശരീരത്തിലെ ജലാശം നിലനിർത്താനായി വെള്ളത്തിൽ ഇലക്ട്രോലൈറ്റുകൾ ചേർക്കാൻ റോഡ്രിഗസ് പറയുന്നു. “ശരിയായി ജലാംശം ലഭിക്കുന്നതിന് നിങ്ങൾക്ക് വെള്ളത്തിനൊപ്പം ഇലക്ട്രോലൈറ്റുകളും ആവശ്യമാണ്. ഓരോ തവണയും നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ, നിങ്ങൾ സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നീ ഇലക്‌ട്രോലൈറ്റുകളും വെള്ളവും പുറത്തുവിടുന്നു. എന്നാൽ ഭൂരിഭാഗം വെറും ആളുകളും മാത്രം കുടിയ്ക്കുന്നു. അതിനാൽ കൂടുതൽ ഇലക്ട്രോലൈറ്റുകൾ നിങ്ങൾക്ക് ആവശ്യമാണ്,” വിദഗ്ധൻ പറയുന്നു.
ഒരു പുരുഷന്റെ ശരീരഭാരത്തിന്റെ ഏകദേശം 65 ശതമാനവും സ്ത്രീയുടെ ശരീരഭാരത്തിന്റെ 60 ശതമാനവും വെള്ളമാണ്. സോഡിയം, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ക്ലോറൈഡ് എന്നിവയെല്ലാം വെള്ളത്തിൽ കാണപ്പെടുന്ന ഇലക്ട്രോലൈറ്റുകളാണ്, പക്ഷേ പ്രകൃതിദത്ത ഉറവ വെള്ളത്തിൽ ഇവ ധാരാളമായി കാണപ്പെടുന്നു. ശുദ്ധീകരിച്ച കുടിവെള്ളത്തിൽ ആവശ്യമായ ഇലക്ട്രോലൈറ്റുകൾ ഉണ്ടാകാനുള്ള സാധ്യത കുറവാണ്, എസ്എൽ. രഹേജ ഹോസ്പിറ്റൽ, ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. നിഖിൽ കുൽക്കർണി പറയുന്നു.
കുടിവെള്ളത്തിൽ ഇലക്‌ട്രോലൈറ്റുകൾ ചേർക്കാൻ പ്രകൃതിദത്തമായ വഴികളുണ്ടെങ്കിലും, ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ അളവ് കുറയുന്നതും കൂടുന്നതും ദോഷകരമാകുമെന്നതിനാൽ ജാഗ്രത പാലിക്കണമെന്നും ഡോ.നിഖിൽ കൂട്ടിച്ചേർത്തു. “അധികം സോഡിയം ഹൈപ്പർനാട്രീമിയയ്ക്കും അമിതമായ പൊട്ടാസ്യം ഹൈപ്പർകലീമിയയ്ക്കും കാരണമാകും. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു,” ഡോ.നിഖിൽ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
വെള്ളത്തിൽ എങ്ങനെ ഇലക്ട്രോലൈറ്റുകൾ ചേർക്കാം?
അതിനുള്ള ഏറ്റവും ലളിതമായ മാർഗ്ഗം വെള്ളത്തിൽ ഒരു നുള്ള് കല്ല് ഉപ്പ് ചേർക്കുക എന്നതാണ്. നിങ്ങളുടെ വെള്ളത്തിൽ “ഇഞ്ചിയും തണ്ണിമത്തനും” ചേർക്കാം. ഒരാൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും പോഷകഗുണമുള്ള സ്രോതസ്സാണ് കരിക്കിൽവെള്ളമെന്ന് ഡോ.നിഖിൽ പറഞ്ഞു.
ഇലക്ട്രോലൈറ്റുള്ള വെള്ളം തയാറാക്കുന്നതെങ്ങനെ?
അര കപ്പ് ഓറഞ്ച് ജ്യൂസ്, രണ്ടു കപ്പ് വെള്ളം, കാൽ കപ്പ് നാരങ്ങാ വെള്ളം, ഒരു നുള്ള് കല്ലു ഉപ്പ്, രണ്ടു സ്പൂൺ തേൻ (ആവശ്യമെങ്കിൽ മാത്രം) എന്നിവ ചേർത്ത്, വീട്ടിൽ തന്നെ ഇലക്ട്രോലൈറ്റുകൾ ഉണ്ടാക്കുന്ന റെസിപ്പിയും ഡോ. നിഖിൽ പങ്കുവച്ചു.