/indian-express-malayalam/media/media_files/2025/04/16/1BPTNL8ylIQ35YLZH4jk.jpg)
Source: Freepik
രാവിലെ എഴുന്നേറ്റ ഉടൻ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലക്കാർ ഒട്ടേറെയാണ്. ഒരു കപ്പ് കാപ്പി ഇല്ലാതെ ദിവസം തുടങ്ങുന്നതിനെക്കുറിച്ച് ചിലർക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. രാവിലെ ഊർജം പകരുന്നതിന് ഒരു കപ്പ് കാപ്പി സഹായിക്കുമെന്ന് ഇക്കൂട്ടർ കരുതുന്നു. കാപ്പി കുടിക്കുന്നത് ആശ്വാസകരവും ഊർജസ്വലവുമാണെങ്കിലും, വെറും വയറ്റിൽ കുടിക്കുന്നത് എല്ലാവർക്കും ആരോഗ്യകരമായ ശീലമായിരിക്കില്ല.
രാവിലെ ആദ്യം തന്നെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തെയും ഉപാപചയ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും ദഹന പ്രശ്നങ്ങൾക്ക്, പ്രത്യേകിച്ച് ആസിഡ് റിഫ്ലക്സിന് കാരണമാകുകയും ചെയ്യും. രാവിലെ കാപ്പി കുടിക്കുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കഫീൻ വർധിപ്പിക്കുന്നു.
ഉയർന്ന അളവിലുള്ള കോർട്ടിസോൾ ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം, പേശി ബലഹീനത, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകും. ശരീരം കോർട്ടിസോൾ കൂടുതലായി ഉത്പാദിപ്പിക്കുന്നുണ്ടെങ്കിൽ അതൊരു ആരോഗ്യ പ്രശ്നത്തെ സൂചിപ്പിക്കുന്നു. ഉറക്കമുണർന്ന ഉടനെ കഫീൻ കഴിക്കുന്നത് ചില വ്യക്തികളിൽ സമ്മർദവും ഉത്കണ്ഠയും വർധിപ്പിക്കും. സമ്മർദം ശരീരത്തിലെ മിക്കവാറും എല്ലാ പ്രക്രിയകളെയും പ്രതികൂലമായി ബാധിക്കും.
ഉപാപചയപ്രവർത്തനം, രോഗപ്രതിരോധം എന്നിവയുൾപ്പെടെ ശരീരത്തിലുടനീളം വിവിധ പ്രക്രിയകളെ നിയന്ത്രിക്കുന്ന ഒരു സ്റ്റിറോയിഡ് ഹോർമോണാണ് കോർട്ടിസോൾ. സാധാരണയായി രാവിലെ 6 നും 10 നും ഇടയിലാണ് കോർട്ടിസോളിന്റെ അളവ് ഏറ്റവും ഉയർന്ന നിലയിൽ എത്തുന്നത്. ഈ സമയത്ത് കാപ്പി കുടിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെ തടസപ്പെടുത്തും.
കാപ്പി കുടിക്കാൻ അനുയോജ്യമായ സമയം
കാപ്പി കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉറക്കമുണർന്നതിന് ശേഷമുള്ള 1.5 മുതൽ 2 മണിക്കൂർ വരെയാണ്. കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ, ദഹന പ്രശ്നങ്ങൾ ലഘൂകരിക്കുന്നതിന് ലഘുഭക്ഷണ സമയത്ത് കുടിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us