ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് ദൈംദിന ഭക്ഷണത്തിൽ മതിയായ അളവിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. പഴങ്ങൾ മുഴുവനായി കഴിക്കാൻ താൽപര്യമില്ലാത്തവർക്കുള്ള രണ്ടാമത്തെ ഓപ്ഷനാണ് ജ്യൂസ്. ആരോഗ്യത്തിനും കൂടുതൽ ഊർജം നേടാനും രോഗങ്ങൾക്കെതിരെ കൂടുതൽ പ്രതിരോധം നേടാനും ഒരാൾ കുടിക്കേണ്ട മൂന്നു ജ്യൂസുകളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരുന്നു.
ഇതോടൊപ്പം തന്നെ ജങ്ക് ഫുഡുകൾ, പഞ്ചസാര, സോഡയും മറ്റും നിറഞ്ഞ പാനീയങ്ങൾ, സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ എന്നിവയുടെ ഉപഭോഗം കുറയ്ക്കാനും അവർ നിർദേശിച്ചു. തുളസി ജ്യൂസ്, തണ്ണിമത്തൻ ജ്യൂസ്, കാരറ്റ് ജ്യൂസ് എന്നിവയുടെ ഗുണങ്ങളെക്കുറിച്ചും അവ തയ്യാറാക്കുന്നത് എങ്ങനെയെന്നതും അവർ പറഞ്ഞിട്ടുണ്ട്.
തുളസി ജ്യൂസ്
ആസ്ത്മ, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ, സൈനസ് പ്രശ്നങ്ങൾ, അസിഡിറ്റി, മലബന്ധം, പനി എന്നിവയ്ക്കുള്ള മികച്ച പ്രതിവിധിയാണ് തുളസിയിലയുടെ നീരെന്ന് വിദഗ്ധർ പറയുന്നു. പച്ച തുളസിയെ അപേക്ഷിച്ച് കറുത്ത തുളസി ഇലകൾക്ക് കൂടുതൽ ഔഷധ ഗുണങ്ങളുണ്ട്.
തയ്യാറാക്കുന്ന വിധം: ഇരുപത്തിയഞ്ചോളം തുളസി ഇലകൾ ചതച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് വെള്ളവും നാരങ്ങയും ഉപ്പും ചേർത്ത് ദിവസത്തിൽ രണ്ടുതവണ കുടിക്കുക.
തണ്ണിമത്തൻ ജ്യൂസ്
ശരീരത്തിൽ വെള്ളം നിലനിർത്താൻ ഈ ജ്യൂസ് മികച്ചതാണ്. തണ്ണിമത്തൻ ജ്യൂസിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ വെള്ളം നിലനിർത്താനും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ എ, ബി6, ബി1, സി, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് തണ്ണിമത്തൻ ജ്യൂസെന്ന് ലിവ്‌ലോങ്ങിലെ ന്യൂട്രീഷ്യനിസ്റ്റ് ഡോ.യോഗിനി പാട്ടീൽ ബിഎഎംഎസ് പറഞ്ഞു. കരളിനെ ശുദ്ധീകരിക്കുന്നതിനും വൃക്കയിലെ കല്ലുകൾ പുറത്തേക്കു കളയുന്നതിനും സഹായിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
തയ്യാറാക്കുന്ന വിധം: തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കിയശേഷം അടിച്ചെടുക്കുക. ഗ്ലാസിലേക്ക് മാറ്റിയശേഷം കുടിക്കുക.
കാരറ്റ് ജ്യൂസ്
കാൽസ്യം, വിറ്റാമിൻ എ, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. കൂടാതെ, വിറ്റാമിനുകളായ ബി, സി, ഡി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്. നാഡീവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ചർമ്മം, മുടി, നഖം എന്നിവ മെച്ചപ്പെടുത്താനും രക്തം ശുദ്ധീകരിക്കാനും കാരറ്റ് സഹായിക്കുന്നു.
”കാരറ്റ് ജ്യൂസിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ബി6, കെ, സി എന്നിവയും പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇവ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും ഇത് മികച്ചതാണ്,” പാട്ടീൽ പറഞ്ഞു.
തയ്യാറാക്കുന്ന വിധം: 6-7 വലിയ കാരറ്റ് ഉപയോഗിച്ച് ഒരു ഗ്ലാസ് ജ്യൂസ് ഉണ്ടാക്കി ദിവസത്തിൽ ഒരിക്കൽ കുടിക്കുക.