നമ്മുടെ ശരീരഘടനയുടെ അവിഭാജ്യ ഘടകമായ വെള്ളം ശരീര വ്യവസ്ഥകളുടെ സുഗമമായ പ്രവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. അതുകൊണ്ടാണ് ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന് വിദഗ്ധർ എപ്പോഴും ഊന്നൽ നൽകുന്നത്. ഇത് എല്ലാവർക്കും ഒരുപോലെയാണ്.
ഗർഭിണികളും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. സ്വന്തം ശാരീരിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് പുറമേ ഒരു പുതിയ ജീവിതത്തിന്റെ വികാസത്തെയും പിന്തുണയ്ക്കേണ്ടതുണ്ട്. കൂടാതെ, ഗർഭകാലത്തെ നിർജ്ജലീകരണം തലവേദന, ക്ഷീണം തുടങ്ങിയ പല സങ്കീർണതകൾക്കും, അകാല പ്രസവം, അമ്നിയോട്ടിക് ദ്രാവകത്തിന്റെ ഉത്പാദനം കുറയുക തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്കും നയിച്ചേക്കാം. ഗർഭിണികൾ ജലാംശം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകളും ഉണ്ട്.
ഗർഭകാലത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന്റെ ആറ് ശാസ്ത്രീയ ഗുണങ്ങൾ
ഗർഭാവസ്ഥയിൽ ആവശ്യത്തിന് വെള്ളം കുടിക്കുന്നതിന്റെ ആറ് ശാസ്ത്രീയ ഗുണങ്ങൾ ഗൈനക്കോളജിസ്റ്റായ ഡോ. രമ്യ കബിലൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു:
ഒപ്റ്റിമൽ ഫീറ്റൽ വികസനം
ഫീറ്റലിന്റെ ശരിയായ വികാസത്തിന് ഗർഭകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ് നിലനിർത്താൻ വെള്ളം സഹായിക്കുന്നു. ഇത് കുഞ്ഞിന് ഒരു സംരക്ഷണ തലയണയായി പ്രവർത്തിക്കുകയും ആരോഗ്യകരമായ അന്തരീക്ഷത്തിൽ നീങ്ങാനും വികസിപ്പിക്കാനും അനുവദിക്കുന്നു.
നിർജ്ജലീകരണവുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയുന്നു
ഗർഭകാലത്തെ നിർജ്ജലീകരണം അകാല പ്രസവം, ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ, കുറഞ്ഞ അമ്നിയോട്ടിക് ദ്രാവകത്തിന്റെ അളവ്, പ്ലാസന്റയിലേക്കുള്ള രക്തയോട്ടം കുറയൽ തുടങ്ങിയ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ഈ സങ്കീർണതകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
പോഷകങ്ങളുടെ ആഗിരണത്തെയും മാലിന്യ നിർമാർജനത്തെയും പിന്തുണയ്ക്കുന്നു
ഗർഭസ്ഥശിശുവിലെ പോഷകങ്ങളുടെ ദഹനം, ആഗിരണം, ട്രാൻസ്പോർട്ടേഷൻ എന്നിവയിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അമ്മയുടെയും കുഞ്ഞിന്റെയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.
ശരീര താപനില നിയന്ത്രിക്കുന്നു
വെള്ളം കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും അമിതമായി ചൂടാകാനുള്ള സാധ്യത തടയാനും സഹായിക്കുന്നു.
മലബന്ധവും മൂത്രനാളി അണുബാധയും (UTIs) തടയുന്നു
മതിയായ ജലാംശം മലം ക്രമാനുഗതമായി നിലനിർത്തുന്നതിലൂടെ മലബന്ധം തടയാൻ സഹായിക്കുന്നു. കൂടാതെ, ഇത് മൂത്രനാളിയിൽ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുന്നു, ഗർഭാവസ്ഥയിൽ കൂടുതലായി കാണപ്പെടുന്ന യുടിഐകളുടെ അപകടസാധ്യത കുറയ്ക്കുന്നു.
മാസം തികയാതെയുള്ള പ്രസവത്തിന്റെ സാധ്യത കുറയ്ക്കുന്നു
നിർജ്ജലീകരണം അകാല പ്രസവത്തിനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലാംശം നിലനിർത്തുന്നത് ഗർഭാശയ സങ്കോചങ്ങൾ നിലനിർത്താൻ സഹായിക്കുകയും അകാല ജനനത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു, ഇത് കുഞ്ഞിന് ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
ഗർഭാവസ്ഥയിൽ ഒപ്റ്റിമൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണെന്നും അത് അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ധാരാളം നേട്ടങ്ങൾ നൽകുവെന്നും നാനാവതി മാക്‌സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സുരുചി ദേശായി പറഞ്ഞു.
“മതിയായ ജലാംശം അമ്മയുടെ വർദ്ധിച്ചുവരുന്ന രക്തത്തിന്റെ അളവിനെ പിന്തുണയ്ക്കുന്നു, ഇത് ഗർഭസ്ഥശിശുവിന് പോഷകങ്ങൾ എത്തിക്കുന്നതിന് ആവശ്യമാണ്. കൂടാതെ, കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും നൽകുന്ന നിർണായക അവയവമായ പ്ലാസന്റയുടെ രൂപീകരണത്തിന് വെള്ളം സഹായിക്കുന്നു. ഇത് അമ്നിയോട്ടിക് ദ്രാവകത്തിന്റെ ഉൽപാദനത്തെ സഹായിക്കുകയും അത് ഗർഭപാത്രത്തിലെ കുഞ്ഞിന് കുഷ്യനായി പ്രവർത്തിക്കുകയും ചെയ്യുന്നു,” ഡോ. സുരുചി പറഞ്ഞു.
ഗർഭിണിയെ സംബന്ധിച്ചിടത്തോളം, ജലാംശം നിലനിർത്തുന്നത് ഗർഭധാരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ലഘൂകരിക്കാൻ സഹായിക്കും. മലബന്ധം, മൂത്രനാളിയിലെ അണുബാധ, കാലുകളിലും കൈകളിലും നീർവീക്കം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ശരിയായ ജലാംശം “ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കുകയും ചെയ്യും,” ഡോ. സുരുചി പറഞ്ഞു.
ഗർഭകാലത്ത് എങ്ങനെ ജലാംശം നിലനിർത്താം
ധാരാളം ദ്രാവകങ്ങൾ കുടിക്കാൻ ശുപാർശ ചെയ്യപ്പെടുമ്പോൾ, ഗർഭിണികൾ അവരുടെ പാനീയങ്ങളിൽ ശ്രദ്ധിക്കണം. സൂക്ഷിക്കേണ്ട ചില കാര്യങ്ങൾ ഡോ. സുരുചി പങ്കുവയ്ക്കുന്നു.
- പ്രതിദിനം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും ലക്ഷ്യം വയ്ക്കുക, എന്നാൽ ഇത് വ്യക്തിഗത ആരോഗ്യം, പ്രവർത്തന നില, കാലാവസ്ഥ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം.
- ദ്രാവകം എന്നത് വെള്ളം മാത്രമാകണമെന്നില്ല. പഴങ്ങൾ, പച്ചക്കറികൾ, സൂപ്പ് എന്നിവ പോലുള്ള ദ്രാവക സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ദൈനംദിന ജലാംശം ലക്ഷ്യങ്ങളിലേക്ക് നയിക്കും.
- കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്തുക. കാരണം ഇത് ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുകയും നിർജ്ജലീകരണത്തിന് കാരണമായേക്കാവുന്ന മൂത്രമൊഴിക്കൽ വർദ്ധിപ്പിക്കുകയും ചെയ്യും.
- പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഒഴിവാക്കണം. അവ ദാഹത്തിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും, മൊത്തത്തിലുള്ള ആരോഗ്യത്തിന് അവ പ്രയോജനകരമല്ല. മാത്രമല്ല ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ പ്രശ്നങ്ങൾക്കും കാരണമാകും.
- ഗർഭാവസ്ഥയിൽ രുചിയിലെ മാറ്റങ്ങൾ കാരണം പ്ലെയിൻ വാട്ടർ കുടിക്കുന്നത് അത്ര ഇഷ്ടമല്ലെങ്കിൽ അവയിൽ നാരങ്ങ, കുക്കുമ്പർ അല്ലെങ്കിൽ പുതിന ചേർക്കാം.