scorecardresearch

രാത്രിയിൽ പല്ല് തേക്കാറില്ലേ? നിങ്ങളുടെ ഹൃദയം അപകടത്തിലായേക്കാം

രാത്രിയിൽ പല്ല് തേക്കുന്നത് ഒഴിവാക്കിയാൽ, പല്ല് കേടാകുന്നതിനേക്കാൾ വലിയ അപകടമാണ് നിങ്ങൾ ക്ഷണിച്ചുവരുത്തുന്നത്

രാത്രിയിൽ പല്ല് തേക്കുന്നത് ഒഴിവാക്കിയാൽ, പല്ല് കേടാകുന്നതിനേക്കാൾ വലിയ അപകടമാണ് നിങ്ങൾ ക്ഷണിച്ചുവരുത്തുന്നത്

author-image
Health Desk
New Update
Dental Health

Image Source: Freepik

വായുടെ ശുചിത്വം എന്നത് നിസാരമായ ഒരു ശീലമായി നമുക്ക് തോന്നാമെങ്കിലും, അത് പാലിക്കാതിരിക്കുന്നത് വെറും പല്ല് കേടാകുന്നതിനും അപ്പുറമുള്ള ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഉറങ്ങുന്നതിന് മുമ്പ് പല്ല് തേക്കാതിരിക്കുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് അനസ്തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെഡിസിൻ ഫിസിഷ്യനുമായ ഡോ.കുനാൽ സൂദ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിച്ചു.

Advertisment

"നിങ്ങൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് പല്ല് തേച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. വായുടെ ശുചിത്വം ഹൃദയാരോഗ്യത്തിന് സംരക്ഷണം നൽകുന്ന ഒന്നാണ്. രാത്രിയിൽ പല്ല് തേക്കുന്നത് ഒഴിവാക്കിയാൽ, പല്ല് കേടാകുന്നതിനേക്കാൾ വലിയ അപകടമാണ് നിങ്ങൾ ക്ഷണിച്ചുവരുത്തുന്നത്,"ഡോ.സൂദ് മുന്നറിയിപ്പ് നൽകി. മോശമായ വായുടെ ശുചിത്വം ഹൃദ്രോഗങ്ങൾക്കും ഹൃദയസ്തംഭനത്തിനുമുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ശരിയായ സമയത്ത് പല്ല് തേക്കേണ്ടത് അത്യാവശ്യമാണെന്നും 2023-ലെ ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Also Read: ഗ്യാസും വയറിലെ അസ്വസ്ഥതയും മാറ്റാൻ മരുന്ന് വേണ്ട; ഇതാ 6 സിംപിൾ വഴികൾ

ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് ഡോ. സൂദ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "വായിലെ ബാക്ടീരിയകൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുകയും അത് കാലക്രമേണ ഹൃദയത്തെ ബാധിക്കുന്ന തരത്തിലുള്ള വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു എന്നതാണ് ഇതിന് പിന്നിലെ സിദ്ധാന്തം." എന്നിരുന്നാലും, പല്ല് തേക്കാതിരിക്കുന്നത് നേരിട്ട് ഹൃദ്രോഗത്തിന് കാരണമാകില്ലെന്നും, മറിച്ച് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാവുന്ന പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ് മോശമായ വായു ശുചിത്വം എന്നും അദ്ദേഹം വ്യക്തമാക്കി.

"ഡോക്ടർ സൂദിന്റെ അഭിപ്രായത്തിൽ, ഇടയ്ക്കിടെ പല്ല് തേയ്ക്കുന്നവർക്ക് കൂടുതൽ ആരോഗ്യകരമായ ഹൃദയം ഉണ്ടാകാൻ സാധ്യതയുണ്ട്. യഥാർത്ഥത്തിൽ, ദിവസത്തിൽ മൂന്ന് തവണയെങ്കിലും പല്ല് തേയ്ക്കുന്നതും കൃത്യമായ ഇടവേളകളിൽ ദന്തപരിശോധന നടത്തുന്നതും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മോണരോഗങ്ങൾ, പല്ല് കൊഴിച്ചിൽ തുടങ്ങിയ ദന്തപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്' വഴികളിലൊന്നാണ് വായുടെ ശുചിത്വം,'' അദ്ദേഹം പറഞ്ഞു.

Also Read: മലബന്ധം അകറ്റാൻ പപ്പായയ്ക്ക് കഴിയുമോ?

വായയിലെ ബാക്ടീരിയകൾ എങ്ങനെയാണ് വീക്കത്തിന് കാരണമാകുന്നതെന്നും, ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയത്തെ എങ്ങനെ ബാധിക്കുമെന്നും പ്രമുഖ പബ്ലിക് ഹെൽത്ത് ഇന്റലക്ച്വൽ ഡോ. ജഗദീഷ് ഹിരേമത് ഇന്ത്യൻ എക്സ്പ്രസിനോട് വിശദീകരിച്ചു. "രാത്രിയിൽ പല്ല് തേയ്ക്കുന്നത് ഒഴിവാക്കുമ്പോൾ, വായയിൽ പ്ലാക്കും ബാക്ടീരിയകളും അടിഞ്ഞുകൂടുന്നു. ഈ ബാക്ടീരിയകൾ പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ രക്തപ്രവാഹത്തിൽ കലരുകയും ശരീരമാസകലം വീക്കത്തിന് കാരണമാവുകയും ചെയ്യുന്നു."

"തുടർച്ചയായുണ്ടാകുന്ന ഇത്തരത്തിലുള്ള വീക്കം രക്തക്കുഴലുകളുടെ ഉൾഭിത്തിയെ ബാധിക്കും. ഇത് രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും അതുവഴി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വർധിപ്പിക്കാനും കാരണമാകുന്നു. വായ ശുചിത്വമില്ലാത്ത എല്ലാവർക്കും ഹൃദ്രോഗം വരണമെന്നില്ല. എങ്കിലും, വായുടെ ആരോഗ്യം സംരക്ഷിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു മാർഗമാണ്,'' അദ്ദേഹം പറഞ്ഞു.

Also Read: പഴങ്ങളിലെ പഞ്ചസാര ദോഷകരമോ? തെറ്റിദ്ധാരണ തിരുത്തി ഡോക്ടർ

ഹൃദയാരോഗ്യവും വായുടെ ശുചിത്വവും തമ്മിലുള്ള ബന്ധം

വ്യക്തികൾക്ക് അവരുടെ രക്തസമ്മർദം, കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കുടുംബചരിത്രം, ഭക്ഷണരീതി, വ്യായാമം, പുകവലി തുടങ്ങിയ ജീവിതശൈലികൾ എന്നിവ പരിശോധിച്ചുകൊണ്ട് ഹൃദയാരോഗ്യം വിലയിരുത്താവുന്നതാണെന്ന് ഡോ.ഹിരേമത് പറഞ്ഞു. ദന്തസംരക്ഷണം മോണരോഗങ്ങളെ തടയുന്നതിലൂടെയും ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിലൂടെയും ഈ പ്രക്രിയയിൽ പ്രധാന പങ്കുവഹിക്കുന്നു.

“കൃത്യമായ ബ്രഷിങ്, ഫ്ലോസിങ്, ദന്തപരിശോധനകൾ എന്നിവ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഘടകങ്ങളെ കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യത്തിന് മുതൽക്കൂട്ടാകുന്നു. കൃത്യമായ ഇടവേളകളിൽ ദന്ത ഡോക്ടറെ കണ്ട് പല്ലുകൾ വൃത്തിയാക്കുന്നതും, മോണരോഗങ്ങളുടെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതും വായുടെ ആരോഗ്യവും ഒപ്പം ഹൃദയാരോഗ്യവും നിലനിർത്താൻ സഹായിക്കും,” അദ്ദേഹം വിശദീകരിച്ചു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പേരയ്ക്ക തൊലി കളഞ്ഞ് കഴിക്കൂ; പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാമെന്ന് പുതിയ പഠനം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: