/indian-express-malayalam/media/media_files/9PM9DOSmPV4Frkh8uZ21.jpg)
Representational image via Canva
നിസ്സാരമെന്ന് തോന്നുകയും എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മെ ഏറെ അലട്ടുന്നതുമായ അസുഖമാണ് പനി. പ്രതിരോധ ശക്തി കുറവുള്ളവരെയാണ് പനി പെട്ടെന്ന് പിടി കൂടുക. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നമ്മുടെ ശരീരത്തിലെ വിറ്റാമിൻ സി. അതിനാൽ തന്നെ വിറ്റാമിൻ സി അധികമായുള്ളവരെ പനി അടക്കമുള്ള പകർച്ചവ്യാധികൾ അത്ര പെട്ടെന്ന് പിടി കൂടാറില്ല.
അബ്സോർബിക് ആസിഡെന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിറ്റാമിൻ സിയുടെ ഗുണങ്ങൾ ഏറെയാണ്. നമ്മുടെ ശരീരത്തിലെ രോഗാണുക്കളെ തുരത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വെളുത്ത രക്താണുക്കളുടെ ഉൽപ്പാദനത്തിന് സഹായിക്കുന്നതും വിറ്റാമിൻ സി ആണ്.
പനിയെ തുരത്താനുള്ള പവർ വിറ്റാമിൻ സിയ്ക്കുണ്ടോ ?
വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിറ്റാമിൻ സി ശരീരത്തിലുണ്ടാകുന്നത് വഴി പനിയെ പ്രതിരോധിക്കാനും അസുഖം വന്നതിന് ശേഷമുള്ള രോഗമുക്തിക്കും കാരണമാകും. ഇതിന് അടിസ്ഥാനപരമായി പൂർണ്ണത ഇല്ലെങ്കിലും കോക്രേൻ ഡേറ്റാബേസ് ഓഫ് സിസ്റ്റമാറ്റിക്ക് റിവ്യൂസിന്റെ നിരന്തരമായ റിസർച്ചുകൾ കണ്ടെത്തിയത് ഇടയ്ക്കിടെ വിറ്റാമിൻ സപ്ലിമെന്റുകൾ എടുക്കുന്നവരുടെ ശരീരത്തിൽ പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് അധിക ദിവസം പിടിച്ച് നിൽക്കാനാവില്ല എന്നതാണ്.
എന്നാൽ വ്യക്തികളുടെ ജീവിതശൈലിക്കനുസരിച്ച് വിറ്റാമിൻ സിയുടെ പവറും മാറി മറിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അത്ലറ്റുകളടക്കം വിറ്റാമിൻ സി സപ്ലിമെന്റുകൾ സ്ഥിരമായി എടുക്കുന്നവരിൽ പനിയടക്കമുള്ള രോഗങ്ങൾക്കെതിരായി പ്രതിരോധം ശക്തമാവുമ്പോൾ സാധാരണ ജീവിതം നയിക്കുന്നവരിലേക്കെത്തുമ്പോൾ അത് കുറയുന്നതായും പഠനങ്ങൾ പറയുന്നു. എന്നാൽ അമിതമായി വിറ്റാമിൻ സി എടുക്കുന്നവരിൽ എടുത്ത് പറയത്തക്ക മറ്റു മാറ്റങ്ങളൊന്നും തന്നെ വരുന്നില്ല എന്നതും വസ്തുതയാണ്. അധികമായി ചെല്ലുന്ന വിറ്റാമിൻ സി മൂത്രത്തിലൂടെ പുറത്തേക്ക് പോകുകയും ചെയ്യും.
സപ്ലിമെന്റുകൾ എടുക്കുന്നതിന് പകരം വിറ്റാമിൻ സി അധികമായി പ്രദാനം ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതാവും ഏറ്റവും ഉത്തമം. കാരണം അതിലൂടെ മറ്റ് ന്യൂട്രിയൻസും ശരീരത്തിലേക്ക് എത്തിച്ചേരും. ഓറഞ്ച്, സിട്രസ്, ബ്രോക്കോളി, സ്ട്രോബെറി തുടങ്ങിയവ വിറ്റാമിൻ സിക്കൊപ്പം തന്നെ മറ്റ് തരത്തിലും ശരീരത്തിന് ഗുണം ചെയ്യുന്നവയാണ്.
ശരീര പ്രകൃതി, പ്രായം, ജീവിത സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോൾ എല്ലാവർക്കും സപ്ലിമെന്റുകൾ എടുക്കുന്നത് ഗുണകരമാവില്ല. ആ സാഹചര്യങ്ങളിൽ മറ്റ് പ്രശ്നങ്ങൾ ഒഴിവാക്കി ശരീരത്തിന്റെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ മേൽപ്പറഞ്ഞ ഭക്ഷണ പദാർത്ഥങ്ങളാകും നല്ലത്. എന്നിരുന്നാലും വിറ്റാമിൻ സി യുടെ കരുത്തിൽ പൂർണ്ണമായും പനി അടക്കമുള്ള പകർച്ചവ്യാധികളെ പിടിച്ചുകെട്ടാമെന്ന ചിന്തയൊന്നും വേണ്ട എന്ന് തന്നെയാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.