വെളുത്ത അരിക്കു പകരം തവിടു കളയാത്ത ബ്രൗൺ റൈസിലേക്ക് മാറുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?. അതെ, എന്നാണ് ഉത്തരമെങ്കിലും വെള്ള അരിയിലെയും ബ്രൗൺ റൈസിലേയും കലോറിയിലെ വ്യത്യാസം ചിലപ്പോൾ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാം. 100 ഗ്രാം വെളള അരിയിലുള്ളതിനെക്കാൾ രണ്ട് കലോറി കുറവാണ് ബ്രൗൺ റൈസിന്. ശരീര ഭാരം കുറയ്ക്കാൻ മാത്രമല്ല പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബ്രൗൺ റൈസ് സഹായിക്കുന്നു.
ശരീര ഭാരം നിയന്ത്രിക്കാൻ ബ്രൗൺ റൈസ് സഹായിക്കുന്നതെങ്ങനെ?
”ബ്രൗൺ റൈസിൽ, കാർബോഹൈഡ്രേറ്റുകളേക്കാൾ കൂടുതൽ പ്രോട്ടീനിൽ നിന്നാണ് കലോറി വരുന്നത്, 9.16 ഗ്രാം. എന്നാൽ വെള്ള അരിയിലെ കലോറിയുടെ 75 ശതമാനവും കാർബോഹൈഡ്രേറ്റിൽ നിന്നാണ് വരുന്നത്, അതിൽ 7.94 ഗ്രാം പ്രോട്ടീൻ ഉണ്ട്. വെള്ള അരിയേക്കാൾ ബ്രൗൺ റൈസ് നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമാണ്. ബ്രൗൺ റൈസിൽ 4.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്, വെള്ള അരിയേക്കാൾ 1.5 മുതൽ 2 ഗ്രാം വരെ കൂടുതലാണ്,” ഡയറ്റീഷ്യൻ ഡോ.മീനാക്ഷി ബജാജ് പറർഞ്ഞു.
2016-ൽ, ന്യൂട്രീഷൻ ജേണലിലെ ഒരു ഗവേഷണ പ്രബന്ധത്തിൽ, ബ്രൗൺ റൈസ് കഴിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ആരോഗ്യകരമായ ഭാരം ഉണ്ടെന്ന് കണ്ടെത്തി. മറ്റൊരു പഠനത്തിൽ, ആറാഴ്ചത്തേക്ക് പ്രതിദിനം 2/3 കപ്പ് (150 ഗ്രാം) ബ്രൗൺ റൈസ് കഴിച്ച 40 അമിതഭാരമുള്ള സ്ത്രീകൾക്ക് അതേ അളവിൽ വെള്ള അരി കഴിക്കുന്ന സ്ത്രീകളെ അപേക്ഷിച്ച് ശരീരഭാരത്തിലും അരക്കെട്ടിന്റെ ചുറ്റളവിലും ഗണ്യമായ കുറവുണ്ടായതായി കണ്ടെത്തി.
ബ്രൗൺ റൈസിൽ പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, തയാമിൻ, ബി വിറ്റാമിനുകൾ, പ്രത്യേകിച്ച് ബി 3, ബി 6 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ടെന്ന് ഡോ.ബജാജ് പറഞ്ഞു. “മാംഗനീസ്, സെലിനിയം എന്നിവയാൽ സമ്പന്നമാണ് (ഇത് തൈറോയ്ഡ് പ്രവർത്തനത്തിനും പ്രതിരോധശേഷിക്കും നല്ലതാണ്). മഗ്നീഷ്യം രക്തസമ്മർദം കുറയ്ക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
ബ്രൗൺ റൈസിന്റെ ഗ്ലൈസമിക് സൂചിക 68 ആണ്, വെള്ള അരിയുടേത് 73 ആണ്. 55 നു താഴെയുള്ളവ എന്തും ഗ്ലൈസമിക് സൂചിക കുറഞ്ഞവയാണ്. അതിനാൽ തന്നെ ഏത് ഇനം അരി കഴിച്ചാലും അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണെന്ന് ഡോ.ബജാജ് പറഞ്ഞു. ബ്രൗൺ റൈസിനും ചില പോരായ്മകളുണ്ട്. ബ്രൗൺ റൈസിന് ആറു മാസത്തെ ആയുസേ ഉള്ളൂ. അതിനുള്ളിൽ ഉപയോഗിച്ച് തീർക്കണം. എന്നാൽ വെള്ള അരി 10 വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം.