scorecardresearch

പുകവലി കണ്ണുകളെ ബാധിക്കുമോ? അറിയാം

പുകവലി വിവിധ തരത്തിലുള്ള നേത്ര പ്രശ്നങ്ങൾക്ക് കാരണമാകും

ഇന്ത്യയിൽ പ്രായമായവരിൽ 34.6 ശതമാനം പേരും പുകവലിക്കാരാണെന്നും പുകവലി മൂലം രാജ്യത്ത് പ്രതിവർഷം ഒരു മില്യനിലധികം ആളുകൾ മരിക്കുന്നുവെന്നും കണക്കാക്കപ്പെടുന്നു. കാൻസർ, ഹൃദ്രോഗം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ നാലാമത്തെ പ്രധാന കാരണമാണ് പുകവലിയെന്നും ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ 53 ശതമാനത്തിനും ഇതാണ് കാരണമാകുന്നതെന്നും ഹൈദരാബാദിലെ സാധുറാം ഐ ഹോസ്പിറ്റലിലെ റെറ്റിന സർജൻ ഡോ.ആരാധന റെഡ്ഡി വിട്രിയോ പറഞ്ഞു.

പുകവലി മൂലമുണ്ടാകുന്ന (കാൻസർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ മുതലായവ) പലർക്കും അറിയാമെങ്കിലും, പുകവലി കണ്ണുകളെയും ബാധിക്കുന്നുവെന്നും കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കുറച്ച് പേർക്കെങ്കിലും അറിയാമെന്നും അവർ പറഞ്ഞു. സിഗരറ്റിൽനിന്നുള്ള പുകയിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ കണ്ണുൾപ്പെടെ ശരീരത്തിലുടനീളം എത്തുമെന്ന് വിദഗ്ധർ വിശദീകരിച്ചു.

”പുകവലി കണ്ണുകളുടെ വരൾച്ച, തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ, ഒപ്റ്റിക് നാഡി പ്രശ്നങ്ങൾ തുടങ്ങിയ വിവിധ തരത്തിലുള്ള നേത്ര പ്രശ്നങ്ങൾക്ക് കാരണമാകും. ശരിയായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടുന്നതിലേക്കും നയിക്കാം. സിഗരറ്റിൽനിന്നും പുറത്തു വരുന്ന പുക കണ്ണുകൾക്ക് ചുറ്റുമുള്ള ടിഷ്യുകളെ ബാധിക്കുകയും കൺപോളകളുടെ അസ്വസ്ഥതയ്ക്കും കണ്ണിന് താഴെയുള്ള വീക്കത്തിനും കാരണമാകും,” ഡോക്ടർ വ്യക്തമാക്കി.

കണ്ണുകളെ സംരക്ഷിക്കാൻ എന്തുചെയ്യണം?

പുകവലി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുക: പുകവലി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുക എന്നതാണ് ആദ്യ പടി. പുകവലിക്കുന്ന വ്യക്തിക്ക് മാത്രമല്ല, ചുറ്റുമുള്ളവരുടെയും കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം: കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി, ഇ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ മുതലായവ അടങ്ങിയ ഭക്ഷണക്രമം കണ്ണുകൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

സ്‌ക്രീൻ സമയം കുറയ്ക്കുക: പുകവലി കൂടാതെ, മറ്റ് ചില പ്രവൃത്തികളും കണ്ണുകൾക്ക് കേടുപാടുകൾ വരുത്തും. ദീർഘനേരം സ്‌ക്രീനിലേക്ക് നോക്കുന്നത് അതിലൊന്നാണ്. ടിവി, സ്‌മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയ മിക്ക സ്‌ക്രീനുകളും നീല വെളിച്ചം പുറപ്പെടുവിക്കുന്നു, ഇത് കണ്ണുകൾക്ക് അങ്ങേയറ്റം ഹാനികരമാണ്. സ്‌ക്രീൻ സമയം കുറയ്ക്കുകയും കണ്ണുകൾക്കുള്ള വ്യായാമം പതിവായി ചെയ്യുകയും വേണം.

പതിവ് നേത്ര പരിശോധന: കണ്ണുകളുടെ സംരക്ഷണത്തിന് പതിവ് നേത്ര പരിശോധന പ്രധാനമാണ്. പതിവ് പരിശോധനകളിലൂടെ മാത്രമേ കണ്ണുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാനാകൂ.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പുകവലിയും മദ്യപാനവും അമിതവണ്ണവും യുവാക്കളിൽ ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുമോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Does smoking affect the eyes