വേനൽക്കാലത്തോടൊപ്പം എത്തുന്ന ഒന്നാണ് മാമ്പഴക്കാലവും. മാമ്പഴത്തിൽ വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മാമ്പഴം ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇത് മുഖക്കുരുവിന് കാരണമാകുന്നതായി പൊതുവേ പറയപ്പെടുന്നു. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?
ഗുരുഗ്രാം, പാരസ് ഹെൽത്ത്, പ്ലാസ്റ്റിക് സർജറി എച്ച്ഒഡിയായ ഡോ. മൻദീപ് സിങ്ങിന് ഇതിന് എതിർ അഭിപ്രായമാണുള്ളത്. “മാമ്പഴം മുഖക്കുരു ഉണ്ടാക്കുന്നതിന് കാരണമാകുന്നില്ല. പക്ഷേ, അവയുടെ തൊലിയിലെ പദാർത്ഥങ്ങൾ ചിലപ്പോൾ അലർജിക്ക് കാരണമായേക്കാം. പദാർത്ഥങ്ങൾ തൊലിയിൽ കാണപ്പെടുന്നു. കൂടാതെ, ഫോർട്ടിഫൈഡ് ജ്യൂസുകളിൽ ഉയർന്ന ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിൽ അവയ്ക്ക് കാരണമാകും,” ഡോ. മൻദീപ് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
“നിങ്ങൾ എന്നെപ്പോലെ ഈ രുചികരമായ പഴത്തിന്റെ മധുരം ആസ്വദിക്കുന്നവരാണെങ്കിൽ നിങ്ങൾക്കായി എനിക്ക് ചില ടിപ്പുകൾ ഉണ്ട്!”ഡെർമറ്റോളജിസ്റ്റ് ഡോ. കിരൺ സേഥി പറയുന്നു. കൃത്രിമ കാർബൈഡുകളില്ലാതെ സ്വാഭാവികമായി പാകമായ ജൈവ മാമ്പഴമാണ് അവർ കഴിക്കുന്നതെന്ന് ഉറപ്പാക്കണം. അതുവഴി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
“രണ്ടാമതായി, മാമ്പഴത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ് നാമെല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, അമിതമായ പഞ്ചസാരയും കൂടുതൽ മുഖക്കുരുവിന് കാരണമാകുമെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. അതിനാൽ, മിതമായ അളവിൽ മാമ്പഴം കഴിക്കുക, ”ഡോ. കിരൺ പറഞ്ഞു.
നിങ്ങളുടെ മുഖക്കുരു മാമ്പഴം മൂലമാണോ എന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ, പഴത്തെ കുറ്റപ്പെടുത്തുന്നതിന് മുമ്പ് നിങ്ങൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
- ഫ്രെഷ് മാമ്പഴം കഴിക്കുക, ജ്യൂസല്ല
- മാങ്ങയുടെ തൊലി ചർമ്മത്തിൽ തൊടുന്നത് ഒഴിവാക്കുക
- മാമ്പഴത്തിൽ നേരിട്ട് കടിക്കരുത്, പകരം പഴങ്ങൾ ഫോർക്കുകളോ സ്പൂണുകളോ ഉപയോഗിച്ച് കഴിക്കുക
- പച്ച മാമ്പഴത്തിന് പകരം വേവിച്ച മാമ്പഴ വിഭവങ്ങൾ കഴിക്കാൻ ശ്രമിക്കുക
സമാനമായ രീതിയിൽ, മാമ്പഴം കഴിച്ചതിന് ശേഷമുള്ള മുഖക്കുരുവിന്റെ സാധ്യത കുറയ്ക്കുന്നതിനുള്ള ഒരു ടിപ്പും ഡോ. കിരൺ പങ്കുവയ്ക്കുന്നു. “ചൂടായ പഴങ്ങൾ മുഖക്കുരുവിന് കാരണമാകുമെന്ന ആയുർവേദ വിശ്വാസങ്ങളെ പിന്തുണയ്ക്കാൻ ക്ലിനിക്കൽ തെളിവുകളൊന്നുമില്ലെങ്കിലും, ചൂടുള്ള മാമ്പഴം കഴിച്ചതിന് ശേഷം കൂടുതൽ മുഖക്കുരു ശ്രദ്ധയിൽപ്പെട്ടാൽ, അവ തണുപ്പിച്ചശേഷം കഴിക്കാൻ ശ്രദ്ധിക്കുക,” വിദഗ്ധ പറഞ്ഞു.
മാമ്പഴം കഴിക്കുന്നതിന് മുൻപ് വെള്ളത്തിൽ കുതിർക്കുന്നതിന് ധാരാളം ഗുണങ്ങളുണ്ടെന്ന് ഡോ. മന്ദീപ് പറഞ്ഞു. “കൃത്രിമമായി പഴുത്ത മാമ്പഴങ്ങളെ തിരിച്ചറിയാൻ ഇത് സഹായിക്കുന്നു (അവ വെള്ളത്തിൽ പൊങ്ങിക്കിടക്കുകയാണെങ്കിൽ), അധിക ഫൈറ്റിക് ആസിഡും മാമ്പഴ സ്രവ എണ്ണകളും (ഇത് അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുന്നു ) നീക്കംചെയ്യുന്നു. പഴങ്ങളുടെ പുനർ ജലീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.”