ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണപാനീയങ്ങളുടെ പട്ടികയിൽ കുറച്ചുകാലമായി ഗ്രീൻ ടീ ഒന്നാം സ്ഥാനത്തുണ്ട്. ‘ഡയറ്റ്’ എന്ന വാക്ക് ആരെങ്കിലും പറഞ്ഞാലുടൻ അത് ഗ്രീൻ ടീയാണെന്നുവരെ എത്തി കാര്യങ്ങളെന്ന് ന്യൂട്രീഷ്യനിസ്റ്റ് ഡോ. ഇന്ദു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. എന്നാൽ ആന്റി ഓക്സിഡന്റുകളുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഒരു കപ്പ് ഗ്രീൻ ടീ ശരിക്കും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?.
ഗ്രീൻ ടീയും ശരീരഭാരം കുറയ്ക്കലും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത് ഇതാണ്. “ഗ്രീൻ ടീ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാനോ കൊഴുപ്പ് നീക്കാനോ സഹായിക്കുന്ന ഘടകങ്ങളൊന്നും അതിലുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ല,” അവർ പറഞ്ഞു.
ഒരാൾ ദൈനംദിന വർക്കൗട്ടുകൾക്കൊപ്പം ഗ്രീൻ ടീയും കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നുണ്ടെന്ന് ഡോ ഇന്ദു.സമ്മതിച്ചു. ”ചൂടുള്ള പാനീയം കുടിക്കുന്നതിലൂടെ നിങ്ങളുടെ ആസക്തി നിയന്ത്രിക്കപ്പെടുന്നതിനാൽ ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. എന്നാൽ ഗ്രീൻ ടീയിൽ തേൻ ചേർക്കുന്നുവെങ്കിൽ ശരീരഭാരം കൂടാം,” അവർ പറഞ്ഞു.
അതിനാൽ, ഗ്രീൻ ടീ കുടിക്കുമ്പോൾ ഒരു കാര്യം ഓർക്കണം. കഫീൻ ഉള്ളടക്കം മൂലം വലിയ അളവിൽ ഗ്രീൻ ടീ കുടിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം, അതിനാൽ മിതത്വം പാലിക്കുക എന്നതാണ് പ്രധാനം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.