എരിവുള്ള ഭക്ഷണം പല ആളുകളും ഇഷ്ടപ്പെടുന്നു. വാസ്തവത്തിൽ, പല ഇന്ത്യൻ വിഭവങ്ങളും എരിവിനും മസാലയ്ക്കും പ്രശസ്തമാണ്. എന്നാൽ ഇന്ത്യൻ അടുക്കളകളിൽ ഉപയോഗിക്കുന്ന ഏറ്റവും എരിവുള്ള ചേരുവകളിലൊന്നായ പച്ചമുളക് രുചി വർദ്ധിപ്പിക്കുക മാത്രമല്ല പോഷകങ്ങളാൽ സമ്പുഷ്ടമാണെന്നും ശരീരഭാരം കുറയ്ക്കാൻ നല്ലതാണെന്നും പറയപ്പെടുന്നു.
ഇവയുടെ ആരോഗ്യഗുണങ്ങൾ പോഷകാഹാര വിദഗ്ധൻ മാക് സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്നു. “പച്ചമുളകിൽ വിറ്റാമിൻ ബി6, വിറ്റാമിൻ എ, ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.”
മാക് പങ്കുവെച്ച പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങൾ:
ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നു
പച്ചമുളക് നമ്മുടെ ശരീരത്തിലെ അധിക കൊഴുപ്പ് കളയാൻ സഹായിക്കുന്നു. കലോറി കുറവായതിനാൽ (15 ഗ്രാം മുളക് = 6 കിലോ കലോറി), ഇത് മെറ്റബോളിസത്തെ വേഗത്തിലാക്കുന്നു.
ഹൃദയത്തെ പരിപാലിക്കുക
പച്ചമുളക് രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പച്ചമുളക് കഴിക്കുന്നതിലൂടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയുന്നു. പച്ചമുളക് കഴിക്കുന്നത് ഫൈബ്രിനോലൈറ്റിക് പ്രവർത്തനവും വർദ്ധിപ്പിക്കുന്നു.
ദഹനസംബന്ധമായ ആരോഗ്യം
പച്ചമുളകിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടൽ ശുദ്ധീകരണത്തിനും സഹായിക്കുന്നു.
തിളക്കമുള്ള ചർമ്മം നേടുക
പച്ചമുളകിന്റെ ശക്തമായ ആന്റിഓക്‌സിഡന്റ് വിറ്റാമിൻ സി (15 ഗ്രാം മുളക് = 60%) അവശ്യ കൊളാജൻ ഉൽപ്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തിന് ഗുണം ചെയ്യുന്ന പ്രകൃതിദത്ത എണ്ണകൾ സൃഷ്ടിക്കുന്നു. അതിനാൽ, മുഖക്കുരു, പാടുകൾ, ചുളിവുകൾ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു.
മുടി വളർച്ച
പച്ചമുളക് സ്വാഭാവിക സിലിക്കണിന്റെ നല്ല ഉറവിടമാണ്. ഇത് തലയോട്ടിയിലും രോമകൂപങ്ങളിലുമുള്ള രക്തചംക്രമണം വർധിപ്പിക്കുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും രോമകൂപങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി
ഇവയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും ജലദോഷം, സൈനസ് എന്നിവയ്‌ക്കെതിരെ പോരാടാനും സഹായിക്കുന്നു.
പച്ചമുളകിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിൻ ജലദോഷത്തെ ശമിപ്പിക്കുന്നു. കൂടാതെ, തലച്ചോറിലെ ഹൈപ്പോതലാമസിന്റെ തണുപ്പിച്ച് ശരീര താപനില കുറയ്ക്കുന്നു.
പച്ചമുളകിലെ കാൽസ്യം നമ്മുടെ പല്ലുകളും എല്ലുകളും ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കുന്നു. ഇത് ടിഷ്യൂകളെ നന്നാക്കുകയും പുതിയ രക്തകോശങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പച്ചമുളകിന്റെ പോഷകാഹാര പ്രൊഫൈൽ
ഇതേക്കുറിച്ച് ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസ് ക്ലിനിക്കൽ ഡയറ്റീഷ്യൻ ജി സുഷമ പറയുന്നു.“പച്ചമുളകിന്റെ ചെറുതണെങ്കിലും അവയുടെ പോഷക ഗുണം വളരെ ശ്രദ്ധേയമാണ്”.
ഒരു പച്ചമുളകിൽ (5 ഗ്രാം)
1 കലോറി,
0.1 ഗ്രാം പ്രോട്ടീൻ,
0.1 ഗ്രാം കൊഴുപ്പ്, ഒപ്പം
0.2 ഗ്രാം കാർബോഹൈഡ്രേറ്റ്,
0.1 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു.
പച്ചമുളക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?
“പച്ചമുളക് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് ചില തെളിവുകൾ സൂചിപ്പിക്കുന്നു. മെറ്റബോളിസം വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും ക്യാപ്‌സൈസിൻ സഹായിക്കും.
ഇത് കലോറി ഉപഭോഗം കുറയാനും ശരീരഭാരം കുറയ്ക്കാനും ഇടയാക്കും,” സുഷമ പറഞ്ഞു, “എന്നിരുന്നാലും, പച്ചമുളകിന്റെ ശരീരഭാരം കുറയ്ക്കാനുള്ള സാധ്യതകൾ പൂർണ്ണമായി മനസ്സിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്”.
സൂക്ഷിക്കേണ്ട കാര്യങ്ങൾ
പച്ചമുളക് ചില വ്യക്തികളിൽ, പ്രത്യേകിച്ച് സെൻസിറ്റീവ് ആമാശയമോ ദഹനസംബന്ധമായ പ്രശ്നങ്ങളോ ഉള്ളവരിൽ അസ്വസ്ഥത ഉണ്ടാക്കുമെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. “കൂടാതെ, ധാരാളം പച്ചമുളക് കഴിക്കുന്നത് ഓക്കാനം, വയറിളക്കം തുടങ്ങിയ ദഹനനാളത്തിന്റെ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. അതിനാൽ, പച്ചമുളക് മിതമായി കഴിച്ചു തുടങ്ങുക പിന്നീട് ക്രമേണ അളവ് കൂട്ടുക, ”സുഷമ പറഞ്ഞു.