പലരുടെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പുഴുങ്ങിയോ കറി വച്ചോ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. എന്നാൽ ശരീര ഭാരം കൂടുമെന്നും, കൊളസ്ട്രോൾ ഉണ്ടാകുമെന്നും, ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും കരുതി പലരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറുണ്ട്. ഇതിൽ എന്തെങ്കിലും സത്യമുണ്ടോ?
മുട്ടയുടെ മഞ്ഞക്കരു വളരെ പോഷകഗുണമുള്ളതാണെന്ന് പറയുകയാണ് ഡയറ്റീഷ്യൻ മാക് സിങ്. “മുട്ടയുടെ വെള്ളയുമായി താരതമ്യപ്പെടുത്തുമ്പോൾ മുട്ടയുടെ മഞ്ഞക്കരു ആരോഗ്യകരമാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ പ്രോട്ടീൻ ഉള്ളതിന് പുറമേ, ഒമേഗ-3 കൊഴുപ്പുകൾ ഉൾപ്പെടെയുള്ള ഹൃദയത്തിന് ആരോഗ്യകരമായ അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്, ” അദ്ദേഹം ഇൻസ്റ്റാഗ്രാം കുറിപ്പിൽ പറഞ്ഞു.
റൈബോഫ്ലേവിൻ (മൊത്തത്തിലുള്ള നല്ല ആരോഗ്യത്തിന് ആവശ്യമാണ്), വിറ്റാമിൻ ഡി (ആരോഗ്യകരമായ അസ്ഥികൾക്ക് പ്രധാനമാണ്), വിറ്റാമിൻ ബി-12 (ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു). തുടങ്ങിയ ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ടയുടെ മഞ്ഞക്കരുവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുട്ടയുടെ വെള്ളയിൽ നല്ല അളവിൽ പ്രോട്ടീൻ ഉണ്ടെങ്കിലും മറ്റെല്ലാം കുറവാണെന്ന് അദ്ദേഹം പറഞ്ഞു.
മുട്ടയുടെ മഞ്ഞക്കരു കഴിച്ചാലുള്ള മറ്റ് ഗുണങ്ങൾ
- തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നു
- ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
- ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു
- നേത്രരോഗ സാധ്യത കുറയ്ക്കുന്നു
ഒരു ദിവസം എത്ര മുട്ടയുടെ മഞ്ഞക്കരു കഴിക്കാം?
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് (ഹൃദയ രോഗങ്ങളൊന്നുമില്ലാത്ത) ഒരു ദിവസം രണ്ട് മുട്ടയുടെ മഞ്ഞക്കരു കഴിക്കാം. “ഹൃദയ സംബന്ധമായ രോഗമുള്ള ഒരാൾക്ക് ഒരു ദിവസം 1 മുട്ടയുടെ മഞ്ഞക്കരു കഴിക്കാമെന്ന് അദ്ദേഹം നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ കഴിക്കേണ്ടതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍