ഒരു കപ്പ് കാപ്പി കുടിക്കാതെയുള്ള ജീവിതം ചിലർക്ക് ചിന്തിക്കാനാവില്ല. അതുപോലെ തന്നെയാണ് ചിലർക്ക് ബ്ലാക്ക് കോഫിയും. ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് ഹാർവാർഡ് ടിഎച്ചിന്റെ ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ സമീപകാല പഠനം പറയുന്നു. അതുപോലെ ബ്ലാക്ക് കോഫി കുടിക്കുന്നതും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും മധുരം ചേർക്കാതെ കുടിച്ചാൽ ഗുണം ഇരട്ടിയാകുമെന്നും പറയുന്നു.
ബ്ലാക്ക് കോഫിയിൽ കലോറി കുറവാണെന്ന് വിദഗ്ധർ ഊന്നിപ്പറയുന്നു. സാധാരണ കാപ്പിക്കുരു ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ ബ്ലാക്ക് കോഫിയിൽ രണ്ട് കലോറിയാണുള്ളത്, അതേസമയം ഒരു ഔൺസ് എസ്‌പ്രസോയിൽ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുപോലെ കഫീൻ നീക്കം ചെയ്ത കാപ്പിക്കുരു ഉപയോഗിക്കുകയാണെങ്കിൽ കലോറി പൂജ്യമാണ്.
മിതമായ അളവിൽ കഴിച്ചാൽ ബ്ലാക്ക് കോഫിക്ക് യാതൊരുവിധ ദോഷങ്ങളുമില്ലെന്ന് ഡയറ്റ് ആൻഡ് ലൈഫ്സ്റ്റൈൽ കൺസൾട്ടന്റ് വസുന്ധര അഗർവാൾ പറഞ്ഞു. കാപ്പി അമിതമായി കുടിച്ചാൽ ഉറക്കമില്ലായ്മ, ഉത്കണ്ഠ, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും അവർ പറഞ്ഞു.
ബ്ലാക്ക് കോഫി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതെങ്ങനെ?
ബ്ലാക്ക് കോഫിയിൽ അടങ്ങിയിരിക്കുന്ന ക്ലോറോജെനിക് ആസിഡാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ”ഇത് ഫിനോളിക് ഗ്രൂപ്പിന്റെ ഒരു സംയുക്തമാണ്. കാപ്പിയിൽ കാണപ്പെടുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റാണ്. ഇത് ഭക്ഷണത്തിന് ശേഷമുള്ള ഇൻസുലിൻ, ഗ്ലൂക്കോസ് വർധനവ് കുറയ്ക്കുകയും കാലക്രമേണ ശരീരഭാരം കുറയുകയും ചെയ്യുന്നു,” അഗർവാൾ പറഞ്ഞു. പുതിയ ഫാറ്റ് സെല്ലുകളുടെ ഉത്പാദനം വൈകിപ്പിക്കുന്നു, അതായത് ശരീരത്തിലെ കലോറി കുറയുന്നു.
കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ടെന്നും ശരീരത്തിന് പലതരത്തിലുള്ള ഗുണങ്ങൾ ഇത് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്ന ഒരു സ്വാഭാവിക ഉത്തേജകമാണിത്. ഇത് ഗ്രെലിന്റെ (വിശപ്പ് ഹോർമോൺ) അളവ് കുറയ്ക്കുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം നിലനിർത്താനും കുറയ്ക്കാനും സഹായിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
പച്ച കാപ്പിക്കുരു കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിന്റെ കൊഴുപ്പ് കത്തിക്കാനുള്ള കഴിവ് വർധിക്കുന്നു. ”കൂടുതൽ കൊഴുപ്പ് കത്തുന്ന എൻസൈമുകൾ ശരീരം പുറത്തുവിടുകയും കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോളും അധികമാർന്ന ലിപിഡുകളും കുറയ്ക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ഉപാപചയപ്രവർത്തനത്തെ മികച്ചതാക്കുന്നു,” അവർ പറഞ്ഞു.
ശരീരത്തിൽ നിന്ന് അധിക വെള്ളം നീക്കം ചെയ്യാൻ ബ്ലാക്ക് കോഫി സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നുവെന്ന് അഗർവാൾ പറഞ്ഞു. എന്നാൽ, ഈ ശരീര ഭാരം കുറയൽ താൽക്കാലികമാണ്. ”കഫീനും മെഥൈൽക്സാന്തൈൻ സംയുക്തങ്ങൾക്കും ഡൈയൂററ്റിക് ഗുണങ്ങളുണ്ട്, ഇത് വൃക്കകളെ ബാധിക്കുന്നു. മൂത്രത്തിന്റെ അളവ് വർധിപ്പിച്ച് അധിക ജലം നീക്കം ചെയ്യാനും ശരീരത്തിലെ ജലഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു,” അവർ പറഞ്ഞു.
അതേസമയം, ഉയർന്ന അളവിൽ കഫീൻ കഴിക്കുന്നത് ശരീരത്തിലെ ജലാംശത്തെ ബാധിക്കുമെന്നും നിർജലീകരണത്തിന് സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. ഭക്ഷണത്തിൽ ബ്ലാക്ക് കോഫി ഉൾപ്പെടുത്തുന്നതിന് മുമ്പ്, എപ്പോഴും നിങ്ങളുടെ ന്യൂട്രീഷ്യനിസ്റ്റുമായി സംസാരിക്കുക.