scorecardresearch

കാപ്പി കുടിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കുമോ?

കാപ്പിയിലെ കഫീൻ ചില്ലറക്കാരനല്ല, പുതിയ പഠനം പറയുന്നതിങ്ങനെ

caffeine in your blood reduce weight and the risk of Type 2 diabetes, caffeine, caffeine reduce weight, caffeine intake, coffee, type 2 diabetes

കാപ്പി കുടിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനം. കാപ്പി കുടിക്കുന്നതുവഴി കഫീൻ ശരീരത്തിലെത്തുകയും, രക്തത്തിലെ ഉയർന്ന അളവിലുള്ള കഫീൻ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുകയും അതുവഴി കാപ്പി കുടിക്കുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായാണ് യൂറോപ്യൻ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 10,000 ആളുകളുടെ ജനിതക വിവരങ്ങൾ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കഫീൻ അടങ്ങിയ പാനീയങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഈ കോപൗണ്ട് ശരീരത്തിൽ എങ്ങനെ വിഘടിപ്പിക്കപ്പെടുന്നു എന്നതിനാണ് പഠനത്തിൽ ശ്രദ്ധ നൽകിയിരിക്കുന്നത്.

കുറഞ്ഞ കഫീൻ മെറ്റബോളിസം ഉള്ളവർക്ക് രക്തത്തിൽ കോപൗണ്ടിന്റെ ഉയർന്ന അളവുകൾ ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. അത് പ്രോസസ്സ് ചെയ്യാൻ കൂടുതൽ സമയമെടുക്കും. തൽഫലമായി ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) കുറവായിരിക്കും. പഠനം ഗവേഷണത്തിന് ഒരു പുതിയ വഴി തുറക്കുന്നതായും എന്നാൽ ഇത് ഒരാളുടെ കാപ്പിയോ ചായയോ ഉപയോഗം വർധിപ്പിക്കുന്നതിനെ കുറിച്ചല്ല പറയുന്നതെന്നും മാക്‌സ് ഹെൽത്ത്‌കെയറിലെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാൻ ഡോ. അംബരീഷ് മിത്തൽ മുന്നറിയിപ്പ് നൽകുന്നു.

കഫീനും പ്രമേഹവും തമ്മിലുള്ള ബന്ധം എന്താണ്?

കഫീൻ ഉപയോഗം എല്ലായ്‌പ്പോഴും ശരീരഭാരം കുറയ്ക്കുന്നതുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനാലാണ് ശരീരഭാരം കുറയ്ക്കാനുള്ള പലതരം ഗുളികകളിലും കഫീൻ അംശം കാണുന്നത്. എന്നിരുന്നാലും, രക്തത്തിലെ ഉയർന്ന കഫീൻ ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് ഈ പഠനത്തിലൂടെ തെളിയുന്നു.

ഗവേഷകർ കഫീൻ മെറ്റബോളിസത്തിന്റെ ജനിതക മാർക്കറുകൾ ഉപയോഗിക്കുകയും മാൻഡെലിയോൺ റാൻഡമൈസേഷൻ എന്ന രീതി ഉപയോഗിക്കുകയും ചെയ്തു. കാപ്പി ഉപയോഗവും പ്രമേഹ സാധ്യതയും തമ്മിലെ ബന്ധം സ്ഥാപിക്കാൻ ട്രാക്ക് ചെയ്‌ത നിരീക്ഷണ പഠനങ്ങളേക്കാൾ ഒരു പടി മുന്നിലാണ് ഇത്.

കഫീൻ മെറ്റബോളിസം താഴ്ന്ന ബോഡി മാസ് ഇൻഡക്സുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന കണ്ടെത്തൽ പുതിയതല്ല. കൂടാതെ, അമിതശരീരഭാരം ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നായതിനാൽ, കുറഞ്ഞ ബിഎംഐ തീർച്ചയായും അതിനുള്ള സാധ്യത കുറയ്ക്കും. കുറഞ്ഞ ബിഎംഐയാണ് അപകടസാധ്യത കുറയാനുള്ള 50 ശതമാനം കാരണവും. എന്നാൽ ബാക്കി 50 ശതമാനം എങ്ങനെയാണ് കുറയുന്നതെന്ന് അറിയാത്തത് കൂടുതൽ പഠനങ്ങളുടെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

കഫീൻ ശരിക്കും ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമോ?

കഫീൻ ശരീരത്തിന്റെ ഊർജ്ജ ചെലവ് വർധിപ്പിക്കുകയും അതുവഴി ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഒരു ദിവസം 100 മില്ലിഗ്രാം കഫീൻ കഴിക്കുന്നത് ഒരു വ്യക്തിയുടെ ഊർജ്ജ ചെലവ് ഒരു ദിവസം 100 കലോറി വർധിപ്പിക്കും എന്നാണ് ഗവേഷകർ പറയുന്നത്. ഇത് യഥാർത്ഥത്തിൽ വളരെ ഉയർന്നതാണ്. ഒരു വ്യക്തി കഠിനമായ വ്യായാമം ചെയ്യുമ്പോൾ പോലും 200 കലോറി മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

കാപ്പിയുടെ ഉപയോഗം വർധിപ്പിച്ചാൽ പ്രമേഹം തടയാൻ കഴിയുമോ?

തീർച്ചയായും അല്ല. പഠനം പറയുന്നത് കഫീൻ മെറ്റബോളിസത്തെക്കുറിച്ചാണ്, അല്ലാതെ കഴിക്കുന്ന അളവിനെക്കുറിച്ചല്ല. രണ്ടാമതായി, കഫീൻ അടങ്ങിയ പാനീയങ്ങൾ അമിതമായി ഉപയോഗിക്കുന്നത് മറ്റ് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് വർധിപ്പിക്കും, ഉത്കണ്ഠയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും, കൈ വിറയൽ, ഉറക്കമില്ലായ്മ, തലവേദന എന്നിവയ്ക്ക് കാരണമാകും. കൂടാതെ, പഞ്ചസാര ചേർത്ത് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷവും ചെയ്യും.

ഒരു ദിവസം എത്ര കാപ്പി/ചായ വരെ കുടിക്കാം?

ഒരു വലിയ കപ്പ് കട്ടൻ കാപ്പിയിൽ ഏകദേശം 100 മില്ലിഗ്രാം കഫീൻ അടങ്ങിയിട്ടുണ്ട്. ചായയിൽ അതിന്റെ മൂന്നിലൊന്ന് മുതൽ പകുതി വരെ അടങ്ങിയിട്ടുണ്ട്, കുടിക്കുന്ന ചായയെ ആശ്രയിച്ചാണത്. ഒരു ശരാശരി മുതിർന്ന വ്യക്തിയ്ക്ക് പ്രതിദിനം 300 മില്ലിഗ്രാം കഫീൻ കഴിക്കാം. അതിനർത്ഥം മൂന്ന് കപ്പ് കാപ്പി എന്നാണ്. എന്നാൽ ആളുകൾ കുറച്ച് കുടിക്കുകയാണെങ്കിൽ അവരുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്ന് ഇതിനർത്ഥമില്ല. കൂടാതെ, ഇതിനകം ഉത്കണ്ഠ അനുഭവിക്കുന്നുണ്ടെങ്കിലോ ഹൃദയമിടിപ്പ് വർദ്ധിക്കാൻ സാധ്യതയുള്ളവരോ ആണെങ്കിൽ, അവർ പ്രതിദിനം 200 മില്ലിഗ്രാം കഫീനായി പരിമിതപ്പെടുത്തണം. കൂടുതൽ കാപ്പിയും ചായയും കുടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതാണ് ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹത്തെ അകറ്റി നിർത്താനും ഏറ്റവും നല്ല മാർഗ്ഗം.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

ടൈപ്പ് 2 പ്രമേഹത്തിന്റെ പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിത ശരീരഭാരം. അതിനാൽ ആളുകൾ അവരുടെ ഭാരം നിയന്ത്രിക്കുകയാണെങ്കിൽ, അവരുടെ രോഗസാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും. ഭക്ഷണക്രമവും വ്യായാമവും ക്രമീകരിച്ചാണ് ശരീരഭാരം നിലനിർത്തേണ്ടത്. പതിവ് വ്യായാമത്തിനൊപ്പം, നിങ്ങൾ റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ കുറയ്ക്കുകയും നാരുകളും പ്രോട്ടീനുകളും വർധിപ്പിക്കുകയും മൊത്തം കലോറികൾ നിയന്ത്രണത്തിലാക്കുകയും വേണം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Does caffeine affect blood sugar