ശരീര ഭാരം കുറയ്ക്കുകയെന്നത് ശ്രമകരമേറിയതാണെന്ന കാര്യത്തിൽ സംശയമില്ല. ശരീരഭാരം കുറയ്ക്കുന്നത് ഒരു കൂട്ടായ പരിശ്രമമാണ്. ഒരു വ്യക്തിയുടെ ഭക്ഷണ രീതി, ശാരീരിക പ്രവർത്തന നിലവാരം, പ്രായം, രാത്രിയിൽ എത്രമാത്രം ഉറങ്ങുന്നുവെന്നതിനെ കൂടാതെ മറ്റു പല കാര്യങ്ങളും നിർണായക പങ്കു വഹിക്കുന്നുണ്ട്. എന്നാൽ ശരീര ഭാരം കുറയ്ക്കുന്നതിൽ രക്തഗ്രൂപ്പും പ്രധാന പങ്കു വഹിക്കുന്നുവെന്നത് നിങ്ങൾക്ക് അറിയാമോ?.
ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി ഇതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ”ശരീര ഭാരം കൂടുന്നതിനു പിന്നിലെ യഥാർഥ കാരണം കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പ്രായം, ഉപാപചയപ്രവർത്തനം, ഹോർമോൺ അസന്തുലിതാവസ്ഥ, മറ്റ് മെഡിക്കൽ അവസ്ഥകൾ എന്നിവയും ശ്രദ്ധിക്കുക,” അവർ പറഞ്ഞു.
രക്തഗ്രൂപ്പ് അനുസരിച്ച് ഭക്ഷണം കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ കഴിയുമെന്ന് അവർ അവകാശപ്പെട്ടു. ചില സന്ദർഭങ്ങളിൽ ബ്ലഡ് ഗ്രൂപ്പ് ഡയറ്റും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ചില പോഷകങ്ങൾ എങ്ങനെ ആഗിരണം ചെയ്യുന്നു, സമ്മർദം എങ്ങനെ കൈകാര്യം ചെയ്യുന്നു, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ, ഏത് തരത്തിലുള്ള വ്യായാമമാണ് നിങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യുന്നത് തുടങ്ങിയവയൊക്കെ നിങ്ങളുടെ രക്തഗ്രൂപ്പ് നിർണയിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
ദീർഘകാലാടിസ്ഥാനത്തിൽ ശരീര ഭാരം കുറയ്ക്കാൻ രക്തഗ്രൂപ്പിനുപകരം പ്രായം, മെറ്റബോളിസം, ഹോർമോൺ അസന്തുലിതാവസ്ഥ, മറ്റ് മെഡിക്കൽ അവസ്ഥകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖർജി ആവശ്യപ്പെട്ടു.
വെബ്എംഡി പറയുന്നതനുസരിച്ച്, പ്രകൃതിചികിത്സകനായ പീറ്റർ ജെ ആദമോ സൃഷ്ടിച്ച ‘ബ്ലഡ് ടൈപ്പ് ഡയറ്റ്’ എന്നൊരു സംഗതി നിലവിലുണ്ട്. അതനുസരിച്ച്, നിങ്ങളുടെ രക്തഗ്രൂപ്പിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം ശരീര ഭാരം കുറയ്ക്കാനും ആരോഗ്യം നേടാനും സഹായിക്കും. ഓരോ രക്ത ഗ്രൂപ്പിനും ആദമോ നിർദേശിക്കുന്ന ഭക്ഷണങ്ങൾ.
ഒ രക്ത ഗ്രൂപ്പ്: മെലിഞ്ഞ മാംസം, കോഴി, മത്സ്യം, പച്ചക്കറികൾ, ധാന്യങ്ങൾ, ബീൻസ്, പാലുൽപ്പന്നങ്ങൾ എന്നിവ അടങ്ങിയ ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം.
എ രക്ത ഗ്രൂപ്പ്: പഴങ്ങളും പച്ചക്കറികളും, ബീൻസ്, പയർവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മാംസരഹിത ഭക്ഷണക്രമം.
ബി രക്ത ഗ്രൂപ്പ്: ചോളം, ഗോതമ്പ്, പയർ, തക്കാളി, നിലക്കടല, എള്ള് എന്നിവ കൂടാതെ ചിക്കൻ ഒരു പരിധി വരെ ഒഴിവാക്കുക. പച്ച പച്ചക്കറികൾ, മുട്ടകൾ, ചില മാംസങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കുക.
എബി രക്ത ഗ്രൂപ്പ്: ടോഫു, സീഫുഡ്, പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക. കഫീൻ, ആൽക്കഹോൾ എന്നിവ ഒഴിവാക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.