പിറ്റ്‌സ്ബര്‍ഗ്: ചാലക്കുടിയിലെ ഫ്‌ളാറ്റുകളിലെ പൈപ്പുകള്‍ തുറന്നപ്പോള്‍ മദ്യമൊഴുകി എന്ന വാര്‍ത്ത എത്തിയിട്ട്‌ ഏറെ നാളായില്ല. പിന്നാലെ അമേരിക്കയില്‍നിന്നൊരു  മദ്യവാര്‍ത്ത വരുന്നു. പിറ്റ്‌സ്ബര്‍ഗ് സ്വദേശിയായ വയോധിക  മൂത്രമൊഴിക്കുന്നത് മദ്യം. ഇത്തരമൊരു സംഭവം മെഡിക്കല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് ആദ്യമാണെന്ന് സയന്‍സ് അലർട്ട് എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വയോധികയുടെ മൂത്രാശയത്തില്‍ യീസ്റ്റിന്റെ സാന്നിദ്ധ്യം കാരണം ഫെര്‍മെന്റേഷന്‍ നടക്കുന്നു. ഇതിലൂടെ ശരീരത്തിലെ പഞ്ചസാര എഥനോളായി മാറുന്നു. ബ്ലാഡര്‍ ഫെര്‍മെന്റേഷന്‍ പ്രതിഭാസം അല്ലെങ്കില്‍ മൂത്രാശയ മദ്യനിര്‍മാണശാല പ്രതിഭാസം എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കിയിരിക്കുന്ന പേര്. വയറ്റിലെ കാര്‍ബോഹൈഡ്രേറ്റുകളുടെ സാന്നിദ്ധ്യം മൂലം ആളുകള്‍ക്ക് മദ്യപിച്ചതിന്റെ ഫലം നല്‍കുന്ന പ്രതിഭാസത്തിന് സമാനമാണിതെന്ന് അവര്‍ പറയുന്നു. ഇതുമൂലം മദ്യപിക്കാതെ തന്നെ മദ്യപിച്ച അവസ്ഥയില്‍ എത്തും.

കരള്‍ രോഗവും ഡയബറ്റിസും കാരണം ചികിത്സ തേടിയെത്തിയ അറുപത്തിയൊന്നുകാരിയിലാണ് ഈ രോഗാവസ്ഥ കണ്ടെത്തിയത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കാത്തിരിപ്പ് പട്ടികയിലുള്ള രോഗിയാണ് ഇവര്‍. മദ്യപാനം മൂലം കരളിന് കേട് വന്നുവെന്നായിരുന്നു ഡോക്ടര്‍മാര്‍ നേരത്തെ കരുതിയിരുന്നത്. ഇവരുടെ മൂത്ര സാമ്പിളുകളുടെ പരിശോധനകളില്‍ മദ്യത്തിന്റെ സാന്നിധ്യം പതിവായി കണ്ടെത്തിയിരുന്നു.

Read Also: ഡൽഹിയിൽ മറ്റൊരു ‘1984 കലാപം’ അനുവദിക്കാൻ കഴിയില്ല; പൊലീസ് ജാഗ്രത കാട്ടണം: ഹൈക്കോടതി

മദ്യപാന സ്വഭാവം അവര്‍ ഡോക്ടര്‍മാരോട് ഒളിച്ചുവച്ചുവെന്നായിരുന്നു ഡോക്ടര്‍മാര്‍ സംശയിച്ചത്. എന്നാല്‍ ശാസ്ത്രീയ പരിശോധനകളില്‍ ലഭിച്ച ഫലങ്ങളാണ് മാറിച്ചിന്തിക്കാന്‍ ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്. സ്ത്രീ ആശുപത്രിയില്‍ പരിശോധനയ്ക്ക് വരുമ്പോള്‍ ലഹരിയിലായിരിക്കില്ല. പക്ഷേ, മൂത്ര പരിശോധനയില്‍ ഉയര്‍ന്ന തോതില്‍ എഥനോളിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്യും.

മൂത്ര സാമ്പിളുകളുടെ പരിശോധനയില്‍ മുളച്ച യീസ്റ്റിനൊപ്പം ഗ്ലൂക്കോസും വന്‍തോതില്‍ കണ്ടെത്തി. ഹൈപ്പര്‍ ഗ്ലൈക്കോസ് യൂറിയ എന്ന ആരോഗ്യ സ്ഥിതി ഡോക്ടര്‍മാരില്‍ ദുരൂഹതയുണര്‍ത്തി. സംശയനിവാരണത്തിനായി മൂത്രാശയത്തില്‍ യീസ്റ്റിന്റെ കോളനികള്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ തീരുമാനിച്ചു. മൂത്രാശയത്തിലെ യീസ്റ്റ് പഞ്ചസാരയെ എഥനോളായി മാറ്റുന്നുണ്ടാകാം എന്നായിരുന്നു ഡോക്ടര്‍മാരുടെ സംശയം.

ഈ വഴിക്കുള്ള പരിശോധനകള്‍ ഈ സ്ത്രീയുടെ മൂത്രാശയത്തില്‍ കാന്‍ഡിഡ ഗ്ലബ്രാട്ട എന്ന പ്രകൃതിദത്ത യീസ്റ്റിന്റെ സാന്നിധ്യം കണ്ടെത്തി. മദ്യമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന യീസ്റ്റുമായി ബന്ധമുണ്ട് കാന്‍ഡിഡ ഗ്ലബ്രാട്ടയ്ക്ക്. ഇത് മനുഷ്യശരീരത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും കൂടിയ അളവില്‍ കണ്ടെത്തുന്നത് അസാധാരണമാണ്.

Read Also: കലാലയങ്ങളിൽ വിദ്യാർഥി സമരങ്ങൾ നിരോധിച്ച് ഹൈക്കോടതി

രോഗിയുടെ ഡയബറ്റിസ് നില മോശമായതിനാല്‍ ആന്റി ഫംഗസ് മരുന്നുകള്‍ കൊടുത്ത് ഈ യീസ്റ്റിനെ നശിപ്പിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ മൂത്രത്തില്‍ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് ജീവിച്ചിരിക്കുന്നയാളിന്റെ മൂത്രത്തില്‍ മദ്യം കണ്ടെത്തുന്നത്.

ഈ അപൂര്‍വ രോഗമുള്ളവര്‍ വേറെ ഉണ്ടായിട്ടുണ്ടാകുമെങ്കിലും ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook