scorecardresearch
Latest News

ആർത്തവത്തിനു മുൻപ് തലവേദന വരുന്നുണ്ടോ? ഇതാകാം കാരണം

ആർത്തവ ചക്രത്തിന്റെ മറ്റൊരു ദിവസവും ഇത്തരക്കാർക്ക് തലവേദനയുണ്ടാകാറില്ല

headache, health, ie malayalam

മാസത്തിലെ എല്ലാ ദിവസവും ടീന സന്തോഷവതിയാണ്, ആർത്തവത്തിനു മുൻപും ശേഷവുമുള്ള ദിവസങ്ങൾ ഒഴികെ. സാധാരണയുണ്ടാകുന്ന വയറുവേദനയല്ല ടീനയുടെ പ്രശ്നം. ആർത്തവ ദിവസങ്ങളിലുണ്ടാകുന്ന തലവേദനയാണ്. ആ ദിവസങ്ങൾ വരാതിരുന്നെങ്കിൽ എന്നാണ് ടീന ആഗ്രഹിക്കുന്നത്, എന്നാൽ അത് സാധ്യമല്ല, ടീനയെക്കുറിച്ച് അപ്പോളോ ഹോസ്പിറ്റൽസ് ന്യൂറോളജിസ്റ്റായ ഡോ.സുധീർ കുമാർ പറയുന്നു.

”മാസത്തിലെ മറ്റൊരു ദിവസവും ടീനയ്ക്ക് തലവേദന അനുഭവപ്പെടാറില്ല. അവളുടെ ആർത്തവചക്രം കൃത്യമാണ്, രണ്ട് വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. വിഷ്വൽ അനലോഗ് സ്കെയിൽ അനുസരിച്ച് തലവേദനയുടെ സ്കോർ 7-8 റേഞ്ചിലാണ്. വിഷ്വൽ അനലോഗ് സ്കെയിൽ എന്നത് പൂജ്യം മുതൽ പത്ത് വരെയുള്ള നേര്‍വരയാണ്. അതിന്റെ ഒരു അറ്റത്ത് വേദനയില്ല (പൂജ്യം) എന്നും മറു വശത്ത് കടുത്ത വേദന (പത്ത്) എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ടീനയ്ക്ക് ഈ ദിവസങ്ങളിൽ ഓക്കാനം, ഛർദ്ദി, തലചുറ്റല്‍ എന്നിവ അനുഭവപ്പെടാറുണ്ട്. 24-36 മണിക്കൂറുകളാണ് തലവേദന നീണ്ടുനിൽക്കുന്നത്,” ഡോ.സുധീർ പറഞ്ഞു.

”ഈ തലവേദന ടീനയുടെ വ്യക്തിഗതവും തൊഴിൽപരവുമായ ജീവിതത്തെ ബാധിച്ചിരുന്നു. കടുത്ത തലവേദനയുള്ള മൂന്നു നാല് ദിവസങ്ങളിൽ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാനോ ഓഫീസിൽ പോകാനോ ടീനയ്ക്ക് സാധിക്കുമായിരുന്നില്ല. സോഫ്റ്റവെയർ പ്രൊഫഷണലായ ടീനയ്ക്ക് ഈ കാരണങ്ങളാൽ മാസത്തിൽ രണ്ടു മൂന്നു ദിവസങ്ങൾ അവധിയെടുക്കേണ്ടി വരാറുണ്ട്,” ഡോ.സുധീർ പറഞ്ഞു.

വേദനസംഹാരികൾക്കോ യോഗയ്ക്കോ അതിന് മാറ്റം കൊണ്ടുവരാൻ കഴിഞ്ഞില്ല. ടീനയുടെ ജീവിതരീതിയും മെഡിക്കൽ പാരമ്പര്യവും പഠിച്ചശേഷം അവർക്ക് പ്യുവർ മെൻസ്ട്രുവൽ മൈഗ്രെയ്ൻ (പിഎംഎം) ആണെന്ന് കണ്ടെത്തി. പിഎംഎം ഉള്ളവർക്ക് ആർത്തവത്തിന് രണ്ടു ദിവസം മുൻപോ ആർത്തവം വന്നശേഷമുള്ള ആദ്യ മൂന്നു ദിവസങ്ങളിലോ ആണ് ഈ തലവേദന വരാൻ സാധ്യതയുള്ളത്. ഈ സമയത്തുള്ള മൈഗ്രെയ്ൻ ഈസ്ട്രജൻ (സ്ത്രീയുടെ ലൈംഗിക വളർച്ചയെ നിയന്ത്രിക്കുന്ന ഹോർമോണ്‍) മാറ്റം കൊണ്ടാകാമെന്നും ഡോ.സുധീർ പറഞ്ഞു.

രോഗനിർണ്ണയത്തിനുശേഷം, മാസത്തിലെ അഞ്ച് ദിവസങ്ങൾ ടീന ചികിത്സ എടുക്കാൻ തുടങ്ങി. ദിവസേന മരുന്നു കഴിക്കേണ്ട ആവശ്യമില്ലാത്തതിനാലാണിത്. ഒരു മാസത്തിനുശേഷം മാസത്തിൽ ഒരു ദിവസം മാത്രമേ തലവേദന അനുഭവപ്പെട്ടുള്ളൂ. അടുത്ത മൂന്നു മാസവും തലവേദന കുറഞ്ഞു വന്നു. അതുമാത്രമല്ല തലവേദയുടെ ദൈർഘ്യം 12 മണിക്കൂറാകുകയും തലവേദനയുടെ തീവ്രത കുറയുകയും ചെയ്തു. ടീനയുടെ ആരോഗ്യം മെച്ചപ്പെട്ട് തുടങ്ങിയതിനാൽ അവർക്ക് ഇനി ജോലിയിൽനിന്നു അവധി എടുക്കേണ്ടി വരില്ലെന്ന് ഡോ.സുധീർ പറഞ്ഞു.

എന്താണ് പ്യുവർ മെൻസ്ട്രുവൽ മൈഗ്രെയ്ൻ?

ആർത്തവമുള്ള സ്ത്രീകളിൽ രണ്ട് ദിവസം മുൻപ് വരുകയോ അല്ലെങ്കിൽ ആർത്തവത്തിനിടയിലെ ആദ്യ മൂന്നു ദിവസമോ വരാൻ സാധ്യതയുണ്ടെന്ന് ഒബ്സ്റ്റട്രിഷനും ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപ്പിക് സർജനുമായ ഡോ. എസ്.ഭാഗ്യലക്ഷ്മി പറയുന്നു. ആർത്തവ ചക്രം കഴിഞ്ഞുള്ള മറ്റു ദിവസങ്ങളിൽ ഇത്തരക്കാർക്ക് തലവേദനയുണ്ടാകാറില്ലെന്നും ഡോ. ഭാഗ്യലക്ഷി പറഞ്ഞു. ഇതിനോട് യോജിച്ച് കൊണ്ട് ഇത് എല്ലാ മാസവും സംഭവിക്കാമെന്ന്, ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റട്രിഷനുമായ ഡോ. പ്രതിമ താംകെ പറഞ്ഞു.

തലവേദനയുടെ കാരണങ്ങൾ എന്ത്?

“മൈഗ്രെയ്നുകൾ ഈസ്ട്രജന്റെ അളവിൽ വരുന്ന വ്യത്യാസത്തിനാലാണ് സംഭവിക്കുന്നതെന്നാണ് വിദ്ഗധരുടെ അഭിപ്രായം. ആർത്തവത്തിന് മുൻപ് ഈസ്ട്രജൻ അളവ് കുറയുന്നത് ഇത്തരത്തിലുള്ള തലവേദനകൾക്ക് കാരണമാകാം,” ഡോ. പ്രതിമ പറഞ്ഞു.

ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഇതിന് കാരണമാകാം. ഗുളിക കഴിക്കാത്ത ദിവസങ്ങളിൽ ഈസ്ട്രജൻ ലെവൽ കുറയുന്നതിനാൽ തലവേദനയ്ക്ക് സാധ്യതയുണ്ടെന്നു ഡോ. ഭാഗ്യലക്ഷ്മി പറയുന്നു. ആർത്തവവിരാമത്തിനും ഗർഭിണിയായശേഷമുള്ള ആദ്യ മൂന്നു മാസങ്ങളിലും തലവേദന രൂക്ഷമാകാമെന്നും ഡോ.ഭാഗ്യലക്ഷി പറയുന്നു. ആർത്തവവിരാമത്തിന് മുൻപായി തലവേദന കൂടുതലായി ഉണ്ടാകാമെന്നും ഈസ്ട്രജൻ, പ്രോജസ്ട്രോൺ ലെവലുകളിലെ കുറവ് കാരണം ഗർഭിണിയായശേഷമുള്ള ആദ്യ മൂന്നു മാസങ്ങളിൽ കടുത്ത തലവേദനയുണ്ടാകാമെന്നും ഡോ.ഭാഗ്യലക്ഷ്മി പറഞ്ഞു.

ലക്ഷണങ്ങൾ

ചൂട് അനുഭവപ്പെടാം
വിശപ്പിലായ്മ
തലചുറ്റൽ
ക്ഷീണം
ഓക്കാനം
ഛർദ്ദി
അതിസാരം
വെളിച്ചം, ശബ്ദം, മണം എന്നിവയോടുള്ള ബുദ്ധിമുട്ട്

പ്രതിരോധം എങ്ങനെ?

കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുക. ഭക്ഷണം കഴിക്കാതിരിക്കുന്നതും നോമ്പെടുക്കുന്നതും തലവേദനയെടുക്കുന്നതിന് കാരണമാകാം

കൃത്യമായി ഉറങ്ങണം.

സമ്മർദവും ഉത്കണ്ഠയും ഒഴിവാക്കുക. വ്യായാമം, യോഗ, എന്നിവ ശീലമാക്കാം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Do you suffer headaches before and during your periods