നല്ല ക്ഷീണം തോന്നുന്നുവെന്ന് നമുക്ക് ചുറ്റുമുള്ള പലരും പറഞ്ഞു കേൾക്കാറുണ്ട്. ജോലി ഭാരമോ അല്ലെങ്കിൽ രോഗങ്ങൾ മൂലമോ ഒക്കെ ക്ഷീണം തോന്നാം. എന്നാൽ ഇതിനു പുറമേ ക്ഷീണത്തിനു പിന്നിൽ മറ്റു ചില കാരണങ്ങളുമുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറയുന്നു.
എപ്പോഴും നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ? അതിനുള്ള 5 കാരണങ്ങൾ ഇതാവാമെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ ബത്ര പറഞ്ഞിരിക്കുന്നത്.
- നിർജ്ജലീകരണം
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിൽ പകുതിയും പരിഹരിക്കും. ചർമ്മത്തിന്റെ ആരോഗ്യം മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു. കുറച്ച് വെള്ളം കുടിക്കുമ്പോൾ നിർജ്ജലീകരണം സംഭവിക്കും, ഇത് കുറഞ്ഞ ഊർജ്ജ നിലയ്ക്കും കാരണമാകുന്നു.
- ആരോഗ്യകരമായ ഭക്ഷണക്രമത്തിന് ശ്രദ്ധ നൽകുന്നില്ല
ഭക്ഷണക്രമവും ക്ഷീണത്തിന് കാരണമാകുന്നു. അവശ്യ പോഷകങ്ങൾ കുറവുള്ള അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ (ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ, ശുദ്ധീകരിച്ച എണ്ണകൾ, ഉപ്പ് അല്ലെങ്കിൽ പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണം) കഴിക്കുന്നത് കലോറിയുടെയും പോഷകങ്ങളുടെയും കുറവിന് കാരണമാകും. ഇത് ക്ഷീണത്തിന് ഇടയാക്കും.
- പോഷകങ്ങളുടെ അപര്യാപ്തത
പോഷകങ്ങളുടെ കുറവ് നിങ്ങളെ അനുദിനം ക്ഷീണിതരാക്കും. വിറ്റാമിൻ ഡി, വിറ്റാമിൻ ബി-12, ഇരുമ്പ്, മഗ്നീഷ്യം അല്ലെങ്കിൽ പൊട്ടാസ്യം എന്നിവയുടെ കുറഞ്ഞ അളവ് ക്ഷീണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ ഇവയുടെ അളവുകൾ പരിശോധിക്കണം.
- ആവശ്യത്തിന് ഉറക്കം ലഭിക്കുന്നില്ല
ആവശ്യത്തിന് ഉറക്കം ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ നമ്മളിൽ പലർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല, ഇത് ക്ഷീണമുണ്ടാക്കും.
- അമിത സമ്മർദ്ദം അല്ലെങ്കിൽ അമിത ജോലി
അമിത സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുടെ വർധനവിന് കാരണമാകുന്നു. അമിത ജോലിയും ക്ഷീണത്തിന് കാരണമാണ്.
നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ, കാരണം കണ്ടെത്തുന്നതിന് ഡോക്ടറെ സമീപിക്കണമെന്നും ബത്ര നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ക്ഷീണം അകറ്റാൻ തുളസി ഇല ചേർത്ത ചായ കുടിക്കൂ