പലരും തലകറക്കം അല്ലെങ്കിൽ ക്ഷീണം പോലെയുള്ള പ്രശ്നങ്ങളെ അവഗണിക്കാറുണ്ട്. എന്നാൽ അവ ചിലപ്പോൾ മറ്റു ആരോഗ്യ അവസ്ഥകളുടെ സൂചനകളാകാം എന്നതിനാൽ അവ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. “ഒരു രോഗാവസ്ഥയും കൂടാതെ തലകറക്കം അനുഭവപ്പെടുന്നത് ചിലപ്പോൾ രക്തസമ്മർദ്ദം കുറയുന്നത് കാരണമാകാം,” ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറയുന്നു
ഈ രോഗലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിങ്ങളുടെ ഭക്ഷണക്രമം എങ്ങനെ നിർണായക പങ്ക് വഹിക്കുമെന്ന് ഗരിമ പറയുന്നു. സാധാരണ ആരോഗ്യമുള്ള ഒരു വ്യക്തിയിൽ ഇങ്ങനെ പതിവായി സംഭവിക്കുകയാണെങ്കിൽ, ഉയർന്ന കാർബോഹൈഡ്രേറ്റും ഇലക്ട്രോലൈറ്റും അടങ്ങിയ ലഘുഭക്ഷണം ആവശ്യമാണ് എന്നാണ് അത് അർഥമാക്കുന്നത്.
അതിനായി ആപ്പിൾ, ഏത്തപ്പഴം, നാരങ്ങ നീര് എന്നിവ കഴിക്കാവുന്നതാണ്. സാധാരണ പാരാമീറ്റർ 15:15 എന്നതാണ്. അതായത് 15 ഗ്രാം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ലഘുഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്ത് 15 മിനിറ്റ് കാത്തിരിക്കുക.
ആരോഗ്യവാനായ ഒരാൾ ഈ സമയത്ത് സ്വയം സുഖം പ്രാപിക്കുന്നു. എന്നാൽ നിങ്ങൾ ഒരു പ്രമേഹരോഗിയാണെങ്കിൽ, കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുക.
തലകറക്കം പോലുള്ളവയിൽനിന്നു എളുപ്പത്തിൽ രക്ഷനേടാനും ഊർജവും സ്ഥിരതയും വീണ്ടെടുക്കാനും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഭക്ഷണങ്ങൾ ഗരിമ പങ്കുവച്ചു.
ഗ്ലൂക്കോസ്: ഒരു ഗ്ലാസ് വെള്ളത്തിൽ 3 ടീസ്പൂൺ (1 ടേബിൾസ്പൂൺ) ഗ്ലൂക്കോസ് ചേർക്കുക. 15 മിനിറ്റിനുള്ളിൽ ഊർജ്ജസ്വലത അനുഭവപ്പെടും. “മസ്തിഷ്ക കോശങ്ങൾ നേരിട്ട് ആഗിരണം ചെയ്യുന്ന ഊർജ്ജത്തിന്റെ രൂപമാണ് ഗ്ലൂക്കോസ്. വ്യായാമത്തിന് മുൻപ് ഗ്ലൂക്കോസ് കഴിക്കുന്നത് വ്യായാമത്തിന് ശേഷമുള്ള തലചുറ്റല്‍ ഒഴിവാക്കാൻ സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,” ഗരിമ പറഞ്ഞു.
വെള്ളം: ചിലപ്പോൾ നിർജ്ജലീകരണം തലകറക്കത്തിന് കാരണമായേക്കാം. ഒരു ഗ്ലാസ് വെള്ളം മിക്ക പ്രശ്നങ്ങളും പരിഹരിക്കുന്നു. “ശരീരത്തിൽ ആവശ്യത്തിന് ജലാംശം നൽകുന്നത് വളരെ പ്രധാനമാണ്.”
ആപ്പിൾ സോസ്: ആപ്പിൾ സോസ് ആപ്പിളിന്റെ പ്യൂരിയെ സൂചിപ്പിക്കുന്നു. ആപ്പിൾ സോസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിപ്പിക്കും, വിദഗ്ധ പങ്കുവെച്ചു. “ആപ്പിൾ സോസിന്റെ ഗ്ലൈസെമിക് സൂചിക 53 ആണ്. ആപ്പിളിന്റെത് 38. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിന് ഒരു ടീസ്പൂൺ ആപ്പിൾ സോസ് കഴിക്കുന്നത് ആരോഗ്യകരമായ ഒരു നിർദ്ദേശമാണ്. കൂടാതെ, തലകറക്കം കുറയ്ക്കാൻ സഹായിക്കുന്ന വിവിധ ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.
ഇലക്കറികൾ: വിളർച്ചയുള്ള സ്ത്രീകളിൽ തലകറക്കം കൂടുതലായി ഉണ്ടാകാറുണ്ട്. അതിനാൽ, പച്ച ഇലക്കറികൾ പോലുള്ള ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്.
ഉണക്കമുന്തിരി: ഒരു പിടി ഉണക്കമുന്തിരി കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുന്ന ലഘുഭക്ഷണമായി പ്രവർത്തിക്കും.
ഏത്തപ്പഴം: കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ളതും ഉയർന്ന ഗ്ലൈസെമിക് സൂചികയും ഉള്ളതിനാൽ, പൊട്ടാസ്യത്തിന്റെയും പഞ്ചസാരയുടെയും നല്ല സംയോജനമായതിനാൽ തലചുറ്റലിൽനിന്ന് വേഗത്തിൽ കരകയറാൻ ഏത്തപ്പഴം സഹായിക്കും.
തൈര്: തൈര് ഒരാളുടെ ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് റിയാക്ടീവ് ഹൈപ്പോഗ്ലൈസീമിയ ഉള്ളവർക്ക്. “കൂടാതെ, ഇത് ഭക്ഷണത്തിൽ പ്രോട്ടീൻ, കാൽസ്യം, മറ്റ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ എന്നിവ ചേർക്കുന്നു,” പോഷകാഹാര വിദഗ്ധ പറഞ്ഞു.
മധുരക്കിഴങ്ങ്: കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതിനാൽ പഞ്ചസാരയുടെ അളവിൽ വളരെക്കാലം സ്ഥിരത നിലനിർത്തുന്ന മികച്ച ലഘുഭക്ഷണ ഓപ്ഷനാണ്.
ഗരിമ പങ്കിട്ട മറ്റ് ചില നുറുങ്ങുകൾ
- ഭക്ഷണങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകൾ തലചുറ്റലിന് കാരണമായേക്കാം. അതിനാൽ, ഓരോ 2-3 മണിക്കൂറിലും ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.
- ആനുപാതികമായ അളവിൽ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. മിതമായ അളവിലുള്ള എല്ലാ ഭക്ഷണ ഗ്രൂപ്പുകളും ശരീരത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്നതിൽ പങ്ക് വഹിക്കുന്നു.
- കഫീൻ കഴിക്കുന്നത് പരിമിതപ്പെടുത്തുക, കാരണം ഇത് ഹൈപ്പോഗ്ലൈസെമിക് ലക്ഷണങ്ങൾക്ക് കാരണമായേക്കാം അല്ലെങ്കിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും, ഇത് തലകറക്കത്തിലേക്ക് നയിക്കുന്നു.
- മദ്യം ഒഴിവാക്കുക, കാരണം നിങ്ങൾ ഭക്ഷണം കഴിക്കാതെ മദ്യം കുടിച്ചാൽ അത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയും.
- രക്തത്തിലെ ഗ്ലൂക്കോസ് കുറയുന്നത് പരിമിതപ്പെടുത്താൻ ഉയർന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
- പെട്ടെന്നുള്ള ഷുഗർ ഡിപ്സ് അല്ലെങ്കിൽ ഷൂട്ട്-അപ്പ് ഒഴിവാക്കാൻ കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.